ബംഗളുരു : സെമിയ്ക്ക് സമാനമായി ഫൈനലിലും പെനാൽറ്റി ഷൂട്ടൗട്ടിലെ മാസ്മരിക പ്രകടനവുമായി ഇന്ത്യ വീണ്ടും സാഫ് കപ്പുയർത്തി. ബംഗളുരുവിൽ നടന്ന ഫൈനലിൽ കുവൈറ്റിന്റെ ആറാമത്തെ പെനാൽറ്റി കിക്ക് തട്ടികയകറ്റിയ ഗോളി ഗുർപ്രീത് സന്ധുവാണ് ഇന്ത്യയ്ക്ക് ഒമ്പതാം കിരീടം സമ്മാനിച്ചത്. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞതിനെത്തുടർന്നാണ്ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ ജയം. നേരത്തേ 14-ാം മിനിട്ടിൽ അൽ ഖൽദിയാണ് കുവൈറ്റിനായി സ്കോർ ചെയ്തത്. 39-ാം മിനിട്ടിൽ ലാലിയൻ സുവാലചാംഗ്തെ കളി സമനിലയിലാക്കി.
മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദിനെയും ആഷിഖ് കുരുണിയനെയും ഫസ്റ്റ് ഇലവനിലിറക്കിയാണ് ഇന്ത്യ കളി തുടങ്ങിയത്. നാലാം മിനിട്ടിൽ ആഷിഖും ആകാശ് മിശ്രയും ചേർന്ന് നടത്തിയ ഒരുമുന്നേറ്റത്തിനൊടുവിൽ സുനിൽ ഛെത്രിയുടെ ഹെഡർ കുവൈറ്റ് ഗോളി സേവ് ചെയ്യുന്നത് കണ്ടാണ് കളി ചൂടുപിടിച്ചത്. ഏഴാം മിനിട്ടിൽ ആദ്യ കോർണർ നേടിയെടുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞെങ്കിലും അത് പ്രയോജനപ്പെടുത്താനായില്ല.
14-ാം മിനിട്ടിലാണ് ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കുവൈറ്റ് സ്കോർ ചെയ്തത്. വലത് വിംഗിലൂടെ ബോക്സിലേക്ക് കടന്നുകയറിയ അബ്ദുള്ള അൽബലൗഷി നൽകിയ ലോ ക്രോസാണ് ഇന്ത്യൻ പ്രതിരോധത്തെ നിർവീര്യമാക്കി അൽ ഖൽദി ഗോളാക്കിമാറ്റിയത്.
സ്വന്തം വലയിൽ ഗോൾ വീണതോടെ ഇന്ത്യൻ താരങ്ങൾ സടകുടഞ്ഞെണീറ്റു. രണ്ട് മിനിട്ടിനുള്ളിൽ മറുവശത്ത് പ്രത്യാക്രമണവുമായി ഇന്ത്യൻ നിരയെത്തി. ലാലിയൻസുവാല ചാംഗ്തെ നെഞ്ചുകൊണ്ട് തടുത്ത് ഛെത്രിക്ക് നൽകിയ പന്തിൽ നിന്ന് തൊടുത്ത ഷോട്ടും കുവൈറ്റ് ഗോളി തടുക്കുകയായിരുന്നു.28-ാം മിനിട്ടിൽ സന്ദേശ് ജിംഗാന് മഞ്ഞക്കാർഡ് കണ്ടു.
39-ാം മിനിട്ടിലാണ് കളി സമനിലയിലാക്കിയ ചാംഗ്തെയുടെ ഗോൾ പിറന്നത്. ആഷിഖും സഹലുമായിരുന്നു ഈ ഗോളിന് പിന്നിൽ പ്രവർത്തിച്ചത്. ആഷിഖ് കൊണ്ടുവന്ന പന്ത് സഹലിന് കൈമാറുകയായിരുന്നു. സഹലിൽ നിന്ന് പാകത്തിന് കിട്ടിയ പാസ് ചാംഗ്തെ വലയിലാക്കി. ആദ്യ പകുതിയിൽ 1-1എന്ന സ്കോറിന് സമനിലയിൽ പിരിയുകയായിരുന്നു.
രണ്ടാം പകുതിയിൽ ഇന്ത്യ ഗോളടിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ പരുക്കനായി പ്രതിരോധിച്ച കുവൈറ്റ് ഓരോ ഇന്ത്യൻ ശ്രമത്തിന്റെയും മുനയൊടിച്ചുകൊണ്ടേയിരുന്നു. ആറ് ഇന്ത്യൻ താരങ്ങളും മഞ്ഞക്കാർഡ് വാങ്ങി . 62-ാം മിനിട്ടിലും 77-ാം മിനിട്ടിലും 83-ാം മിനിട്ടിലും കിട്ടിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ചാംഗ്തെയ്ക്ക് കഴിഞ്ഞില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |