ഭാസ്കർ ദ റാസ്കലിൽ നയൻതാരയുടെ ശബ്ദം. എയിൽ എമി ജാക്സന്റെയും മാസ്റ്ററിൽ മാളവിക മോഹനന്റെയും ജയ് ഭീമിൽ രജിഷ വിജയന്റെയും ശബ്ദം.മാമന്നൻ സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രത്നവേലിന്റെ ഭാര്യയായി എത്തിയപ്പോൾ ഒന്നും ഉരിയാടാതെ നിന്നു ! മുതിർന്ന ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ശ്രീജ രവിയുടെ മകളും തെന്നിന്ത്യയിലെ പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രവീണ രവി പുതിയ വിലാസത്തിൽ തിളങ്ങുന്നു.ഇനി, ശ്രീനാഥ് ഭാസിയുടെ നായികയായി മലയാളത്തിൽ.
മാമന്നൻ അഭിനയ ജീവിതത്തിൽ എന്തു മാറ്റമാണ് വരുത്തിയത് ?
ഞാൻ ശരിയായ പാതയിലാണ് എന്ന ആത്മവിശ്വാസം വന്നു.എന്നാൽ സിനിമ കണ്ടിറങ്ങിയപ്പോൾ കുറച്ച് വിഷമം തോന്നി . സീനുകൾ എല്ലാം വന്നിട്ടില്ലായിരുന്നു. പക്ഷേ ഉള്ള സീനുകൾ എല്ലാം നല്ലതാണ്. അതിൽ സന്തോഷമുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റായിട്ട് ഡയലോഗ് ഇല്ലല്ലോ എന്ന രീതിയിലുള്ള മീമുകളാണ് ആദ്യം വന്നത്. പിന്നെ ഒ.ടി.ടിയിൽ റിലീസായതിന് ശേഷം എല്ലാം മാറി. ഡയലോഗ് ഇല്ലാതെ നല്ല പെർഫോർമൻസ് ആണല്ലോ, നല്ല ജോഡി എന്നെല്ലാം പറഞ്ഞുതുടങ്ങി. തമിഴ് നാട്ടിൽ വലിയ ട്രെൻഡ് ആയി. ഞങ്ങളുടെ കഥാപാത്രങ്ങൾ തമ്മിൽ കെട്ടിപ്പിടിക്കുന്ന സീൻ ആളുകൾക്ക് ഒരുപാട് ഇഷ്ടമായി. അതൊട്ടും വിചാരിച്ചിരുന്നില്ല. 'ലൗ ടുഡേ' ഹിറ്റ് ആയതുപോലെ മാമന്നനും വിജയം നേടി.
അഭിനയത്തിൽ ഡയലോഗ് വേണമെന്ന് നിർബന്ധമുണ്ടോ?
ശബ്ദം കൂടിയേ തീരൂ എന്നില്ല. മുഖത്തിലും ഭാവത്തിലും കണ്ണിലും എല്ലാം അഭിനയം വരണം. ആക്ഷൻ പറയുന്നത് മുതൽ കട്ട് പറയുന്നത് വരെ മനസ് അവിടെയായിരിക്കണം. കൂടെ അഭിനയിക്കുന്നവരുടെ ഭാവങ്ങൾ കണ്ട് തിരിച്ച് പ്രതികരിക്കുന്നതും അത് കണ്ണിലൂടെ കാണിക്കുന്നതും കുറച്ചുകൂടെ പാടാണ്. ഒരു ഡയലോഗും ഇല്ലാതെ എക്സ്പ്രസ്സ് ചെയ്യുന്നത് പാടാണ്. പിന്നെ അതൊരു വെല്ലുവിളിയാണ്. ഫഹദിനെ പോലെയൊരു നടന്റെ കൂടെ അഭിനയിക്കുമ്പോൾ അതൊരു ടെൻഷൻ കൂടെയാണ്. കണ്ണിലൂടെ അഭിനയിക്കുന്ന നടനാണ് ഫഹദ്.കഥാപാത്രത്തിന് ഡയലോഗില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നതാണ്. ജ്യോതി മഹാലക്ഷ്മി എന്ന പേരുപോലും ആദ്യം ഇല്ലായിരുന്നു .വളരെ ശക്തമായ അതേസമയം നിശബ്ദമായ, ബോൾഡായ കഥാപാത്രം.
ആർക്ക് ശബ്ദമാകാനാണ് കൂടുതൽ താത്പര്യം?
അങ്ങനെ താത്പര്യം ഒന്നുമില്ല. നടിമാർക്കെല്ലാം എന്റെ ശബ്ദം ശരിയാകുന്നുണ്ട് . ഒരാളുടെ ശരീരത്തിനും മുഖത്തിനും മറ്റൊരാളുടെ ശബ്ദം ശരിയാകുന്നത് തന്നെ സുന്ദരമായ കലയാണ്. ആ കലയെ പ്രശംസിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതുണ്ട്. ഞാനിപ്പോൾ 91 നടിമാർക്ക് ശബ്ദം കൊടുത്തുകഴിഞ്ഞു. 170ൽ കൂടുതൽ സിനിമകൾ ചെയ്തു. പല ഭാഷകളിലെ സിനിമകളിലും പരസ്യങ്ങളിലും ഡബ്ബ് ചെയ്തു. ഇതിലെല്ലാം എനിക്ക് ഒരുപാട് സന്തോഷമുണ്ട്. തമിഴ് സിനിമകളിൽ സംവിധായകർ ഡബ്ബ് ചെയ്യാൻ നേരിട്ട് വിളിക്കാറില്ല. മുപ്പതോളം ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെ വോയ്സ് ടെസ്റ്റ് നടത്തി അതിൽ നിന്ന് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. അതിൽ സെലക്ട് ആകുന്നത് തന്നെ വലിയ കാര്യമാണ്. ഇതെല്ലാം കുറവ് സമയത്ത് ചെയ്യാൻ കഴിഞ്ഞത് അനുഗ്രഹമാണ്. അഭിനയിച്ച എല്ലാ സിനിമയിലും എന്റെ ശബ്ദം തന്നെയാണ് . തമിഴിൽ ഏഴ് സിനിമകൾ ചെയ്തു. മലയാളത്തിൽ നിത്യഹരിതനായകനാണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം.
വീട്ടിൽ രണ്ട് ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ, അഭിനേതാക്കൾ. ആർക്കാണ് തിരക്ക് കൂടുതൽ?
അമ്മയ്ക്ക് തന്നെയാണ് തിരക്ക്. എനിക്ക് പിന്നെയും ഒഴിവ് സമയങ്ങൾ കിട്ടാറുണ്ട്. കാരണം ഞാൻ അങ്ങനെയാണ് വർക്ക് തിരഞ്ഞെടുക്കുന്നത്. അമ്മ ഡബ്ബിംഗും ഡബ്ബിംഗ് ഡയറക്ഷനും അഭിനയവും എല്ലാം ചെയ്യുന്നുണ്ട്. ഒരുപാട് സിനിമകളുടെ ചിത്രീകരണം ഇപ്പോൾ നടക്കുന്നുണ്ട്. രണ്ടായിരത്തിൽ അധികം സിനിമകളിൽ അമ്മ ഡബ്ബ് ചെയ്തിട്ടുണ്ട്. സംസ്കൃതം അടക്കം ഒരുപാട് ഭാഷകളിൽ ഡബ്ബ് ചെയ്തു. ഞാൻ ഇപ്പോൾ തുടങ്ങിയിട്ടല്ലേയുള്ളൂ. സമയം എടുത്താണ് ഞാൻ ജോലി ചെയ്യാറുള്ളത്. ഇടയ്ക്ക് ഇടവേള എടുത്ത് എവിടേക്കെങ്കിലും പോകും. പക്ഷേ അമ്മയ്ക്ക് അതിനൊന്നും സമയം കിട്ടാറില്ല.
ഡബ്ബിംഗ് രംഗത്തേക്ക് വരാൻ ആഗ്രഹിച്ചിരുന്നോ?
സത്യം പറഞ്ഞാൽ ആഗ്രഹിക്കേണ്ടി വന്നില്ല. ഒന്നേമുക്കാൽ വയസ് ഉള്ളപ്പോൾ വന്നതാണ് മൈക്കിന്റെ മുന്നിൽ. നാല് വയസിലൊക്കെ ഒരുപാട് ഭാഷകളിൽ പരസ്യങ്ങൾക്ക് ഡബ്ബ് ചെയ്യുമായിരുന്നു. അമ്മയും അച്ഛനും ( അകാലത്തിൽ വിട പറഞ്ഞ ചിത്രകാരനും അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രവി) പഠിപ്പിച്ചു തരും. അത് ഞാൻ ആവർത്തിച്ച് പറയും. ശരിക്കും പറഞ്ഞാൽ ഇതൊരു കുലത്തൊഴിൽ പോലെയായി മാറി. അമ്മമ്മ ( കണ്ണൂർ നാരായണി) അമ്മ, ഇപ്പോൾ ഞാനും, അങ്ങനെ മൂന്ന് തലമുറയായി. പിന്നീട് പഠിത്തത്തിൽ ശ്രദ്ധിച്ചത് കൊണ്ട് ഒരു ഇടവേള വന്നു. പഠിത്തം വിട്ടിട്ട് വരാൻ പാടില്ല എന്ന് അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു. കാരണം അമ്മമ്മ മരിച്ചതിനുശേഷം അമ്മ പഠിത്തം നിർത്തി. സാഹചര്യം അങ്ങനെ ആയിരുന്നതുകൊണ്ട് അമ്മ കോളേജിൽ പോയിട്ടില്ല. അമ്മയ്ക്ക് സഹോദരങ്ങളുടെ കാര്യവും വീട്ടിലെ കാര്യവും നോക്കണമായിരുന്നു. ഞാൻ ബാങ്കിംഗാണ് പഠിച്ചത്. പക്ഷേ ബാങ്കിൽ പോയി ഇരിക്കാൻ താത്പര്യമുണ്ടായിരുന്നില്ല. അങ്ങനെ ഡബ്ബിംഗ് ചെയ്ത് മുന്നോട്ട് പോയപ്പോൾ സംവിധായകർ എന്നോട് ' അഭിനയിച്ചു കൂടെ, ഡബ്ബിംഗ് ചെയ്യുന്നതുകൊണ്ട് എളുപ്പമായിരിക്കും' എന്ന് പറഞ്ഞിരുന്നു. അഭിനയിക്കാനായി കുറച്ച് പരിശ്രമിച്ചു. മൂന്ന് മാസം അഭിനയത്തിന്റെ ഡിപ്ലോമ കോഴ്സ് പഠിച്ചു. അവിടെനിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |