SignIn
Kerala Kaumudi Online
Wednesday, 17 July 2024 5.58 AM IST

സ്വാഗതാർഹമായ തീരുമാനം

editorial-

ആശ്രിത നിയമനം അർഹതയുടെ പേരിലല്ല, കാരുണ്യത്തിന്റെ പേരിലാണ് സർക്കാർ നല്‌കുന്നത്. ഇങ്ങനെ ജോലി ലഭിക്കുന്നവർ തങ്ങളുടെ ആശ്രിതരോട് കാരുണ്യമില്ലാതെ പെരുമാറിയാൽ നടപടി സ്വീകരിക്കാൻ ഇതുവരെ സർക്കാരിന് കഴിയുമായിരുന്നില്ല. ആശ്രിത നിയമനം ലഭിച്ചവർ സംരക്ഷിക്കുന്നില്ലെന്ന നിരവധി പരാതികൾ സർക്കാരിന് ലഭിച്ചിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ആശ്രിതനിയമനം ലഭിച്ചശേഷം ആശ്രിതരെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 25 ശതമാനം പിടിച്ചെടുത്ത് അർഹരായവർക്ക് നല്‌കാനുള്ള തീരുമാനം മന്ത്രിസഭായോഗം എടുത്തത്. തികച്ചും സ്വാഗതാർഹമായ തീരുമാനമാണിത്. ഇപ്പോൾ ഇത് സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ബാധകം. ഭാവിയിൽ ഇത് കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൂടി ബാധകമാക്കേണ്ടതാണ്.

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് സർക്കാർ ആശ്രിത നിയമനം നല്‌കുന്നത്. ആശ്രിതരെ സംരക്ഷിക്കാമെന്ന സത്യവാങ്‌‌മൂലവും വാങ്ങും. എന്നാൽ ജോലി ലഭിച്ചുകഴിഞ്ഞാൽ ആശ്രിതരെ സംരക്ഷിക്കാത്തവരുടെ എണ്ണം സമീപകാലത്തായി വർദ്ധിച്ചുവരികയായിരുന്നു. ഇത്തരം പരാതികൾ ശ്രദ്ധയിൽപ്പെട്ട റവന്യു ഉദ്യോഗസ്ഥൻ കെ. ചന്ദ്രദാസ് നടത്തിയ ശ്രമമാണ് ഇത്തരമൊരു നിയമ ഭേദഗതിക്ക് സർക്കാരിനെ പ്രേരിപ്പിച്ചത്. ചന്ദ്രദാസ് ആലപ്പുഴ കളക്ട്രേറ്റിൽ സീനിയർ ക്ളാർക്കായി ജോലിചെയ്യുമ്പോൾ ആശ്രിത നിയമനം ലഭിച്ചവർ അവഗണിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നു. ആശ്രിത നിയമനത്തിലൂടെ തഹസിൽദാർ തസ്‌തികയിൽ വരെ എത്തിയ ഉദ്യോഗസ്ഥനെതിരെയും പരാതി വന്നിരുന്നു. ഇതിനൊരു പരിഹാരം കാണാൻ ആലപ്പുഴ കളക്ടർ വഴി നടത്തിയ രണ്ടാമത്തെ നിർദ്ദേശത്തിലാണ് ആശ്രിതരെ സംരക്ഷിക്കാത്തവരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിടിച്ചെടുത്ത് അർഹരായവർക്ക് നല്‌കണമെന്ന് അഭ്യർത്ഥിച്ചത്. ഈ നിർദ്ദേശം സർക്കാർ സ്വീകരിച്ചെങ്കിലും അതിന്റെ ഫയൽ പൂഴ്‌ത്തിവയ്‌ക്കാനുള്ള ശ്രമങ്ങളെത്തുടർന്ന് ഒരു വർഷത്തോളം വൈകി ഇപ്പോഴാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. അതിനാൽ ഈ തീരുമാനത്തിന്റെ കീർത്തി സർക്കാരിനൊപ്പം ചന്ദ്രദാസിനും അവകാശപ്പെട്ടതാണ്. ചില ഒറ്റയാൾ പോരാട്ടങ്ങൾ അനീതികളെ ചെറുക്കാൻ പര്യാപ്തമാകുമെന്ന് തെളിയിക്കുന്നതു കൂടിയാണ് ഈ നിയമഭേദഗതി.

കേരളത്തെ പിന്തുടർന്ന് തമിഴ്‌നാടും ഈ നിയമ ഭേദഗതി കൊണ്ടുവന്നേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ചന്ദ്രദാസ് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അതിന് തമിഴ്‌നാട് അഡിഷണൽ ചീഫ് സെക്രട്ടറി അയച്ച മറുപടിയിലാണ് വൈകാതെ തമിഴ്‌നാട്ടിലും ഇത്തരം ഭേദഗതി നടപ്പാക്കുമെന്ന സൂചനയുള്ളത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും പിന്തുടരാവുന്ന ഒരു മാതൃകയാണിത്. ആശ്രിത സംരക്ഷണം സംബന്ധിച്ച് കേരളം വരുത്തിയ നിയമ ഭേദഗതി വിശദീകരിച്ചുകൊണ്ട് സംസ്ഥാന ചീഫ് സെക്രട്ടറി മറ്റ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ അറിയിച്ചാൽ അവരും ഈ മാതൃക പിന്തുടരാൻ മടിക്കില്ലെന്നുതന്നെ കരുതാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 25 PERCENT SALARY CUT GOVERNMENT EMPLOYEES WHO DO NOT PROTECT THEIR DEPENDENTS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.