കൽപ്പറ്റ: വിദ്യാർത്ഥിനികളുടെ പരാതിയിൽ സ്‌കൂൾ കായിക അദ്ധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ. വയനാട് മേപ്പാടി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനായ പുത്തൂർവയൽ താഴംപറമ്പിൽ ജോണിയാണ് (50) പിടിയിലായത്. കഴിഞ്ഞ ദിവസം സ്‌കൂൾ വിട്ടതിന് പിന്നാലെ അഞ്ച് വിദ്യാർത്ഥിനികൾ മേപ്പാടി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി എസ് എച്ച് ഒയോട് പരാതിപ്പെടുകയായിരുന്നു.
സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം കായികാദ്ധ്യാപകനായ ജോണി മോശമായ രീതിയിൽ പെരുമാറിയെന്നും ലെെംഗികച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു വിദ്യാർത്ഥിനികളുടെ പരാതി. തുടർന്ന് പൊലീസ് കേസെടുക്കുകയും അദ്ധ്യാപകനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സ്‌കൂൾ അധികൃതരിൽ നിന്നും വിവരം തേടും.
നേരത്തെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലും ജോണി പ്രതിയായിരുന്നു. കുട്ടികൾക്ക് പരാതി തുറന്നുപറയാനായി സ്കൂളിൽ കൗൺസിലിംഗ് സംഘടിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |