ദുബായ് :ഇന്ത്യൻ രൂപയ്‌ക്ക് അന്താരാഷ്ട്ര കറൻസിയുടെ പദവി നേടാനുള്ള നീക്കങ്ങളുടെ ഭാഗമായി യു. എ. ഇയുമായുള്ള ഇടപാടുകൾക്ക് രൂപയും ദിർഹവും ഉപയോഗിക്കാനുള്ള ധാരണാപത്രത്തിൽ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയും യു.എ.ഇ സെൻട്രൽ ബാങ്കും ഒപ്പിട്ടു.
ഇന്ത്യയുടെ യു.പി.ഐയും (യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് ) യു.എ.ഇയുടെ ഇൻസ്റ്റന്റ് പേയ്മെന്റ് പ്ലാറ്റ്ഫോമും (ഐ.പി.പി ) ബന്ധിപ്പിക്കുന്നതോടെ ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് പണമിടപാടുകൾ എളുപ്പമാവും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും കൂടിക്കാഴ്ചാ വേളയിലാണ് നടപടികൾ സ്വീകരിച്ചത്.
ഡൽഹി ഐ.ഐ.ടിയുടെ കാമ്പസ് അബുദാബിയിൽ സ്ഥാപിക്കും. വരുന്ന ജനുവരിയിൽ മാസ്റ്റേഴ്സ് കോഴ്സുകളും 2024 സെപ്തംബറിൽ ബാച്ചിലർ കോഴ്സും തുടങ്ങും.വിദേശത്തെ രണ്ടാമത്തെ ഇന്ത്യൻ ഐ.ഐ.ടി കാമ്പസാവും ഇത്. ഐ.ഐ.ടി മദ്രാസിന്റെ ഗ്ലോബൽ കാമ്പസ് ടാൻസാനിയയിലെ സാൻസിബാറിൽ തുടങ്ങുന്നുണ്ട്.
ഇന്ത്യയുടെ റുപേ കാർഡും യു.എ.ഇയുടെ യു.എ.ഇ സ്വിച്ച് കാർഡും ഇരുരാജ്യങ്ങളുടെയും പേയ്മെന്റ് മെസേജിംഗ് സിസ്റ്റവും ബന്ധിക്കും.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറിന് മുകളിലേക്ക് ഉയർത്തും. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, പ്രതിരോധം, സാംസ്കാരികം തുടങ്ങിയ മേഖലകളിലും സഹകരണം ശക്തമാക്കാൻ തീരുമാനിച്ചു.
ഫ്രാൻസ് സന്ദർശനത്തിന് ശേഷം ഇന്നലെ രാവിലെ അബുദാബി വിമാനത്താവളത്തിലെത്തിയ മോദിയെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ വരവേൽപ്പ് നൽകി.
ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് പ്രത്യേകാതിഥിയായി യു.എ.ഇ പ്രസിഡന്റിനെ ക്ഷണിച്ചു. വൈകിട്ടോടെ മോദി ഇന്ത്യയിലേക്ക് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |