പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമംഗളം സമാപിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ 37,719 വോട്ടിന്റെ വ്യത്യാസത്തിൽ എൽ.ഡി.എഫിലെ ജെയ്ക്ക് സി. തോമസിനെ തോൽപ്പിച്ചു. പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. എല്ലാ പഞ്ചായത്തിലും എല്ലാ വാർഡിലും ഏറെക്കുറെ എല്ലാ ബൂത്തിലും ചാണ്ടിതന്നെ ലീഡ് ചെയ്തു. എതിർ സ്ഥാനാർത്ഥിയുടെ വീടിരിക്കുന്ന ബൂത്തിലും മന്ത്രി വാസവന്റെ ബൂത്തിലും ചാണ്ടിക്കു തന്നെയായിരുന്നു മുൻതൂക്കം. ബി.ജെ.പി സ്ഥാനാർത്ഥിക്ക് ജാമ്യസംഖ്യ നഷ്ടമായെന്നു മാത്രമല്ല 2021നെ അപേക്ഷിച്ച് പകുതി വോട്ട് മാത്രമേ സമാഹരിക്കാൻ കഴിഞ്ഞുള്ളൂ.
ചാണ്ടി ഉമ്മൻ കനത്ത ഭൂരിപക്ഷത്തോടെ വിജയിക്കും എന്നതിൽ ആർക്കുമുണ്ടായിരുന്നില്ല സംശയം. യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും ഉരുക്കുകോട്ടയാണ് പുതുപ്പള്ളി മണ്ഡലം. കേരള കോൺഗ്രസ് രൂപീകരണത്തിനു ശേഷം 1965ലും 1967ലും ത്രികോണ മത്സരത്തിൽ മാർക്‌സിസ്റ്റ് പാർട്ടിയിലെ ഇ.എം. ജോർജ് ജയിച്ചതും 1999ലെയും 2004ലെയും ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ സി.പി.എം സ്ഥാനാർത്ഥി സുരേഷ് കുറുപ്പ് നേരിയ ലീഡ് കൈവരിച്ചതും ഒഴികെ മറ്റെല്ലായ്‌പ്പോഴും അവിടെ കോൺഗ്രസാണ് ജയിച്ചിട്ടുള്ളത്. 1980ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു എന്നതുകൂടി വേണമെങ്കിൽ പറയാമെന്നുമാത്രം. പുതുപ്പള്ളി മണ്ഡലത്തിൽ ടോമി കല്ലാനിയോ നാട്ടകം സുരേഷോ മത്സരിച്ചാൽ പോലും ജയിക്കും. 1970 മുതൽ 12 തവണ അവിടെനിന്നു വിജയിച്ച, 53 കൊല്ലം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടിയുടെ ദേഹവിയോഗത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് സംസ്ഥാനത്തെമ്പാടും അലയടിച്ച വൈകാരിക അന്തരീക്ഷം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പുതുപ്പള്ളിയിൽ അത് അതിതീവ്രമായി തുടരുന്നു. അദ്ദേഹത്തിന്റെ കബറിടം ഒരു തീർത്ഥാടനകേന്ദ്രമായി പോലും മാറിയിരിക്കുന്നു. അങ്ങനെയൊരു വൈകാരിക സന്ദർഭത്തിലാണ്, ഉമ്മൻചാണ്ടിയുടെ മരണം കഴിഞ്ഞ് കൃത്യം 22ാം ദിവസം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അവിടെ മകൻ ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയായി വരികയും ചെയ്തതോടെ യു.ഡി.എഫിന്റെ വിജയം സുനിശ്ചിതമായി. ഇലക്ട്രോണിക് യന്ത്രത്തിൽ ചാണ്ടി ഉമ്മന്റെ പേരാണ് ഉണ്ടായിരുന്നതെങ്കിലും പുതുപ്പള്ളിയിലെ യഥാർത്ഥ സ്ഥാനാർത്ഥി യശശ്ശരീരനായ ഉമ്മൻചാണ്ടി തന്നെയായിരുന്നു. അതുകൊണ്ടുതന്നെ എൽ.ഡി.എഫിന്റെ വിജയസാദ്ധ്യത പൂജ്യത്തിലും കുറഞ്ഞ ശതമാനം മാത്രമായിരുന്നു.
സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രതിച്ഛായ സാമാന്യേന മങ്ങിയ സമയവുമായിരുന്നു. സ്പീക്കറുടെ വാമൊഴി വഴക്കവും മിത്ത് വിവാദവും കത്തിനിന്ന സമയത്താണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം കരിമണൽ കമ്പനിയിൽ നിന്നു മാസപ്പടി വാങ്ങിയ വിവാദം പുറത്തുവന്നു. അതിനെ നിഷേധിക്കാൻ മുഖ്യമന്ത്രിയോ മകളോ മരുമകനോ തയ്യാറായില്ല. പാർട്ടി സെക്രട്ടറി നൽകിയ വിശദീകരണം മാലോകർക്ക് ബോദ്ധ്യപ്പെട്ടതുമില്ല. നിയമസഭയ്ക്ക് അകത്തും പുറത്തും ആരോപണം ഉന്നയിച്ച മൂവാറ്റുപുഴ എം.എൽ.എയുടെ വീടും പുരയിടവും അളക്കാൻ റവന്യൂ അധികൃതർ കാണിച്ച അത്യുത്സാഹം ഗുണത്തേക്കാൾ ദോഷമാണ് ചെയ്തത്. ഓണം പ്രമാണിച്ച് ഉപ്പുതൊട്ട് കർപ്പൂരം വരെ സകല സാധനത്തിനും വിലകൂടിയതും സർക്കാരിനെ പ്രതിരോധത്തിലാക്കി. അതിനും പുറമേയാണ് എ.സി.മൊയ്തീന്റെ വീട്ടിലെ എൻഫോഴ്സ്മെന്റ് റെയ്ഡ്, ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാൻ പൊലീസ് കാണിച്ച അത്യുത്സാഹം, കർഷകർക്ക് നെല്ലിന്റെ വിലകിട്ടാത്തതിനെച്ചൊല്ലി നടൻ ജയസൂര്യ ഉയർത്തിവിട്ട വിവാദം. ഉച്ചക്കഞ്ഞി വിതരണം പ്രധാന അദ്ധ്യാപകരെ കടക്കെണിയിലാക്കി എന്ന വാർത്തയാണ് തിരഞ്ഞെടുപ്പ് ദിവസം പുറത്തുവന്നത്. എല്ലാം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയസാദ്ധ്യത ഒന്നിനൊന്ന് അവതാളത്തിലാക്കി.
എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഒരു സ്ഥാനാർത്ഥിയെ നിറുത്തി തികച്ചും രാഷ്ട്രീയമായ മത്സരം സംഘടിപ്പിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടർന്ന് വേങ്ങരയിലും മറ്റും നടന്ന ഉപതിരഞ്ഞെടുപ്പ് പോലെ. എന്നാൽ തികച്ചും തെറ്റായ പ്രവണതയാണ് സഖാക്കളുടെ ഭാഗത്തുനിന്ന് ആദ്യം മുതലേ ഉണ്ടായത്. പാർട്ടിയുടെ ഒരു സമുന്നത നേതാവ് ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെ ഉമ്മൻചാണ്ടിയെയും കുടുംബാംഗങ്ങളെയും കുറിച്ചു നടത്തിയ പരാമർശങ്ങൾ മണ്ഡലത്തിൽ നേർവിപരീത വികാരം സൃഷ്ടിച്ചു. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ മണ്ഡലത്തിൽ യാതൊരു വികസനവും നടന്നിട്ടില്ലെന്ന പ്രചാരണവും അതേഫലം തന്നെയുണ്ടാക്കി. ചികിത്സ കിട്ടാതെയാണ് ഉമ്മൻചാണ്ടി മരിച്ചതെന്ന ആരോപണവും മകൾ അച്ചു ഉമ്മനെതിരെ നടന്ന സൈബർ ആക്രമണവും വിപരീതവികാരം സൃഷ്ടിച്ചു. എല്ലാറ്റിനുമുപരി ഉമ്മൻചാണ്ടിയെക്കുറിച്ച് നല്ലവാക്ക് പറഞ്ഞതിന് സ്ഥലത്തെ മൃഗാശുപത്രിയിൽ നിന്ന് താത്കാലിക തൂപ്പുകാരിയെ പിരിച്ചുവിട്ടതും അവർക്കെതിരെ ആൾമാറാട്ടത്തിനു കേസെടുത്തതും ജനങ്ങൾക്കിടയിൽ വലിയ വിപ്രതിപത്തി സൃഷ്ടിച്ചു. ഇവയൊക്കെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഗണ്യമായി വർദ്ധിപ്പിച്ചു.
സംസ്ഥാനത്ത് പൊതുവേയും പുതുപ്പള്ളിയിൽ പ്രത്യേകിച്ചും ഉണ്ടായിരുന്ന വൈകാരിക-രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ചാണ്ടി ഉമ്മനു ലഭിച്ച 37,719 അത്രവലിയ ഭൂരിപക്ഷമെന്നു പറയാനാവില്ല. ഭരണവിരുദ്ധ വികാരം ഉപതിരഞ്ഞെടുപ്പിൽ പ്രകടമായെന്നും കരുതാനാവില്ല. ജെയ്ക് സി. തോമസിന്റെ ദൗത്യം സെപ്റ്റംബർ അഞ്ചിന് ആറുമണിക്ക് അവസാനിച്ചു; ചാണ്ടി ഉമ്മന്റേത് സെപ്റ്റംബർ എട്ടിന് ഉച്ചയ്ക്ക് ആരംഭിച്ചിട്ടേയുള്ളൂ. അരനൂറ്റാണ്ടിലേറെക്കാലം മണ്ഡലത്തിലും സംസ്ഥാനരാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന അതികായനായ പിതാവ് ബാക്കിവച്ചുപോയ ഉത്തരവാദിത്വം അത്ര എളുപ്പത്തിൽ നിറവേറ്റാനാകുകയില്ല. അതുകൊണ്ടുതന്നെ വലിയ വെല്ലുവിളികളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |