യുക്തിയും ഭക്തിയും ചേരുന്നതാണ് മനുഷ്യന്റെ ജീവിതം.കാണുന്നതിനെ മാത്രമല്ല സാധാരണ മനുഷ്യർക്ക് കാണാൻ കഴിയാത്തതും എന്നാൽ ഋഷിമാർക്ക് കാണാൻ കഴിയുന്നതുമായ ശാസ്ത്ര യുക്തികളേയും വിശ്വസിച്ച് ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ് ഭാരതീയ ആത്മീയത.ലോകത്തിലെ ആധുനിക ശാസ്ത്രം ഭാരതത്തിലെ ഋഷിമാരെയാണ് ഗുരുസ്ഥാനീയരായി കാണുന്നത്.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ ഭാരതത്തിലെ ഋഷിമാരാണ് ജ്ഞാനദൃഷ്ടിയിലൂടെ ആദ്യമായി നവഗ്രഹങ്ങളെ കുറിച്ചും നവഗ്രഹങ്ങൾ തമ്മിലുള്ള ദൂരങ്ങളെ കുറിച്ചും പറഞ്ഞത്.അവർ കണ്ടെത്തിയ നവഗ്രഹങ്ങൾക്ക് പേരിട്ടു.നവഗ്രഹങ്ങളെ ആരാധിക്കാൻ ധ്യാന ശ്ലോകങ്ങളും എഴുതി.കാലങ്ങൾക്ക് ശേഷം ആധുനിക ശാസ്ത്രം വികസിച്ചപ്പോൾ നവഗ്രഹങ്ങൾ യാഥാർത്ഥ്യമാണെന്ന് മനസിലായി.നവഗ്രഹങ്ങളെ കുറിച്ച് ഭാരതത്തിലെ ഋഷിമാർ കണ്ടെത്തിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രലോകം ബഹിരാകാശ ഗവേഷണം തുടങ്ങിയതും തുടരുന്നതും.അറിവിന്റേയും ജ്ഞാനത്തിന്റേയും അധിപതിയായ ഗണപതിയെ കുറിച്ചും ഗണേശോത്സവത്തെക്കുറിച്ചും ഋഷിമാരാണ് പറഞ്ഞു തന്നത്.നവഗ്രഹങ്ങൾ യാഥാർത്ഥ്യമായതിനാൽ ഗണപതിയെ കുറിച്ച് ഋഷിമാർ പറഞ്ഞതിനേയും അവിശ്വസിക്കേണ്ട കാര്യമില്ല.
വേദകാലങ്ങളിൽ മനുഷ്യൻ ദൈവങ്ങളേക്കാൾ മുകളിലായിരുന്നു.ഭൂമിയിൽ കള്ളങ്ങളില്ലായിരുന്നു.ഒരു വീട്ടിലേയും ധാന്യപ്പുരകൾ പൂട്ടിയിരുന്നില്ല.അയൽക്കാരന് ആവശ്യമുള്ളവ അനുവാദമില്ലാതെ എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.സമ്പന്നരായ മനുഷ്യർ ദൈവത്തെ ഭജിക്കാതെയായി.അതോടൊപ്പം അലസരുമായി തീർന്നു.സുഖമറിയണമെങ്കിൽ ദുരിതങ്ങളും ദു:ഖങ്ങളുമുണ്ടാകണം.ഇരുളുണ്ടെങ്കിലേ വെളിച്ചത്തിന്റെ വിലയറിയൂ.വിശപ്പുണ്ടെങ്കിലേ ആഹാരത്തിന്റെ രുചിയറിയൂ.ദുഃഖമുണ്ടെങ്കിലെ സുഖത്തിന്റെ മൂല്യമറിയൂ.
ഈ സമയത്താണ് ദേവൻമാരും അസുരൻമാരും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്.ദേവലോകത്ത് നിരന്തരം ഏറ്റുമുട്ടലുകൾ നടത്തുകയും ശല്യപ്പെടുത്തുകയും ചെയ്യുന്ന വിനാശകാരികളായ എട്ട് അസുരൻമാരെ വധിക്കാനായി ദേവൻമാർ അഷ്ടഗണപതിമാരെയാണ് നിയോഗിച്ചത്.മത്സാരാസുരനെ വക്രതുണ്ഡനും മോഹാസുരനെ മഹോദരനും മദാസുരനെ വിഘ്നരാജനും ലോപാസുരനെ ഗജമുഖനും അഹന്താസുരനെ ധൂമവർണ്ണനും ക്രോധാസുരനെ ലംബോധരനും മഹാസുരനെ ഏകദന്തനും കാമാസുരനെ വികടനുമാണ് വധിച്ചത്.
വധിക്കപ്പെടുന്നതിന് മുമ്പ് അസുരൻമാർ ആവശ്യപ്പെട്ടതിൻ പ്രകാരം അസുരൻമാരുടെ ആത്മാക്കളെ ഭൂമിയിലേക്ക് അയച്ചു.
ഗണേശോത്സവം
ഭൂമിയിൽ എത്തിയ അസുരൻമാർ മനുഷ്യരുടെ മനസുകളിൽ കയറിക്കൂടി.ഒരു വീട്ടിനുള്ളിൽ സന്തോഷത്തോടെയും സമാധാനത്തോടെയും താമസിച്ചിരുന്നവർ പോലും പല കാരണങ്ങളാൽ മത്സരിക്കാൻ തുടങ്ങി.മോഹവും മദവും വിഘ്നങ്ങളും ലോപവും അഹന്തയും ക്രോധവും കാമവും തമ്മിലുള്ള മത്സരങ്ങൾ കാരണം മനുഷ്യർ തമ്മിൽ തല്ലി നശിക്കാൻ തുടങ്ങി.
നാമജപം മുടങ്ങിയ ലോകം നശിക്കുമെന്ന ഘട്ടത്തിൽ പരിഹാരം കാണാൻ ദൈവങ്ങൾ ഗണപതിയെ ചുമതലപ്പെടുത്തി.നന്മയും തിന്മയും തമ്മിലുള്ള മത്സരത്തിൽ നന്മയെ നിലനിർത്താൻ വേണ്ടി ദേവൻമാരുടെ നിർദ്ദേശപ്രകാരം തുടങ്ങിയതാണ് ഗണേശോത്സവം.
പഞ്ചഭൂതങ്ങളിൽ ലയിക്കാൻ കഴിയുന്ന ഗണേശ വിഗ്രഹത്തെ വീടുകളുടേയും സ്ഥാപനങ്ങളുടേയും പുറത്ത് ഒമ്പത് ദിവസം പൂജിക്കണം.മന്ത്രങ്ങൾ പോലും വേണ്ട.അറിയാവുന്ന ഭാഷയിൽ ആത്മസമർപ്പണത്തോടെ ഗണപതിയോട് മനമുരുകി ഒമ്പത് ദിവസം പ്രാർത്ഥിക്കുക.ഓരോ ദിവസം പ്രാർത്ഥിക്കുമ്പോൾ മനസിലുള്ള ഓരോ അസുരഭാവത്തേയും ഗണപതി ഏറ്റു വാങ്ങും.എട്ട് ദിവസം പ്രാർത്ഥിക്കുമ്പോൾ എട്ട് അസുരഭാവവും ഗണപതി ഏറ്റു വാങ്ങും.എട്ട് ദിവസം കൊണ്ട് എട്ട് അസുരൻമാരുടെ നെഗറ്റീവ് എനർജി മാത്രം ഉൾക്കൊള്ളുന്ന ഗണപതി വിഗ്രഹത്തെ ഒമ്പതാമത്തെ ദിവസം കിട്ടാൻ ആഗ്രഹിക്കുന്ന കാര്യം പ്രാർത്ഥനയോടെ പറഞ്ഞ് കടലിൽ ഒഴുക്കിക്കളയും.കടൽ ഇല്ലാത്തിടത്ത് ഒഴുക്കുള്ള വെള്ളത്തിൽ നിമജ്ജനം ചെയ്യണം.ഭാരതവർഷ കലണ്ടർ പ്രകാരമുള്ള എട്ടാം മാസമായ ഭാദ്രമാസത്തിലെ ചതുർത്ഥിക്കാണ് ഗണേശോത്സവം ആഘോഷിക്കേണ്ടത്. മനസിൽ നന്മ അവശേഷിക്കുന്നവർക്കും നല്ലവരാകാൻ ആഗ്രഹിക്കുന്നവർക്കും ഗണേശോത്സവത്തിലെ ഗണേശ പൂജയിലൂടെ വിജയവും വിനയവും നേടാൻ കഴിയും.
ഗണേശോത്സവവും ദേശീയതയും
പുതു ലോകത്തിന്റെ ആഘോഷമല്ല ഗണേശോത്സവം.പുരാണങ്ങളിലും മഹാഭാരതത്തിലും ഗണേശോത്സവത്തെക്കുറിച്ച് പറയുന്നുണ്ട്.
നള രാജാവ് ചൂതുകളിയിൽ തോറ്റ് കാട് കയറിയപ്പോൾ പത്നി ദമയന്തി ശരഭംഗ മഹർഷിയുടെ ഉപദേശത്താൽ ഭാദ്ര മാസത്തിലെ കൃഷ്ണചതുർത്ഥിയിൽ ഗണേശപൂജയും ഗണേശോത്സവവും നടത്തിയതിന് ശേഷമാണ് നളന് കലിയിൽ നിന്നും കഷ്ടനഷ്ടങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിഞ്ഞത്. ശ്രീകൃഷ്ണന്റെ നിർദ്ദേശ പ്രകാരം ബഹളാമുഖി ബ്രഹ്മാസ്ത്ര ഹോമത്തിന് ശേഷം ഭാദ്രമാസത്തിലെ ചതുർത്ഥിയിൽ ഗണേശോത്സവം നടത്തിയതിന് ശേഷമാണ് പാണ്ഡവർ യുദ്ധത്തിന് പോയി വിജയം നേടിയത്.ഗണേശോത്സവത്തിൽ നിന്നുള്ള അനുഗ്രഹത്തിലാണ് ഛത്രപതി ശിവജി മുഗളൻമാരെ പരാജയപ്പെടുത്തിയത്.
ശിവജി നേടിയ വിജയത്തിന്റെ പാഠമുൾക്കൊണ്ടാണ് ബാലഗംഗാധര തിലകൻ സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ഗണേശോത്സവം നടത്തിയത്.അതോടെ ദേശീയതയുടെ ഉത്സവം കൂടിയായി ഗണേശോത്സവം മാറി.
ഭാരത വർഷ കലണ്ടർ പ്രകാരമുള്ള ഭാദ്രമാസത്തിലെ ചതുർത്ഥിയായ സെപ്തംബർ 16 മുതൽ 25 വരെയാണ് ഈ വർഷത്തെ ഗണേശോത്സവം നടക്കുന്നത്.കേരളത്തിലും അങ്ങോളമിങ്ങോളമുള്ള ഗണേശ ഭക്തർ ഗണേശോത്സവം നടത്താനുള്ള തയ്യാറെടുപ്പിലാണ്. മണ്ണിലുണ്ടാക്കിയ ഗണപതി വിഗ്രഹമാണ് ഭക്തിയോടെ പൂജിച്ച് ആരാധിക്കേണ്ടത്.എല്ലാ ദിവസവും കൊഴുക്കട്ട, ഉണ്ണിയപ്പം,ലഡു എന്നിവ നിവേദിക്കണം.എട്ട് ദിവസം ആരാധിച്ച് ഒമ്പതാമത്തെ ദിവസം മനസിലുള്ള ആഗ്രഹങ്ങൾ പറഞ്ഞ് ദീപാരാധനയ്ക്ക് ശേഷം പൊതുജന പാതയിലൂടെ വാദ്യാദിഘോഷങ്ങളുമായി ഗണേശനെ എഴുന്നള്ളിച്ച് കടൽതീർത്ഥത്തിലോ നദീ തീർത്ഥത്തിലോ ലയിപ്പിക്കണം.നമ്മുടെ പാപദോഷങ്ങളും കഷ്ടതകളും ദുരിതങ്ങളും ഏറ്റുവാങ്ങിയ വിഗ്രഹത്തെ പൂജിക്കാൻ പാടില്ലാത്തതു കൊണ്ടാണ് ജലത്തിൽ ലയിപ്പിക്കുന്നത്.ഭക്തർക്ക് അനുഗ്രഹമേകി ജലത്തിൽ ലയിക്കുന്ന ഗണേശൻ ദേവലോകത്തേക്ക് പോകും.പൂജ ചെയ്യുമ്പോഴും നിമജ്ജനം ചെയ്യുമ്പോഴും ആത്മാർത്ഥമായ പ്രാർത്ഥന വേണം.അന്നദാനം,ഗോദാനം,വസ്ത്ര ദാനം,ഭൂമി ദാനം, പുസ്തക ദാനം തുടങ്ങിയവ പൂജ ചെയ്യുന്നവരേക്കാൾ സാധുക്കൾക്ക് നൽകുന്നത് ശ്രേയസ്കരമാണ്.
ഗണേശോത്സവത്തിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്നവർ നെഗറ്റീവായ കാര്യങ്ങൾ മനസിൽ പോലും ചിന്തിക്കരുത്.കടം തീർക്കണേ എന്ന് ഒരിക്കലും പ്രാർത്ഥിക്കരുത്.സമ്പത്ത് വർദ്ധിപ്പിക്കണേ എന്നാണ് പറയേണ്ടത്.സമ്പത്ത് വർദ്ധിക്കുമ്പോൾ കടം തീരും.ആരോഗ്യം വർദ്ധിപ്പിക്കണേ എന്നാണ് പ്രാർത്ഥിക്കേണ്ടത്.ആരോഗ്യം വർദ്ധിക്കുമ്പോൾ അസുഖങ്ങൾ ഉണ്ടാകില്ല.സന്തോഷം വർദ്ധിപ്പിക്കണേ എന്ന് പ്രാർത്ഥിക്കുമ്പോൾ സങ്കടമുണ്ടാകില്ല.പ്രവർത്തിക്കുമ്പോഴും പ്രാർത്ഥിക്കുമ്പോഴും നല്ല വാക്കുകൾ മാത്രമേ പറയാവൂ.പുരാണങ്ങളിൽ ഗണേശോത്സവം തുടങ്ങിയ കാലത്ത് മതങ്ങളോ ജാതിയോ ഇല്ലായിരുന്നു.അതുകൊണ്ട് ഗണപതിയെ വിശ്വസിക്കുന്ന ഏത് മതക്കാർക്കും ഗണേശോത്സവം നടത്താം.എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഗണേശപൂജ നടത്തി ഉത്സവം ആഘോഷിച്ചാൽ ഈ നാട് മുഴുവൻ സമ്പത്സമൃദ്ധിയിലേക്ക് എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |