തിരുവനന്തപുരം:പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട ലാൻഡർ ഇന്നലെ ചന്ദ്രനിലേക്ക് വീണ്ടും അടുത്തു. ബുധനാഴ്ച ചന്ദ്രനിൽ ഇറങ്ങാനുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് നാലിനാണ് ആദ്യമായി ലാൻഡറിന്റെ ഭ്രമണപഥം താഴ്‌ത്തിയത്. ലാൻഡർ പകർത്തിയ ചന്ദ്രന്റെ ചിത്രങ്ങൾ ഇന്നലെ ഐ.എസ്.ആർ.ഒ. പുറത്തുവിട്ടു.
താഴ്ന്ന ഭ്രമണപഥത്തിലെത്തിക്കാൻ ലാൻഡറിന്റെ വേഗത കുറയ്ക്കുന്ന 'ഡി–ബൂസ്റ്റ്' പ്രക്രിയയാണ് തുടങ്ങിയത്. ഇതിനായി ത്രസ്റ്റർ എൻജിനുകൾ ജ്വലിപ്പിച്ചു. ചന്ദ്രനിൽ നിന്ന് 113 x 157 കിലോമീറ്റർ ദീർഘ വൃത്ത ഭ്രമണപഥത്തിൽ ലാൻഡറിനെ എത്തിച്ചു. 20ന് പുലർച്ചെ രണ്ടിന് വീണ്ടും ഭ്രമണപഥം താഴ്‌ത്തും. വേഗത കുറയ്ക്കാനുള്ള നാലു ത്രസ്റ്റർ എൻജിനുകളിൽ രണ്ടെണ്ണം ഒരേസമയം പ്രവർത്തിപ്പിച്ച് 30 x 100 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിക്കും. 30 കിലോമീറ്ററിൽ നിന്നാണ് ലാൻഡറിനെ കുത്തനെ ഇറക്കുന്നത്. ചന്ദ്രന്റെ 800 മീറ്റർ ഉയരത്തിൽ എത്തുന്ന ലാൻഡർ ത്രസ്റ്ററുകളുടെ സഹായത്തോടെ അൽപനേരം നിശ്ചലമാകും. പിന്നീട് സെക്കൻഡിൽ 1– 2 മീറ്റർ വേഗതയിൽ താഴേക്ക് വന്ന് സോഫ്റ്റ് ലാൻഡ് ചെയ്യും.
കഴിഞ്ഞ ദൗത്യത്തിൽ ഇല്ലാതിരുന്ന ലേസർ ഡോപ്ലർ വെലോസിറ്റി മീറ്റർ ലാൻഡറിന്റെ വേഗത കൃത്യമായി നിശ്ചയിക്കും. 23നു വൈകിട്ട് 5.47നാണ് ചന്ദ്രനിൽ ഇറങ്ങുന്നത്.
ചന്ദ്രനിലെ ഗർത്തങ്ങൾ
ആഗസ്റ്റ് 15ന് ലാൻഡറിലെ പൊസിഷൻ ഡിറ്റക്‌ഷൻ ക്യാമറ പകർത്തിയ ചിത്രങ്ങളും ഇമേജർ എൽ.1 ക്യാമറ പകർത്തിയ ഭൂമിയുടെ ചിത്രവും ആണ് പുറത്തുവിട്ടത്. 23ന് ലാൻഡർ ഇറങ്ങേണ്ട ദക്ഷിണധ്രുവത്തിന്റെ ഇരുണ്ട ചിത്രമാണ് ഒരു വീഡിയോയിൽ. ചന്ദ്രനിലെ ഫാബ്രി, ജിയോർഡാനോ ബ്രൂണോ, ഹർകെബി ജെ എന്നീ ഗർത്തങ്ങളുടെ ചിത്രങ്ങളുണ്ട്. പുതുതായി രൂപപ്പെട്ട വലിയ ഗർത്തമാണ് ജിയോർഡാനോ. 43 കിലോമീറ്റർ വ്യാസമുള്ളതാണ് ഹർകെബി ജെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |