
കുട്ടനാട്: ആലപ്പുഴ സിപിഎമ്മിൽ വീണ്ടും വിഭാഗിയത മറനീക്കി. അടുത്തിടെ സിപിഐയിൽ ചേർന്ന മൂന്ന് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുട്ടനാട്ടിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കുട്ടനാട് ഏരിയാ കമ്മിറ്റി അംഗങ്ങളായ എ എസ് അജിത്, വി കെ കുഞ്ഞുമോൻ, എം ഡി ഉദയ്‌കുമാർ എന്നിവരെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയത്. പിന്നാലെ തന്നെ വർഗ വഞ്ചകരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പ്രവർത്തകരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയായിരുന്നു.
ഏരിയാ-ലോക്കൽ കമ്മിറ്റി അംഗങ്ങൾ ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ 222 പേരാണ് കഴിഞ്ഞ ആഴ്ച്ച സിപിഎം വിട്ട് സിപിഐയിലേയ്ക്ക് ചേക്കേറിയത്. ഇവരിൽ ഏരിയാ കമ്മിറ്റി അംഗങ്ങളായ മൂന്ന് പേർക്കെതിരെയാണ് ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നടപടിയുണ്ടായത്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷമാണ് വിമതർക്കെതിരെ പോസ്റ്റർ പ്രതിഷേധം അരങ്ങേറിയത്. ഒറ്റുക്കൊടുത്തവരെന്നും വർഗ വഞ്ചകരെന്നുമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരെ പോസ്റ്ററുകളിൽ വിശേഷിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |