കൊച്ചി: വനിതാ യൂട്യൂബറും സുഹൃത്തും എംഡിഎംഎ കൈവശം വച്ച കേസില്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ റിന്‍സി, ഇവരുടെ സുഹൃത്ത് യാസര്‍ അറഫാത്ത് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പാലച്ചുവട്ടിലെ ഫ്‌ളാറ്റില്‍ നിന്നാണ് യൂട്യൂബറേയും സുഹൃത്തിനേയും മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പൊലീസ് പിടികൂടിയത്. ലഹരിമരുന്ന് കൈവശം വച്ചുവെന്ന കുറ്റം ചുമത്തിയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. 22 ഗ്രാം എംഡിഎംഎയാണ് പ്രതികളുടെ കൈയില്‍ നിന്ന് പിടിച്ചെടുത്തത്.
സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ ക്യാമ്പയിന്‍ പുരോഗമിക്കുന്നതിനിടെയാണ് ഒരു പ്രമുഖ യൂട്യൂബര്‍ ലഹരി കേസില്‍ അറസ്റ്റിലായിരിക്കുന്നത്. ലഹരി വേട്ടയുടെ ഭാഗമായി കേരള പൊലീസും എക്‌സൈസ് വകുപ്പും സംയുക്തമായി നടത്തുന്ന ഓപ്പറേഷന്‍ ഡി-ഹണ്ടും കേരളത്തിലുടനീളം പുരോഗമിക്കുന്നുണ്ട്. ദിവസേന നൂറ്കണക്കിന് സംഭവങ്ങളാണ് സംശയാസ്പദമായ സാഹചര്യത്തില്‍ സംഘം പരിശോധന നടത്തുന്നത്. നിരവധിപേര്‍ പ്രതിദിനം അറസ്റ്റിലാകുന്നുമുണ്ട്.
അതേസമയം സംസ്ഥാനത്ത് ഏറ്റവും അധികം ലഹരി കേസുകള്‍ പിടികൂടുന്നത് കൊച്ചിയിലാണ്. ബംഗളൂരു, മൈസൂര്‍, ഗോവ, മുംബയ് എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ലഹരി വ്യാപകമായി എത്തുന്നുവെന്നാണ് മുന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അടുത്തിടെ വെളിപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |