തൃശൂർ: ദക്ഷിണേന്ത്യയിൽ കൂടുതൽ സ്വർണക്കടകളും സ്വർണാഭരണ കേന്ദ്രങ്ങളുമുളള നഗരങ്ങളിലൊന്നായ തൃശൂരിൽ കവർച്ചകൾ ആവർത്തിക്കുമ്പോൾ, സ്വർണാഭരണങ്ങൾ കൊണ്ടുപോകുന്നതിലും സൂക്ഷിക്കുന്നതിലും സുരക്ഷ ഉറപ്പാക്കാനാകുന്നില്ല.സ്വർണത്തിന് വില ഉയർന്നതും സ്വർണാഭരണ നിർമ്മാണശാലകളിലും മറ്റുമുളള അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യവുമാണ് കവർച്ചാ സംഘത്തിന് തുണയാകുന്നതെന്നാണ് പൊലീസിന്റെ നിഗമനങ്ങളിലൊന്ന്.
സ്വർണ ഉപഭോക്താക്കളും തൃശൂരിൽ ഏറെയുണ്ട്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഒല്ലൂരിലെ ഒരു ജുവലറിയിൽ തന്നെ പലതവണ കവർച്ച നടന്നിരുന്നു. ഉത്തരേന്ത്യയിൽ നിന്നുളള പ്രൊഫഷണൽ കവർച്ചാസംഘമാണ് തൃശൂരിലെ സ്വർണത്തിൽ അന്ന് കണ്ണുവച്ചത്. വ്യാജ സ്വർണം നൽകി പ്രമുഖ ജുവലറികളെ കബളിപ്പിക്കുന്ന ഉത്തരേന്ത്യൻ സംഘവും സജീവമായിരുന്നു.
സ്വർണാഭരണങ്ങളെക്കുറിച്ചും നിർമ്മാണത്തെ സംബന്ധിച്ചും വ്യക്തമായ വിവരമുളളവരാണ് ഇത്തരം കവർച്ചാസംഘങ്ങൾ. ഇവർ കൊണ്ടുവരുന്ന വ്യാജ സ്വർണാഭരണങ്ങൾ ജുവലറികളിലെ വിദഗ്ദ്ധരായ തൊഴിലാളികൾക്ക് പോലും കണ്ടെത്താൻ കഴിയില്ല. തൃശൂരിൽ മാത്രമായി കാൽ ലക്ഷത്തിലേറെ പേർ നേരിട്ടും അനുബന്ധ ജോലികളിലും വിപണനരംഗത്തുമായി ആയിരക്കണക്കിനു പേർ തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്ക്. സ്വർണവിലയുടെ അടിസ്ഥാനത്തിലാണ് ഇവർക്ക് കൂലി നിരക്ക് ലഭിക്കുന്നത്. വ്യാപാര രംഗത്ത് തൃശൂരിന്റെ പെരുമ കാത്തതും സ്വർണ കടകളും സ്വർണാഭരണ നിർമ്മാണ ശാലകളുമാണ്. പക്ഷേ, സുരക്ഷിതത്വം ഉറപ്പാക്കിയില്ലെങ്കിൽ ഭീതിയും ആശങ്കയും ഒഴിയില്ല.
തൊണ്ടിമുതൽ കണ്ടെടുക്കാനുമാവില്ല
വെളളിയും ചെമ്പും ചേർത്ത സ്വർണാഭരണങ്ങൾ ഇവിടെ നിന്ന് മാറ്റിയെടുത്തും കവർച്ച നടത്തിയും മുങ്ങുന്ന സംഘങ്ങൾക്ക് വലിയ സാമ്പത്തിക പശ്ചാത്തലവുമുണ്ടായിരുന്നു. വിമാനത്തിൽ കേരളത്തിലെത്തി തിരിച്ച് വിമാനത്തിൽ മടങ്ങുന്ന ഇവർക്ക്, ആധുനിക കവർച്ചാരീതികളുമറിയാം. കേരളത്തിൽ ലഭ്യമല്ലാത്ത തരത്തിലുള്ള ഉപകരണങ്ങളും മറ്റും കവർച്ചയ്ക്ക് ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. കവർന്നെടുക്കുന്ന ആഭരണങ്ങൾ കൈമറിഞ്ഞ് കടത്തുകയും ചെയ്യും. അതുകൊണ്ടു തന്നെ തൊണ്ടിമുതൽ കണ്ടെടുക്കുന്നത് ക്ലേശകരമാകും.
ജാഗ്രത വേണം
സ്വർണം വീട്ടിൽ സൂക്ഷിക്കുന്നവരും ജൂവലറി ഉടമകളും ആഭരണ നിർമ്മാതാക്കളും ജാഗ്രത പുലർത്തണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. പലപ്പോഴും നഷ്ടപ്പെട്ട സ്വർണത്തിന്റെ ഇൻഷ്വറൻസ് തുക ലഭിക്കുന്നതു പോലും അത്ര എളുപ്പമല്ല. പൊലീസിന്റെ അന്വേഷണം അവസാനിപ്പിച്ച ശേഷം വേണം ഇൻഷ്വറൻസ് കമ്പനിയുമായി നിയമപരമായ നീക്കങ്ങൾ നടത്താൻ.
ശ്രദ്ധിക്കാൻ:
വീട്ടിൽ വലിയ അളവിൽ സ്വർണാഭരണങ്ങൾ സൂക്ഷിക്കുന്നത് അപകടകരം
യാത്രാവേളകളിൽ കൂടുതൽ ആഭരണങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക
സ്വർണമോ കൂടുതൽ പണമോ യാത്രയ്ക്കിടെ ബാഗിൽ വയ്ക്കരുത്.
സ്വർണം ഹാൻഡ് ബാഗിൽ സൂക്ഷിക്കുന്നതും കവർച്ചയ്ക്കിടയാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |