കൊച്ചി: ട്രെയിനിൽ പൊള്ളലേറ്റ കുട്ടിയുമായി ഭിക്ഷാടനം നടത്തിയ സ്ത്രീ പിടിയിലായി. ശനിയാഴ്ച തിരുവനന്തപുരം-ചെന്നൈ എക്‌സ്‌പ്രസിലായിരുന്നു സംഭവം. കുട്ടിയുടെ അവസ്ഥ കണ്ട് യാത്രക്കാർ ടി.ടി.ആറിനെ വിവരം അറിയിച്ചു. ട്രെയിൻ രാത്രി 7.10ഓടെ എറണാകുളം നോർത്തിൽ എത്തിയപ്പോൾ റെയിൽവേ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇരുവരെയും കാക്കനാട് സ്‌നേഹിതയിലേക്ക് മാറ്റി.
സൗത്ത് കളമശേരിയിലാണ് സ്ത്രീയുടെ താമസം. ഒന്നര വയസ് പ്രായമുള്ള ആൺകുട്ടി ഇവരുടേതാണോയെന്ന് സംശയമുണ്ട്.
ഇരുവരും ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ലിയു.സി) നിരീക്ഷണത്തിലാണ്. കുട്ടിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സ്ത്രീയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ട്രെയിൻ കോട്ടയത്തെത്തിയപ്പോഴാണ് കുട്ടിയുടെ ദേഹത്തെ പൊള്ളൽ യാത്രക്കാർ ശ്രദ്ധിച്ചത്. ഈ മുറിവിൽ അമർത്തി കുട്ടിയെ കരയിച്ചാണ് ഇവർ ഭിക്ഷയെടുത്തിരുന്നത്. നോർത്ത് പൊലീസിന്റെ സഹായത്തോടെ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിയുടെ ദേഹത്ത് പൊള്ളലേൽപ്പിച്ചതെന്ന് തോന്നിപ്പിക്കും വിധമുള്ള മൂന്ന് മുറിവുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |