റാബത്ത്: മൊറോക്കോ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3000 കടന്നു. പരിക്കേറ്റ 2562 പേർ ചികിത്സയിലാണ്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. പലരും അഞ്ചാം ദിവസവും തെരുവിലാണ്. അതേസമയം, കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ ജീവൻ കണ്ടെത്താനുള്ള മൊറോക്കയുടെ ശ്രമത്തിൽ സ്പെയിൻ, ബ്രിട്ടൻ, ഖത്തർ എന്നീ രാജ്യങ്ങളും ഒപ്പമുണ്ട്. ഭൂകമ്പം ഏറെ നാശം വിതച്ച പർവത പ്രദേശങ്ങളിൽ എത്തിപ്പെടാനുള്ള പ്രായാസം കാരണം കാണാതായവരുടെ വ്യക്തമായ കണക്കുകൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.
സെപ്തംബര്‍ 8നാണ് കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റവും ശക്തിയേറിയ ഭൂകമ്പം മൊറോക്കോയെ പിടിച്ചുകുലുക്കിയത്. മണ്ണ് കൊണ്ടും ഇഷ്ടിക കൊണ്ടും നിര്‍മ്മിച്ച പരമ്പരാഗത വീടുകളാണ് കൂടുതലും മണ്ണടിഞ്ഞത്. വിനാശകരമായ ഭൂകമ്പങ്ങൾ അപൂർവമായ സ്ഥലങ്ങളില്‍ കെട്ടിടങ്ങൾ വേണ്ടത്ര മുന്‍കരുതലോടെ നിർമ്മിക്കുന്നില്ലെന്നും ഇത് നാശനഷ്ടങ്ങളുടെ തീവ്രത കൂട്ടുന്നുവെന്നും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ പ്രൊഫസർ ബിൽ മക്ഗുയർ അഭിപ്രായപ്പെട്ടു.
മറകേഷ് നഗരത്തിലെ തെക്കന്‍ മേഖലയിലും റാബത്തിലും പര്‍വത മേഖലകളിലെ ഗ്രാമങ്ങളിലുമാണ് ഏറ്റവും നാശനഷ്ടമുണ്ടായത്. ചരിത്ര സ്മാരകങ്ങളും പൌരാണിക നഗരങ്ങളും നിലംപൊത്തി. പല ഗ്രാമങ്ങളും ഇല്ലാതായി. മറകേഷ് നഗരത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഹൈ അറ്റ്‍ലാന്‍റിസ് മലനിരകളാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. 18.5 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂകമ്പമുണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തി. മൊറോക്കോയില്‍ 1960ൽ 12000 പേരുടെ ജീവൻ നഷ്ടമായ ഭൂകമ്പത്തിനു ശേഷമുള്ള ഏറ്റവും വിനാശകരമായ ഭൂചലനമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |