ആലപ്പുഴ: കുട്ടനാട്ടിൽ പാർട്ടി വിട്ട നേതാക്കളെ അനുനയിപ്പിക്കാൻ തിരക്കിട്ട ശ്രമവുമായി സി.പി.എം ജില്ല നേതൃത്വം. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എച്ച്.സലാം, മനു സി.പുളിക്കൽ, കെ.എച്ച്.ബാബുജാൻ, ബി.രാജമ്മ, ജി.ഹരിശങ്കർ എന്നിവരാണ് മുതിർന്ന നേതാക്കളെയടക്കം കണ്ട് അനുനയ നീക്കം നടത്തിയത്.
ഏരിയാനേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തി 222 ഓളം പേരുടെ കൂട്ടരാജിയിലേക്ക് നയിച്ച സംഭവവികാസങ്ങളുടെ പേരിൽ രണ്ട് ഏരിയാകമ്മിറ്റിയംഗങ്ങളുൾപ്പെടെ മൂന്നുപേരെ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇവർക്കെതിരെയെടുത്ത നടപടി പാർട്ടി വിട്ടവരോട് വിശദീകരിക്കാൻ കൂടിയാണ് സെക്രട്ടേറിയറ്റംഗങ്ങൾ രാമങ്കരി, കാവാലം, തലവടി പ്രദേശങ്ങളിലെ നേതാക്കളുടെ വീടുകളിലെത്തി കൂടിക്കാഴ്ച നടത്തിയത്.
ഏരിയാനേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടുകൾക്കും ഇതിന് പിന്തുണ നൽകുന്ന ജില്ല നേതൃത്വത്തിനുമെതിരെ നേതാക്കൾ, വീടുകളിലെത്തിയവരോട് പൊട്ടിത്തെറിച്ചതായാണറിയുന്നത്.
വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്നാരോപിച്ച് ഏരിയാകമ്മിറ്റിയംഗങ്ങളായ എ.എസ്.അജിത്ത്, ബി.കെ.കുഞ്ഞുമോൻ, മുൻ എരിയാകമ്മിറ്റിയംഗം ഉദയൻ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായെത്തിയ ഏരിയ കമ്മിറ്റിയംഗവും പഞ്ചായത്ത് പ്രസിഡന്റുമായ രാജേന്ദ്രകുമാറുൾപ്പെടെയുള്ളവർക്കെതിരെ നടപടിക്ക് ധൈര്യപ്പെടാത്തതും ചർച്ചയായിട്ടുണ്ട്. പാർട്ടിയിലെ വിഭാഗീയത പഞ്ചായത്ത് ഭരണത്തെ ബാധിക്കാതിരിക്കാനുള്ള തന്ത്രമാണിതെന്നാണ് കരുതുന്നത്.
രാഷ്ട്രീയ വിശദീകരണം
സി.പി.എം വിട്ട എല്ലാവർക്കും അംഗത്വം നൽകിയതായി സി.പി.ഐ നേതൃത്വം അറിയിച്ചിട്ടുണ്ടെങ്കിലും സ്വീകരണമുൾപ്പെടെയുള്ള പരസ്യപരിപാടികൾക്ക് തയ്യാറായിട്ടില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടന്ന സമയമായതിനാലാണ് അങ്ങനെയൊരു പരസ്യനീക്കം നടത്താതിരുന്നതെന്നാണ് സി.പി.ഐ നേതാക്കൾ പറയുന്നത്.
കേന്ദ്ര സർക്കാരിനെതിരായ പ്രചാരണപരിപാടികളുടെ ഭാഗമായി സി.പി.ഐയുടെ നേതൃത്വത്തിൽ ജില്ലയിലാരംഭിക്കുന്ന കാൽനട പ്രചാരണ ജാഥയിൽ, സി.പി.എമ്മിൽ നിന്നെത്തി അംഗത്വം സ്വീകരിച്ചവരും പങ്കെടുക്കാൻ സാദ്ധ്യതയുണ്ട്. 16ന് കേന്ദ്ര സർക്കാരിനെതിരെ കുട്ടനാട്ടിൽ സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണയോഗത്തിലൂടെ പാർട്ടി വിട്ടവർക്ക് മറുപടി നൽകാനുള്ള നീക്കവും സി.പി.എം ജില്ല നേതൃത്വത്തിനുണ്ടെന്നാണറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |