പരിമിതികളെ പൊരുതി നേരിട്ട ഡോ. സിജു വിജയന്റെ ജീവിതം ഏവർക്കും പ്രചോദനമാണ്
ഒരു വീൽചെയറിന്റെ വേഗത്തിലാണ് സിനിമയെന്ന സ്വപ്നത്തെ ഡോ. സിജു വിജയൻ പിന്തുടർന്നത്. ജീവിതത്തെ ഒരു ചക്രക്കസേരയിൽ കൊരുത്തിട്ട ഇൻഷയെന്ന പെൺകുട്ടിയുടെ സ്വപ്നങ്ങളുടെ കഥ പറഞ്ഞ ആദ്യ സിനിമയ്ക്ക് പിന്നാലെ ഇതായിപ്പോൾ ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ഡോ. സിജു പുതിയൊരു ട്രാവൽ മൂവി ഒരുക്കിയിരിക്കുന്നു, 'റിട്ടേൺ ടു കാശ്മീർ'. തമിഴ്നാട്ടിലെ ധനുഷ്കോടിയിൽ നിന്ന് തുടങ്ങിയ യാത്ര രാമേശ്വരം, വടപളനി , മെറീന ബീച്ച് , നൽഗോണ്ട, സെക്കന്തരാബാദ്, ആഗ്ര , വാരണാസി, ഹിമാചൽ പ്രദേശ് വഴി കാശ്മീരിലേക്ക് എത്തുമ്പോൾ സിജു ഒരു സിനിമ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. എഡിറ്റിംഗ് ജോലികൾ പൂർത്തിയാക്കിയ സിനിമ പുറത്തിറക്കാൻ ഇനിയും പണം വേണം. അതിനായി 'വീൽ ടു റീൽ - എ ഡ്രീം ജേണി"എന്ന പുസ്തകവും എഴുതി പുറത്തിറക്കി. ആദ്യ ചിത്രമായ ഇൻഷയുടെ നിർമ്മാണത്തിന് ഫണ്ടു കണ്ടെത്താൻ സ്വന്തമായി ചിത്രങ്ങൾ വരച്ചുവിറ്റ സിജു അടുത്ത ചിത്രത്തിനു വേണ്ടി പുസ്തകത്തെയാണ് ആശ്രയിച്ചത്. ചുവർചിത്രശൈലിയിൽ പെയിന്റിംഗുകൾ തയ്യാറാക്കി വിറ്റു പണമുണ്ടാക്കിയെങ്കിലും ആ അത്യദ്ധ്വാനം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയതോടെയാണ് പുതിയ സിനിമയുടെ പൂർത്തീകരണത്തിന് പുസ്തകം പ്രസിദ്ധീകരിക്കാമെന്ന ആശയത്തിലേക്ക് ഡോ. സിജു എത്തിയത്.
മഴക്കാറു മൂടിയ ബാല്യം
ആലപ്പുഴ അരൂക്കുറ്റി കൊച്ചുകണ്ണംപറമ്പിൽ കെ.വി.വിജയന്റെയും വത്സലയുടെയും ഇളയ മകനാണ് സിജു. നാല് വയസ് കഴിഞ്ഞപ്പോഴാണ് കാൽമുട്ടു മടങ്ങി സിജു വീണു പോകുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. എന്നാൽ അന്ന് അതത്ര കാര്യമാക്കിയില്ല.
പനങ്ങാട് 'മരിയാലയം" കോൺവെന്റിൽ പ്രവർത്തിച്ചിരുന്ന നഴ്സറിയിലായിരുന്നു അക്കാലത്ത് സിജുവിന്റെ പഠനം. വേമ്പനാട് കായലിനക്കരെയുള്ള നഴ്സറിയിൽ നിന്ന് മഴയും കാറ്റും കോളുമൊക്കെയുള്ള ദിനങ്ങളിൽ അച്ഛനൊപ്പം കുഞ്ഞു വഞ്ചിയിൽ സഞ്ചരിച്ചാണ് കുഞ്ഞു സിജു വീട്ടിലേക്ക് മടങ്ങിയിരുന്നത്. ഒരു ദിവസം നഴ്സറിയിൽ നിന്ന് വീട്ടിലെത്തുമ്പോൾ സിജു പനിച്ചു തുടങ്ങി. നേരമിരുട്ടിയതോടെ പനി കൂടി. പനിച്ചൂടിൽ ഞരങ്ങിയ സിജുവിന്റെ വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങി. ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സ തുടരുമ്പോഴാണ് ഇടക്കിടെ കുട്ടി വീഴുന്ന കാര്യം വീട്ടുകാർ ഡോക്ടർമാരോടു പറഞ്ഞത്. കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഡോക്ടർ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ന്യൂറോ വിഭാഗത്തിൽ വിദഗ്ദ്ധ പരിശോധന നടത്താൻ നിർദ്ദേശിച്ചു.
മെഡിക്കൽ കോളേജിലെ പരിശോധനകൾക്കുശേഷം കാൽ മസിലിൽ ബയോപ്സി നടത്തണമെന്ന് പറഞ്ഞു. ബയോപ്സി റിസൾട്ട് വന്നപ്പോൾ ലോകത്തെ ഏറ്റവും അപൂർവ്വവും ഗുരുതരവുമായതും ശരീരത്തിലെ പേശികളുടെ ബലം അനുദിനം കുറയുന്നതുമായ സ്പൈനൽ മസ്കുലാർ അട്രോഫി എന്ന രോഗമാണെന്ന് സ്ഥിരീകരിച്ചു. ഈ രോഗത്തിനുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നും കുട്ടി പന്ത്രണ്ട് വയസുവരെ മാത്രമേ ജീവിച്ചിരിക്കാൻ സാദ്ധ്യതയുള്ളു എന്നും ഡോക്ടർ മാതാപിതാക്കളോട് പറഞ്ഞു. ജീവിതത്തിനുമേൽ നിരാശയുടെ മഴക്കാറു മൂടുന്നത് ആ കുടുംബം നിസഹായരായി നോക്കി നിന്നു. അവർക്കു മുന്നിലാണ് തന്റെ അവസ്ഥയോടു നിരന്തരം പൊരുതി സിജു വിജയം വരിച്ചത്. വീൽചെയറിലായ ജീവിതത്തെ പാകപ്പെടുത്തിയും നിസഹായരായ അച്ഛനും അമ്മയ്ക്കും കരുത്തു പകർന്നും സിജു ജീവിതത്തെ പതിയെ മുന്നോട്ടു ഉരുട്ടിക്കൊണ്ടുപോയി. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബി.എസ്.സി സുവോളജി പാസായി തിരുവനന്തപുരം വിദ്യാധിരാജ ഹോമിയോ കോളേജിൽ നിന്ന് ഹോമിയോ മെഡിസിൻ കരസ്ഥമാക്കി.
സ്വപ്നങ്ങൾ ഓടിത്തുടങ്ങുന്നു
വീൽ ചെയറിൽ ജീവിക്കുന്ന 13 വയസുകാരി ഇൻഷയുടെ സ്വപ്നങ്ങളുടെ കഥപറയുന്ന സിനിമ 20 ദിവസം കൊണ്ടാണ് ഇലക്ട്രിക് വീൽചെയറിലിരുന്ന് സിജു പൂർത്തിയാക്കിയത്. വീട്ടുകാരും സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്ത് ആത്മവിശ്വാസം കൈവരിച്ചശേഷമാണ് ഫീച്ചർഫിലിമിലേക്ക് കടന്നത്. മ്യൂറൽ ചിത്രങ്ങൾ വരച്ച് വിറ്റാണ് സിനിമയ്ക്കുള്ള പണം കണ്ടെത്തിയത്. ഇൻഷ കെ.എസ്.എഫ്.സി.സിയുടെ സഹകരണത്തോടെ കേരളത്തിലെ തീയേറ്ററുകളിൽ റിലീസായ 2021 മാർച്ച് 21ന് ഇറങ്ങിയ കേരളകൗമുദിയുടെ ഒന്നാംപുറത്തെ മുഖ്യവാർത്തയുടെ തലക്കെട്ട് ഡോ. സിജുവിന്റെ വീൽചെയറിൽ വിരിഞ്ഞ സിനിമ എന്നായിരുന്നു.
രണ്ടാം സിനിമയായ റിട്ടേൺ ടു കാശ്മീരിന്റെ ചിത്രീകരണം പൂർത്തിയാക്കാൻ 42 ദിവസമെടുത്തു. ഷൂട്ടിംഗിന് മുൻപ് ധനുഷ് കോടിയിൽ പോയി ഒരു ഡെമോ ഷൂട്ട് നടത്തിയിരുന്നു. ബാക്കി എല്ലാ സ്ഥലങ്ങളിലേക്കും ആദ്യമായിട്ടാണ് പോയത്. തിരക്കഥയിൽ പറയുന്ന സ്ഥലങ്ങൾ കണ്ടെത്തുക വലിയ വെല്ലുവിളിയായിരുന്നു. ഓരോ സംസ്ഥാനത്തും അഭിനേതാക്കളെ യാത്രക്ക് മുൻപ് അതാത് സ്ഥലങ്ങളിൽ നിന്നു കണ്ടെത്തിയിരുന്നു. ചില ആർട്ടിസ്റ്റുകളെ ആ സ്ഥലങ്ങളിൽ എത്തിയ ശേഷം കണ്ടെത്തിയ സംഭവങ്ങളുമുണ്ട്. വിവിധ ദേശങ്ങൾ , വിവിധ തരം ജനങ്ങൾ സംസ്കാരം അതൊക്കെ മനസിലാക്കി രാജ്യം മുഴുവൻ ഷൂട്ട് ചെയ്യാൻ കഴിഞ്ഞത് ഒരു വലിയ നേട്ടമായി കരുതുന്നു - സിജു പറയുന്നു.
സിനിമയുടെ അനുഭവം പേറുന്ന പുസ്തകം
ചെറിയ പ്രതിസന്ധികളെ പോലും അഭിമുഖീകരിക്കാൻ പാടുപെടുന്ന പുതിയ തലമുറയോട് ഒരു പ്രധാന കാര്യം സിജുവിന്റെ പുസ്തകം പങ്കുവെക്കുന്നുണ്ട്. കാശ്മീർ വരെ യാത്ര ചെയ്ത് പുതിയ സിനിമ സംവിധാനം ചെയ്ത അനുഭവം പറയുന്ന പുസ്തകം വായിച്ച് തീരുമ്പോൾ ജീവിതത്തിലെ വലിയൊരു നേട്ടത്തിനൊപ്പം ചേർന്ന് നടന്ന അഭിമാനമാണ് നമുക്ക് തോന്നുക. പരിമിതികളില്ലാത്ത മനസുള്ള സിജു നമ്മുടെയൊക്കെ കരുത്താണ്. ആ എഴുത്ത് ഇനിയും അനുസ്യൂതം തുടരട്ടെ....
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |