നമ്മുക്കിടയിൽ ജീവിക്കുന്ന ഓരോ സ്ത്രീയും, ഓരോ പെൺകുട്ടിയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, മാനസികമായോ ശാരീരികമായോ ഉള്ള പീഡനങ്ങളെ അതിജീവിച്ചവരാണ്. അത് മനസിലാക്കി അവരെ ചേർത്ത് പിടിക്കേണ്ടതിന് പകരം അവരെ കുറ്റപ്പെടുത്തുകയാണ് പലരും ചെയ്യുക. എന്നാൽ ആ കുറ്റപ്പെടുത്തലിനിടയിലും അതിനെയെല്ലാം അതിജീവിച്ച് ജീവിതം വിജയം നേടുന്ന അനവധി സ്ത്രീകളുണ്ട്. അത്തരം ഒരാളുടെ അനുഭവകഥയാണ് ഇവിടെ പറയുന്നത്. പേര് വെളിപ്പെടുത്താത്ത മുംബയിലെ ഈ പെൺകുട്ടി പറയുന്നത് കേൾക്കാം.
'എന്റെ അമ്മ വളരെ ചെറുപ്പത്തിലാണ് അച്ഛനോടൊപ്പം ഒളിച്ചോടിയത്. എന്നാൽ അച്ഛന് മറ്റ് ഭാര്യമാരും അവരിൽ കുട്ടികളും ഉണ്ടെന്ന് ഏറെ വൈകിയാണ് അമ്മ മനസിലാക്കിയത്. ആ വിവാഹ ജീവിതത്തിൽ അമ്മ ഒട്ടും സന്തോഷവതിയായിരുന്നില്ല. വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തേക്ക് കുട്ടികളെ വേണ്ടെന്ന് പോലും അയാൾ എന്റെ അമ്മയോട് പറഞ്ഞിരുന്നു. തുടർന്ന് ഞാൻ നാലാം ക്ലാസിൽ ആയിരുന്നപ്പോൾ അമ്മ അയാളെ ഉപേക്ഷിച്ചു. അധികം താമസിയാതെ തന്നെ മറ്റൊരാളുമായി അമ്മ പ്രണയത്തിലായി. ഇയാൾ ഏറെ നാളുകളായി അമ്മയോട് വിവാഹാഭ്യർത്ഥന നടത്തികൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ അമ്മ അയാളെ കല്യാണം കഴിച്ചു. അയാൾ ഒരു നല്ല മനുഷ്യനായിരുന്നു. അല്ലെങ്കിൽ അങ്ങനെയായിരുന്നു ഞാൻ കരുതിയിരുന്നത്. പക്ഷെ എന്റെ ആ ചിന്ത ആസ്ഥാനത്തായിരുന്നു.
അമ്മ എന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ വളരെ സ്വാഭാവികമായി എന്നോട് പെരുമാറിയിരുന്ന അയാൾ അമ്മയുടെ അസാന്നിദ്ധ്യത്തിൽ ലൈംഗികമായി എന്നെ സമീപിക്കാൻ തുടങ്ങി. എന്നാൽ അച്ഛന്മാർ മക്കളോട് ഈ വിധമാണ് പെരുമാറുക എന്നാണ് പക്വത എത്താത്ത ഞാൻ അപ്പോൾ കരുതിയത്. പതുക്കെ ഞാൻ മനസിലാക്കി, ഒരു മകളോട് പെരുമാറാൻ പാടില്ലാത്ത രീതിയിലാണ് അയാൾ എന്നോട് ഇടപഴകുന്നതെന്ന്.
ഞാൻ അഞ്ചാം ക്‌ളാസിലായിരുന്നപ്പോഴാണ് ഉറങ്ങികിടന്ന എന്നെ ആദ്യമായി അയാൾ പീഡിപ്പിക്കാൻ ശ്രമിക്കുന്നത്. ഞെട്ടിയുണർന്ന ഞാൻ പേടിച്ച് ഉടൻ തന്നെ അടുത്തുള്ള മുറിയിൽ കയറി വാതിലടച്ച് കുറ്റിയിട്ടു. സംഭവിച്ച കാര്യം എങ്ങനെയാണ് എന്റെ അമ്മയോട് പറയേണ്ടത് എന്നതിനെ കുറിച്ച് എനിക്ക് യാതൊരു രൂപവും ഇല്ലായിരുന്നു. അധികം താമസിയാതെ എന്നെ അവർ ബോർഡിങ് സ്‌കൂളിലാക്കി. ആ സംഭവം ഞാൻ പതുക്കെ മറക്കാൻ തുടങ്ങി.
എന്നാൽ അയാൾ സ്വപ്നങ്ങളിലൂടെ എന്നെ വീണ്ടും വേട്ടയാടാൻ തുടങ്ങി. സ്വപ്നത്തിൽ പലരും എന്റെ വസ്ത്രമഴിക്കാൻ ശ്രമിക്കുന്നതും, എന്നെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതും ഞാൻ കണ്ടു. വീട്ടിലെത്തിയ ശേഷം ഞാൻ ഇക്കാര്യം എന്റെ അമ്മയോട് പറയാൻ ശ്രമിച്ചുവങ്കിലും ഞാൻ കള്ളം പറയുകയാണെന്നാണ് അമ്മ പറഞ്ഞത്. എനിക്കാരോടെങ്കിലും ഇക്കാര്യം തുറന്ന് പറയണമായിരുന്നു. എനിക്ക് അത് ആവശ്യമായിരുന്നു.
അതിന് ഞാൻ കണ്ടെത്തിയ വഴി കലയായിരുന്നു. ഞാൻ എനിക്ക് സംഭവിച്ച കാര്യങ്ങളെല്ലാം ഒരു നാടകത്തിന്റെ രൂപത്തിൽ എഴുതി. എന്നിട്ട്, സ്‌കൂളിൽ എല്ലാവരുടേയും മുൻപിൽ ഞാൻ എന്റെ ജീവിതം തന്നെ അഭിനയിച്ച് കാണിച്ചു.
വിഷമം സഹിക്കാനാകാതെ ഞാൻ നാടകത്തിന്റെ ഇടയ്ക്ക് പൊട്ടികരയുക പോലും ചെയ്തു. ഇതിന്റെ വീഡിയോ പലയിടത്തും പ്രചരിച്ചതിനെ തുടർന്ന് ദൃശ്യ മാദ്ധ്യമങ്ങൾ ഞാനുമായി ബന്ധപെട്ടു. പക്ഷെ അവർക്ക് വാർത്തകൾ മാത്രമാണ് വേണ്ടിയിരുന്നത്. എന്റെ ദുഃഖം മനസിലാക്കാനോ യഥാർത്ഥ സംഭവം പുറത്ത് കൊണ്ടുവരാനോ അവർക്ക് താത്പര്യം ഉണ്ടായിരുന്നില്ല. എന്റെ സമ്മതമില്ലാതെ തന്നെ അവർ വാർത്തകൾ നൽകി. അങ്ങനെ സംഭവം എന്റെ അമ്മയുടെ ചെവിയിലുമെത്തി. എന്നാൽ എന്നെ ആശ്വസിപ്പിക്കുന്നതിന് പകരം അമ്മ എന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് അവർ എന്നെ ഒറ്റപ്പെടുത്താൻ തുടങ്ങി.
ലൈംഗികത, എന്ന വികാരം, അതിന്റെ ഏറ്റവും വൃത്തികെട്ട രീതിയിൽ എനിക്ക് ആദ്യം മനസിലാക്കി തന്നത് എന്റെ വളർത്തച്ഛനാണ്. അത് എന്നും ഒരു മുറിപ്പാടായി എന്റെ മനസിൽ അവശേഷിക്കും. ഈ സത്യം എന്റെ ജീവിതത്തിലുള്ള എല്ലാവരും അറിയണം. അത് മനസിലാക്കി കൊണ്ട് വേണം അവർ എന്നോട് ഇടപെടാൻ. എന്റെ ബാല്യം ചില ആൾക്കാർ കാരണം പിച്ചിച്ചീന്തപ്പെട്ടു. ഞാനിപ്പോൾ ഒരു യുവതിയാണ്. എന്റെ യുവത്വവും കൂടി തട്ടിയെടുക്കാൻ ഞാൻ ആരെയും അനുവദിക്കില്ല.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |