ജയ്പ്പൂർ: രാജസ്ഥാനിൽ വീണ്ടും ആൾക്കൂട്ട കൊല. രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിൽ കേസന്വേഷണത്തിനായെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയാണ് നാട്ടുകാർ ചേർന്ന് അടിച്ച് കൊന്നത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. കുൻവാരിയയിൽ താമസിക്കുന്ന ഹെഡ്കോൺസ്റ്റബിൾ അബ്ദുൾ ഗനിയാണ് ആൾക്കൂട്ടത്തിന്റെ ക്രൂരമായ മർദ്ദനം മൂലം കൊല്ലപെട്ടത്.
ഭൂമി കയ്യേറ്റ വിഷയത്തെ സംബന്ധിച്ച ഒരു കേസിന്റെ അന്വേഷണത്തിനാണ് അബ്‌ദുൾ രാജ്‌സമന്ദിലേക്ക് എത്തുന്നത്. എന്നാൽ ഇവിടുള്ള നാട്ടുകാരുമായി പൊലീസുകാരൻ തർക്കത്തിലേർപ്പെട്ടു. തർക്കം മൂർച്ഛിക്കുകയും തുടർന്ന് നാട്ടുകാർ അബ്‌ദുളിനെ ആക്രമിക്കുകയുമായിരുന്നു.
നാട്ടുകാരുടെ മർദ്ദനത്തെ തുടർന്ന് ബോധം മറഞ്ഞ് നിലത്ത് വീണ പൊലീസുകാരനെ അധികം താമസിയാതെ തന്നെ അടുത്തുള്ള ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമത്തിൽ പങ്കുളള ഏതാനും ചിലരെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.
ഇതിനുമുൻപും നിരവധി ആൾക്കൂട്ട കൊലകൾ രാജസ്ഥാനിൽ നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം പശുവിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് ആൾക്കൂട്ടം രക്‌ബർ ഖാൻ എന്നൊരാളെ കൊല ചെയ്തിരുന്നു. 2017ൽ വാഹനത്തിൽ പശുവിനെ കടത്തിയെന്ന പേരിൽ പെഹ്ലു ഖാൻ എന്നയൊരാളെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവവും വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |