മോസ്കോ: പുടിന്റെ മുൻ വിശ്വസ്തനും വാഗ്നർ ഗ്രൂപ്പ് തലവനുമായ യെവ്‌ഗനി പ്രിഗോഷിന്റെ മരണം സ്ഥിരീകരിച്ച് റഷ്യ. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ വിമാനപകടത്തിൽ മരിച്ച പത്ത് യാത്രികരിലൊരാൾ പ്രിഗോഷിൻ തന്നെയാണെന്ന് റഷ്യയുടെ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അറിയിച്ചു. വാഗ്നർ ഗ്രൂപ്പ് സഹസ്ഥാപകനായ ഡിമിട്രി ഉട്ട്കിനും അപകടത്തിൽ മരിച്ചവരുടെ കൂട്ടത്തിൽപ്പെടുന്നു.
മോസ്കോയിൽ നിന്ന് സെന്റ് പീറ്റേഴ്സ്‌ബർഗിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രിഗോഷിന്റെ ഉടമസ്ഥതയിലെ സ്വകാര്യ വിമാനം ട്വെർ മേഖലയിലെ കഷെൻകീനോ ഗ്രാമത്തിന് മുകളിൽവച്ച് പൊട്ടിത്തെറിച്ചത്. വിമാനത്തിന്റെ ഉള്ളിൽ സ്ഥാപിച്ചിരുന്ന ബോംബോ മിസൈലോ ആകാം സ്‌ഫോടനത്തിന് പിന്നിലെന്നാണ് അഭ്യൂഹം. വിമാനത്തിലുണ്ടായിരുന്ന പത്ത് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും തിരിച്ചറിയാനായി മോളിക്കുലാർ - ജെനറ്റിക്ക് പരിശോധനകൾ നടത്തിവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. പരിശോധനാ ഫലപ്രകാരമാണ് പ്രിഗോഷിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കിഴക്കൻ യുക്രെയിനിലെ ബഖ്‌മുതിലടക്കം റഷ്യക്ക് വേണ്ടി ശക്തമായ പോരാട്ടം നടത്തിയവരാണ് വാഗ്നർ ഗ്രൂപ്പ്. ആയുധങ്ങൾ നൽകുന്നില്ലെന്ന പേരിൽ ജൂണിൽ പ്രിഗോഷിന്റെ നേതൃത്വത്തിൽ വാഗ്നർ അംഗങ്ങൾ റഷ്യയിൽ കലാപനീക്കം നടത്തിയിരുന്നു. ഇതോടെ പ്രിഗോഷിനും പുട്ടിനും തമ്മിൽ നിലനിന്നിരുന്ന സൗഹൃദം ശത്രുതയ്ക്ക് വഴിമാറി. അതിനാൽ പുട്ടിന്റെ നിർദ്ദേശപ്രകാരം പ്രിഗോഷിനെ വധിച്ചതാകാമെന്ന് ആരോപണമുണ്ടെങ്കിലും ക്രെംലിൻ ഇത് തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |