തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷത്തെ തുടർന്ന് വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ ഒന്നും അറിഞ്ഞില്ലെന്ന് കോളേജ് പ്രിൻസിപ്പൽ. കാര്യങ്ങൾ അന്വേഷിച്ച ശേഷം മറുപടി അറിയിക്കാമെന്നും പ്രിൻസിപ്പൽ അറിയിച്ചു. എന്നാൽ, സംഭവത്തിൽ വിദ്യാർത്ഥിയെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. മർദ്ദിച്ചവർ കോളേജിനകത്തുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. മാദ്ധ്യമങ്ങളെയും കോളേജ് ക്യാമ്പസിൽ നിന്ന് പ്രിൻസിപ്പൽ പുറത്താക്കിയിരുന്നു. കോളേജിൽ അഡ്മിഷന്‍ നടക്കുകയാണെന്നും സംഘർഷത്തെക്കുറിച്ച് അറിയില്ലെന്നുമുള്ള രീതിയിലായിരുന്നു പ്രിൻസിപ്പാലിന്റെ പ്രതികരണം.
യൂണിറ്റു കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നതെന്നും വടിവാളും കത്തിയും കൊണ്ട് സ്വന്തം പാർട്ടിക്കാരെ വരെ ആക്രമിക്കുന്നവരാണ് നേതൃത്വമെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിൽ വർഷങ്ങളായി നടക്കുന്ന എസ്.എഫ്.ഐ അതിക്രമങ്ങളുടെ തുടർച്ചയാണ് ഇന്നും ഇന്നലെയും ഉണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇന്നലെ വിദ്യാർത്ഥികൾ ഒന്നിച്ചിരുന്നു പാട്ടുപാടിയതിന്റെ പേരിൽ തുടങ്ങിയ മർദനമാണ് ഇന്ന് രാവിലെയും തുടർന്നതെന്നും അവർ പറഞ്ഞു.
കുത്തേറ്റ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അഖിൽ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥികൾ തമ്മിലെ സംഘർഷത്തിനിടയിലാണ് കുത്തേറ്റത്. ക്യാന്റിനിൽ ഇരുന്ന് പാട്ടുപാടിയതിനെ ഒരു വിഭാഗം വിദ്യാർത്ഥികൾ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പുറത്ത് നിന്ന് ഗുണ്ടകൾ ക്യാംപസിലെത്തിയതായയും വിദ്യാർത്ഥികൾ ആരോപിച്ചു. തുടർന്ന് എസ്.എഫ്.ഐ അനുഭാവികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ പരസ്യമായി പ്രതിഷേധം ആരംഭിച്ചത്. കോളേജിലെ എസ്.എഫ്.ഐ നേതൃത്വത്തിനെതിരെയാണ് ഇവരുടെ പ്രതിഷേധം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |