കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സി പി എം നേതാവുമായ എ സി മൊയ്തീന് വീണ്ടും ഇ ഡി നോട്ടീസ്. തിങ്കളാഴ്ച പതിനൊന്നുമണിക്ക് ഇ ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനൊപ്പം പത്തുവർഷത്തെ ആദായനികുതി രേഖകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഹാരജാകാനാണ് ആദ്യം ഇ ഡി ആവശ്യപ്പെട്ടിരുന്നതെങ്കിലും മൊയ്തീൻ അസൗകര്യം അറിയിക്കുകയായിരുന്നു. തുടർച്ചയായ അവധി കാരണം ആദായനികുതി രേഖകൾ സംഘടിപ്പിക്കാൻ പ്രയാസമുണ്ടെന്നും ഇവ ലഭിച്ചശേഷം മറ്റൊരു തീയതിയിൽ ഹാജരാവാമെന്നും ഇ മെയിൽ വഴി മൊയ്തീൻ ഇ ഡിയെ അറിയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 22ന് മൊയ്തീന്റെ തൃശൂരിലെ വീട്ടിൽ ഇ ഡി മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തിയിരുന്നു. ഇതിനെത്തുടർന്നാണ് വിശദമായ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകിയത്.
അതേസമയം, ബിനാമി ഇടപാടുകാർ ഇന്നലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. കരുവന്നൂർ ബാങ്ക് മുൻ മാനേജർ ബിജു കരീം, പി.പി. കിരൺ, അനിൽ സേഠ് എന്നിവരാണ് ഹാജരായത്. പകൽ 11 മണിയോടുകൂടിയാണ് ഇവർ ഇഡി ഓഫീസിൽ എത്തിയത്.
പ്രമുഖ നേതാവായ എ.സി. മൊയ്തീനിലേക്ക് ഇ.ഡിയുടെ അന്വേഷണം എത്തിയത് സിപിഎമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തെളിവുകളുണ്ടെങ്കിൽ മാത്രമേ ഇ.ഡി റെയ്ഡ് നടത്തുകയുള്ളൂ എന്നതാണ് പ്രധാനകാരണങ്ങളിലൊന്ന്. കരുവന്നൂർ തട്ടിപ്പ് 2012 മുതൽ 2019 വരെയാണെന്നാണ് കണ്ടെത്തിയത്. ക്രമക്കേട് ഉയർന്നപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്നു മൊയ്‌തീൻ. തട്ടിപ്പിനെക്കുറിച്ച് അന്നത്തെ നേതൃത്വത്തിന് മുന്നിൽ പരാതി വന്നെങ്കിലും ഗൗരവമായെടുത്തില്ല.
പിന്നീട് രണ്ടംഗ അന്വേഷണസംഘം ഗുരുതര ക്രമക്കേട് നടന്നതായി റിപ്പോർട്ട് ചെയ്‌തെങ്കിലും പുറത്തുവന്നില്ല. ജില്ലയിലെ മുതിർന്ന നേതാക്കൾ സംസ്ഥാന നേതൃത്വത്തോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. മന്ത്രിയായിരിക്കെ ഈ പരാതി ഉയർന്നിട്ടും ബിജു കരീം, സി.കെ. ജിൽസ് എന്നിവരുടെ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനത്തിന് മൊയ്തീൻ എത്തിയിരുന്നു. ജനപ്രതിനിധിയെന്ന നിലയിലാണ് ഉദ്ഘാടനത്തിന് പോയതെന്നും ബന്ധുക്കൾ ബാങ്ക് ക്രമക്കേടിൽ ഉൾപ്പെട്ടിട്ടില്ലെന്നുമായിരുന്നു ആ സമയത്ത് മൊയ്തീന്റെ വിശദീകരണം.
ബാങ്കിലെ കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എ.സി. മൊയ്തീൻ ആണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് കണ്ടെത്തൽ. പാവങ്ങളുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണ് ബിനാമികൾ ലോൺ തട്ടിയതെന്നും ഇ.ഡി വ്യക്തമാക്കുന്നു. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് 6 ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ 15 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയെന്നും ഇ.ഡി വാർത്താക്കുറിപ്പിൽ അറിയിക്കുന്നു. ചുരുക്കത്തിൽ, 150 കോടി രൂപയുടെ കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കളടക്കം കൂട്ടുനിന്നെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |