വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായുള്ള കൂറ്റൻ ക്രെയിനുകളുമായെത്തുന്ന കപ്പൽ ചൈനയിലെ ഷാങ്ഹായ് തുറമുഖത്തു നിന്ന് കഴിഞ്ഞ 31ന് യാത്ര തിരിച്ചു. ഇതോടെ വിഴിഞ്ഞത്തെ സ്വപ്നങ്ങൾ സാഫല്യത്തിലേക്ക് അടുക്കുകയാണ്. 28ന് കപ്പൽ തുറമുഖ ബർത്തിൽ നങ്കൂരമിടുമെന്നാണ് ഔദ്യോഗിക വിവരം.
അദാനിയുടെ ഗുജറാത്തിലെ മുന്ദ്ര പോർട്ടിലേക്കുള്ള രണ്ട് ക്രെയിനുകളും ഇതേ കപ്പലിലുണ്ട്. അവ ഇറക്കിയ ശേഷമാവും വിഴിഞ്ഞത്തേക്ക് എത്തുക. രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും രണ്ട് യാർഡ് ക്രെയിനുകളുമാണ് ആദ്യ കപ്പലിൽ എത്തുന്നത്. തുടർന്ന് ആറു കപ്പലുകൾ കൂടി വരും. ഏഴു വലിയ ക്രെയിനുകളും 25 ചെറിയ ക്രെയിനുകളും ഇതിലുണ്ടാകും. ഓണസമ്മാനമായി കപ്പൽ അടുപ്പിക്കുമെന്ന സർക്കാരിന്റെയും അദാനി പോർട്സിന്റെയും വാഗ്ദാനമാണ് ഇതോടെ യാഥാർത്ഥ്യമാവുന്നത്.
2015 ഡിസംബർ 5നായിരുന്നു തുറമുഖ നിർമ്മാണത്തിന്റെ ഉദ്ഘാടനം. ആദ്യഘട്ടം ആയിരം ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കിലും പ്രാദേശിക സമരങ്ങൾ, കരിങ്കല്ല് ക്ഷാമം, പ്രതികൂല കാലാവസ്ഥ എന്നിവയാൽ നീണ്ടു പോവുകയായിരുന്നു.
നൂറ്റാണ്ടിന്റെ കാത്തിരിപ്പ്
നൂറ്റാണ്ടുകൾക്ക് മുൻപേ വാണിജ്യ തുറമുഖമായി അറിയപ്പെട്ട വിഴിഞ്ഞത്ത് 1905ൽ അന്നത്തെ തിരുവിതാംകൂർ രാജാവ് മൂലം തിരുനാൾ രാമവർമ്മയും 1945ൽ സർ സി.പിയും തുറമുഖ നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കിയെങ്കിലും യാഥാർത്ഥ്യമായില്ല.
നിർമ്മാണം 3 ഘട്ടങ്ങളിലായി
മൂന്നു ഘട്ടങ്ങളായാണ് നിർമ്മാണം. ആദ്യ ഘട്ടമായി ടെർമിനൽ, തുറമുഖ ഓഫീസ് എന്നിവ പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ 700 മീറ്റർ തുറമുഖ ബർത്തിന്റെ ദൈർഘ്യം കൂട്ടും. മൂന്നാം ഘട്ടത്തിൽ ഹാർബർ ഏരിയാ വികസന പദ്ധതികൾ, ബ്രേക്ക് വാട്ടർ നിർമ്മാണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ്. രണ്ടാം ഘട്ടം 2024- 27ലും മൂന്നാം ഘട്ടം 2034- 37ലുമായി നടപ്പിലാക്കും.
കണ്ടെയ്നർ യാർഡ്, വർക്ക്ഷോപ്പുകൾ, അഗ്നിശമനസേന ഓഫീസ്, ജല, വൈദ്യുത സംവിധാനങ്ങൾ, റോഡ്, റെയിൽവേ എന്നിവയുടെ നിർമ്മാണം, തൊഴിലാളികളുടെ കോളനി, ജലസംരക്ഷണ പദ്ധതികൾ, ചരക്കുനീക്കത്തിനുള്ള വേ ബ്രിഡ്ജുകൾ തുടങ്ങിയവയിൽ ഭൂരിഭാഗത്തിന്റെയും നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തി. തുറമുഖത്തിലേക്ക് ശുദ്ധ ജലമെത്തിക്കുന്നതിനുള്ള കൂറ്റൻ ടാങ്കുകളുടെ പണിയും 11 കെ.വി ലൈനിന്റെയും 35 മെഗാവാട്ടിന്റെ 220 കെ.വി ലൈനിന്റെയും പണിയും പൂർത്തിയാക്കി ഉദ്ഘാടനം നടത്തി.
സാമൂഹ്യ പ്രതിബന്ധതയിലും മുന്നിൽ
പദ്ധതി പ്രദേശത്തു നിന്ന് അഭ്യസ്തവിദ്യരായ യുവതീയുവാക്കളെയും വീട്ടമ്മമാരെയും തിരഞ്ഞെടുത്ത് തൊഴിൽ നൈപുണ്യ പരിശീലനം നൽകി. മത്സ്യത്തൊഴിലാളി കോളനികൾ കേന്ദ്രീകരിച്ച് താത്കാലിക കുടിവെള്ള ടാങ്കുകൾ സ്ഥാപിച്ച് ശുദ്ധജല വിതരണം ചെയ്തു. മാലിന്യ സംസ്കരണത്തിനായി തുമ്പൂർമൂഴി മോഡൽ പദ്ധതികൾ, ശുചിമുറികൾ എന്നിവ സ്ഥാപിച്ചു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവർത്തനത്തിനായുള്ള ബഹുനില മന്ദിര നിർമ്മാണ പ്രവർത്തികളും ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |