കോഴിക്കോട്: പൊതുസമൂഹത്തിൽ വർഗീയതയ്ക്കും വിഭാഗീയതയ്ക്കും തിരികൊളുത്തുന്ന പ്രസ്‌താവനകളിൽ നിന്നും നിലപാടുകളിൽ നിന്നും എല്ലാവരും വിട്ടുനിൽക്കണമെന്ന് കേരള നദ്‌വത്തുൽ മുജാഹിദ്ദീൻ (കെഎൻഎം) സംസ്ഥാന പ്രസിഡന്റ് ടി പി അബ്‌ദുല്ല കോയ മദനി. കെഎൻഎം സംസ്ഥാന പ്രവർത്തക കൺവെൻഷൻ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയത കത്തിക്കുന്നവർക്ക് അത് അണയ്ക്കാൻ കഴിയില്ല എന്ന കാര്യം തിരിച്ചറിയണം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന പോരായ്‌മകൾ പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം അടിസ്ഥാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കുന്ന വിവാദങ്ങൾക്ക് തിരികൊളുത്തുന്നതിനെ കരുതിയിരിക്കണം. സൂംബ വിവാദത്തിന്റെ മറവിൽ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ കരുതിയിരിക്കാനും മതപണ്ഡിതന്മാർ വളരെ പക്വതയോടെ സംസാരിക്കാനും പഠിക്കണം. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്ന സമീപനം മതപണ്ഡിതരിൽ നിന്നുണ്ടാകരുതെന്നും ടി പി അബ്‌ദുല്ല കോയ മദനി ആവശ്യപ്പെട്ടു.
സമസ്ത വിഭാഗം യുവജന നേതാവ് അബ്ദുസമദ് പൂക്കോട്ടൂരാണ് സൂംബ വിവാദത്തിന് തുടക്കമിട്ടത്. ആണും പെണ്ണും ഒരുമിച്ചാണ് ഡാൻസ് ചെയ്യുന്നതെന്നും കുട്ടികളെ ചെറുപ്പത്തിൽ ഇങ്ങനെ ഇടകലരാൻ അനുവദിക്കുന്നത് ശരിയല്ലെന്നും എല്ലാവരും പങ്കെടുക്കണമെന്ന് പറയുന്നത് തെറ്റാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. സുന്നിമഹൽ ഫെഡറേഷനും മുജാഹിദ് വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂരും ഇദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |