കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ പോളിയസ്റ്റർ പട്ടുകൾ സമർപ്പിക്കുന്നത് കൊച്ചിൻ ദേവസ്വം ബോർഡ് നിരോധിച്ചു. നിരോധനം ഇന്നലെ പ്രാബല്യത്തിലായി. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലും നിരോധനം ഉടനുണ്ടാകും. ക്ഷേത്രം കൗണ്ടറിലും ഇനി കോട്ടൺ പട്ടുകളാണ് ലഭ്യമാകുക.
പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ചെറുതും വലുതുമായ ആയിരക്കണക്കിന് ചുവപ്പുപട്ടുകളാണ് മാസംതോറും രണ്ട് ക്ഷേത്രങ്ങളിലേക്കും സമർപ്പണ വഴിപാടായി എത്തുന്നത്.
ചോറ്റാനിക്കര പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് നിരോധനം. ക്ഷേത്രപരിസരത്തെ കടകൾക്കും നോട്ടീസും നൽകി. സമർപ്പിച്ച പട്ടുകൾ കുഴിച്ചുമൂടുകയാണ് ചെയ്തിരുന്നത്. മൂടിയവ ഉൾപ്പെടെ ചോറ്റാനിക്കര ക്ഷേത്രവളപ്പിൽനിന്ന് ഒരുലോഡ് പട്ടുകൾ രണ്ടാഴ്ചമുമ്പ് സംസ്കരിക്കാനായി പഞ്ചായത്ത് ഏറ്റെടുത്തു.
കൊടുങ്ങല്ലൂരും കെട്ടുകണക്കിന് സ്റ്റോക്കുണ്ട്. ലേലത്തിൽവച്ചാൽ ഇവ വാങ്ങാനും ആളില്ല.
രണ്ട് ക്ഷേത്രവളപ്പുകളിലെ മണ്ണിലും മരങ്ങളിലും വർഷങ്ങളായി സിന്തറ്റിക് പട്ടുകൾ ജീർണ്ണിക്കാതെ നിറഞ്ഞുകിടക്കുകയാണ്. പ്ളാസ്റ്റിക് സ്വർണ്ണനൂലുകളും മറ്റ് അലങ്കാരങ്ങളും നിറഞ്ഞ സിന്തറ്റിക് പട്ടുകൾക്ക് വിലയും കുറവാണ്.
പട്ടുസാരികളും പ്രശ്നം
ഭഗവതിമാർക്ക് ചാർത്താൻ സമർപ്പിക്കുന്ന പട്ടുസാരികളിൽ നല്ലൊരുഭാഗം യഥാർത്ഥ പട്ടല്ല. ചാർത്തിയ പട്ടുസാരികൾ ലേലത്തിൽ പോകുമെന്നതിനാൽ ബോർഡിന് വലിയ തലവേദനയില്ല.
പതിനായിരങ്ങൾ വിലയുള്ള ഓരോസാരിയും വിദഗ്ദ്ധർ മൂല്യം നിശ്ചയിച്ചാണ് ലേലംചെയ്യുന്നത്. പട്ടുസാരികളും യഥാർത്ഥമായിരിക്കണമെന്ന നിർദ്ദേശവും ബോർഡ് പരിഗണിക്കും.
പട്ട് സമർപ്പണം
വിവാഹതടസ്സം മാറാനും അഭീഷ്ടസിദ്ധിക്കുമായാണ് ഭഗവതിമാർക്ക് പട്ടുംതാലിയും പട്ടുമാത്രമായും സമർപ്പിക്കുന്നത്. ചോറ്റാനിക്കരയിൽ ആഗസ്റ്റിൽമാത്രം അയ്യായിരത്തിലേറെ പട്ട് സമർപ്പണം രസീതാക്കിയിട്ടുണ്ട്. ക്ഷേത്രകൗണ്ടറിൽ ചെറിയപട്ടിന് 40രൂപയും വലുതിന് 120രൂപയുമാണ് നിരക്ക്. കൊടുങ്ങല്ലൂരിൽ 35രൂപയും.
പ്ളാസ്റ്റിക് ഒഴിവാക്കും
പൂജാസാമഗ്രികൾ ഏറെയും പ്ളാസ്റ്റിക് കവറുകളിലാണ് വരുന്നത്. കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽനിന്ന് പ്ളാസ്റ്റിക് പരമാവധി ഒഴിവാക്കണമെന്നാണ് നയം. ക്ഷേത്രങ്ങൾക്ക് സർക്കുലർ നൽകിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും.
ഡോ. എം.കെ. സുദർശൻ,
പ്രസിഡന്റ്,
കൊച്ചിൻ ദേവസ്വം ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |