കരുത്തായത് കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ താത്പര്യം
കൊച്ചി: സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കേന്ദ്ര ബാങ്കുകൾ ആവേശത്തോടെ വാങ്ങി കൂട്ടിയതോടെ ആറ് വർഷത്തിനിടെ സ്വർണ വില 200 ശതമാനത്തിലധികം ഉയർന്നു. ആഗോള ധനകാര്യ മേഖലയിലെ അനിശ്ചിതത്വങ്ങളും നാണയപ്പെരുപ്പ ഭീഷണിയുമാണ് സ്വർണത്തിലേക്ക് പണമൊഴുക്ക് വർദ്ധിപ്പിച്ചത്. ഇതോടൊപ്പം പശ്ചിമേഷ്യ, യുക്രെയിൻ എന്നിവിടങ്ങളിലെ രാഷ്‌ട്രീയ സംഘർഷങ്ങളും സ്വർണത്തെ നിക്ഷേപകർക്ക് പ്രിയങ്കരമാക്കി. ഓഹരി, നാണയ വിപണികളേക്കാൾ മികച്ച വരുമാനമാണ് ഇക്കാലയളവിൽ സ്വർണം നിക്ഷേപകർക്ക് നൽകിയത്. 2019 മേയിൽ പത്ത് ഗ്രാമിന് 30,000 രൂപയായിരുന്ന സ്വർണ വില മൾട്ടി കമ്മോഡിറ്റി എക്‌സ്ചേഞ്ചിൽ ഇന്നലെ 1,00,454 രൂപയിലെത്തി.
സാമ്പത്തിക മേഖലയിലെ ഉണർവിന്റെ പിൻബലത്തിൽ ഇന്ത്യയും ചൈനയുമടക്കമുള്ള പ്രധാന വിപണികളിൽ ചെറുകിട നിക്ഷേപകരുടെ ഉപഭോഗം ഉയർന്നതും സ്വർണ വിലയ്ക്ക് കരുത്തായി. ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധം ശക്തമായതോടെ ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകൾ വിദേശ നാണയ ശേഖരത്തിൽ ഡോളർ ഒഴിവാക്കി സ്വർണം ഉൾപ്പെടുത്തുന്നതാണ് വിലയിൽ കുതിപ്പുണ്ടാക്കുന്നത്. ഇന്ത്യയിലെ റിസർവ് ബാങ്കും ചൈനയിലെ സെൻട്രൽ ബാങ്കും അടക്കമുള്ളവർ സ്വർണ ശേഖരം ഇക്കാലയളവിൽ കുത്തനെ വർദ്ധിപ്പിച്ചു.
സ്വർണക്കരുത്ത്
1. സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടെയിലെ ഏറ്റവും സുരക്ഷിത നിക്ഷേപമാണ് സ്വർണം
2. പശ്ചിമേഷ്യയിലെ യുദ്ധവും നാണയപ്പെരുപ്പവും മറികടക്കാൻ നിക്ഷേപകർ സ്വർണത്തിലേക്ക് പണമൊഴുക്കി
3. തീരുവ യുദ്ധം ശക്തമായതോടെ ഡോളറിനെ തഴഞ്ഞ് കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നു
4. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കുന്നതും പിന്തുണയായി
വില കുതിപ്പ് തുടർന്നേക്കും
ആഗസ്‌റ്റ് ഒന്ന് മുതൽ ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കം നടപ്പിലാകുന്നതോടെ ആഗോള വ്യാപാര അനിശ്ചിതത്വം ശക്തമാകുമെന്നാണ് വിലയിരുത്തുന്നത്. ജപ്പാൻ, വിയറ്റ്‌നാം, ഇന്തോനേഷ്യ, യു.കെ എന്നീ ചുരുക്കം രാജ്യങ്ങൾ മാത്രമാണ് ഇതുവരെ യു.എസുമായി വ്യാപാര കരാർ ഒപ്പുവച്ചിട്ടുള്ളത്. ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവരുമായി വ്യാപാര കരാറുകളിൽ ഇതുവരെ ധാരണയായിട്ടില്ല. അതിനാൽ ആഗോള തലത്തിൽ നാണയപ്പെരുപ്പം രൂക്ഷമാകാൻ ഇടയുണ്ട്. രാജ്യാന്തര വിപണിയിൽ സ്വർണ വില 3,500 ഡോളർ കടന്ന് മുന്നേറുമെന്നാണ് വിലയിരുത്തുന്നത്.
നടപ്പുവർഷത്തെ നേട്ടം
സൂചിക നിക്ഷേപകർക്ക് ലഭിച്ച ലാഭം
നിഫ്‌റ്റി 50 6.12 ശതമാനം
സെൻസെക്സ് 5.20 ശതമാനം
സ്വർണം 31 ശതമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |