ആലപ്പുഴ: പൊഴിയിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട സ്കൂൾ വിദ്യാർത്ഥിയെ കടലിൽ കാണാതായി. ആലപ്പുഴ തുമ്പോളി വാർഡിൽ മാതാഭവനിൽ അഭിലാഷ്-ആലീസ് ദമ്പതിമാരുടെ മകൻ അലനെ (12)യാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം മൂന്നോടെ തുമ്പോളി കടപ്പുറത്താണ് സംഭവം. കൂട്ടുകാരോടൊപ്പം ഫുട്ബാൾ കളിക്കാൻ ഗ്രൗണ്ടിലേക്ക് പോകാൻ പൊഴിമുറിച്ചുകടക്കുന്നതിനിടെയാണ് പന്തു താഴെ വീണത്. ഇതെടുക്കാൻ ശ്രമിക്കുമ്പോഴാണ് അലൻ ഒഴുക്കിൽപ്പെട്ടത്. ഉടൻ തന്നെ കൂട്ടുകാർ സമീപത്തെ വീടുകളിലെത്തി വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിലിനെത്തിയെങ്കിലും കടൽ പ്രക്ഷുബ്ധമായതിനാൽ തുടരാനായില്ല. രാത്രിയോടെ കോസ്റ്റ് ഗാർഡ് സംഘമെത്തി തിരച്ചിൽ തുടങ്ങി. തുമ്പോളി സെയ്ന്റ് തോമസ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അലൻ. സഹോദരി അലീന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |