ഏത് വിധേനയും പണം നേടുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ക്വട്ടേഷൻ, മയക്കുമരുന്ന് വിൽപന, നിക്ഷേപ തട്ടിപ്പ് തുടങ്ങി ഭക്ഷണത്തിൽ മായം ചേർത്ത് പോലും സാമ്പത്തിക ലാഭത്തിനുള്ള ചൂഷണം നിർബാധം തുടരുന്നു. ഇതിൽനിന്നൊക്കെ പൊതുസമൂഹത്തെ ബോധവത്കരിക്കുകയും ചൂഷകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്യേണ്ടവരാണ് പൊലീസുകാർ. എന്നാൽ പൊലീസ് സേനയിലെ ഒരു വിഭാഗം തന്നെ തട്ടിപ്പിനിരയായാൽ പൊതുജനങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. കനേഡിയൻ ഓൺലൈൻ ഓഹരി വ്യാപാര കമ്പനിയായ 'മെറ്റാവേഴ്സ് ട്രേഡിങ് ഫോറിൻ എക്സ്ചേഞ്ച് ഐ.എൻ.സി' എന്ന സ്ഥാപനത്തിന്റെ പേരിൽ നടന്ന നിക്ഷേപത്തട്ടിപ്പിൽ കണ്ണൂർ ജില്ലയിലെ നിരവധി പൊലീസുകാർ ഇരയായെന്നാണ് വിവരം. സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ അസി.കമ്മീഷണർ ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ ജനങ്ങളെ ബോധവത്കരിക്കാൻ വാർത്താ സമ്മേളനമുൾപ്പെടെ വിളിച്ച് ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് പൊലീസുകാർതന്നെ തട്ടിപ്പിൽ കുടുങ്ങിയത്. പൊലീസുകാരെ കബളിപ്പിച്ച് കനേഡിയൻ കമ്പനി തട്ടിയെടുത്തത് രണ്ടുകോടി രൂപയിലധികമാണ്. ഇതിൽ സിറ്റി പൊലീസ് കമ്മിഷണറുടെ ക്വിക്ക് റെസ്പോൺസ് ടീം(ക്യു.ആർ.ടി) അംഗങ്ങളും കമ്മിഷണറുടെ ഗൺമാനും ഒരു ഡ്രൈവറും ഉൾപ്പെടും. കണ്ണൂർ എ.ആർ ക്യാംപിലെ 80 ശതമാനം പേരും തട്ടിപ്പിനിരയായതായാണ് സൂചന. തട്ടിപ്പിനെപ്പറ്റി കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. നിക്ഷേപത്തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നടപടിയുമായി മുന്നോട്ടു പോകുന്നതിനിടയിൽ പൊലീസുകാർ തന്നെ തട്ടിപ്പിനിരയായത് സേനയ്ക്ക് നാണക്കേടായി. സാധാരണക്കാരായ നൂറുകണക്കിനാളുകളും പണം നഷ്ടപ്പെട്ടവരുടെ പട്ടികയിലുണ്ട്. കണ്ണൂർ ചക്കരക്കൽ സ്വദേശിക്ക് ഒരുകോടിയോളം രൂപ നഷ്ടമായി.
ജില്ലയിൽ നൂറിലേറെ പൊലീസുകാർ തട്ടിപ്പിനിരയായെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിനെത്തുടർന്ന് ക്വിക്ക് റെസ്പോൺസ് ടീം(ക്യൂ.ആർ.ടി) അംഗങ്ങളെയും തന്റെ ഡ്രൈവർ, ഗൺമാൻ എന്നിവരെയും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ വകുപ്പുതല നടപടിയുടെ ഭാഗമായി മാറ്റിയിട്ടുണ്ട്. അഞ്ചുലക്ഷം മുതൽ പതിനഞ്ചുലക്ഷം രൂപവരെ നഷ്ടമായവരാണ് സേനയിലുള്ളത്. പൊലീസുകാരുടെ നേതൃത്വത്തിലാണ് ഓൺലൈൻ ട്രേഡിങ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ ആദ്യനിക്ഷേപകർ മറ്റുള്ളവരെ പദ്ധതിയിൽ ചേർത്തത്. പദ്ധതിയുടെ പ്രചാരണത്തിന് പൊലീസുകാരുടെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞത് സേനയ്ക്ക് അപമാനമായെന്ന് മാത്രമല്ല ഗൗരവമേറിയ വിഷയമായാണ് വകുപ്പ് കണക്കാക്കുന്നത്. സൈബർ തട്ടിപ്പിന് പൊലീസുകാരുടെ ചിത്രം ഉപയോഗിച്ചത് അതീവഗുരുതരമായ അച്ചടക്ക ലംഘനമായിട്ടും വിലയിരുത്തപ്പെടുന്നു. പൊലീസ് അസോസിയേഷനിലെ രണ്ടാംനിര നേതാക്കളിൽ ചിലരും തട്ടിപ്പിൽ കുരുങ്ങിയിട്ടുണ്ട്. എന്നാൽ പലരും നാണക്കേടും മാനഹാനിയും അച്ചടക്കനടപടിയും ഭയന്ന് ഈക്കാര്യം പുറത്തുപറയാൻ തയ്യാറായിട്ടില്ല.
തുടക്കത്തിൽ വൻലാഭം
കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ കാണിച്ചാണ് കമ്പനി നിക്ഷേപകരിൽ വിശ്വാസം നേടിയത്. കാനഡയുടെ മണി സെക്ടർ ബാങ്കിങ് (എം.എസ്.ബി) ലൈസൻസ്, ഓസ്ട്രേലിയയുടെ ഓസ്ട്രേലിയൻ സെക്യൂരിറ്റി ഇൻവെസ്റ്റ്മെന്റ് കമ്മിഷൻ(എ.എസ്.ഐ.സി) ലൈസൻസ്, രജിസ്ട്രേഷൻ പേപ്പറുകൾ തുടങ്ങിയവ കമ്പനിക്കുണ്ടായിരുന്നു. സർട്ടിഫിക്കറ്റുകൾ വ്യാജമായിരിക്കാനാണ് സാദ്ധ്യതയെന്ന് പൊലീസ് പറഞ്ഞു. ഒന്നരവർഷം മുമ്പാണ് ഈ രേഖകൾ ഉപയോഗിച്ച് കമ്പനിയുടെ പേരിലുള്ള ആപ്പിലൂടെ നിക്ഷേപം ക്ഷണിച്ചത്. ഇന്ത്യൻ കറൻസിയിൽ 2500, 20,000, 50,000, 90,000, 15 ലക്ഷം എന്നിങ്ങനെയുള്ള സ്ലാബുകളിലാണ് നിക്ഷേപം ക്ഷണിച്ചിരുന്നത്. ഒരുവർഷത്തോളം എല്ലാ നിക്ഷേപകർക്കും മാസം 20-25 ശതമാനംവരെ ലാഭം നൽകിയിരുന്നു. അതോടൊപ്പം പുതിയ നിക്ഷേപകപരെ ചേർക്കുന്നവർക്ക് കൂടുതൽ തുകയും നൽകി. ഇത് ആദ്യം നിക്ഷേപം നടത്തിയവരെ കൂടുതൽ തുക നിക്ഷേപിക്കാനും ബന്ധുക്കളേയും സുഹൃത്തുക്കളേയും ഇതിന്റെ ഭാഗമാക്കാനും പ്രേരിപ്പിച്ചു. എന്നാൽ ഒരു മാസമായി ലാഭമോ നിക്ഷേപിച്ച തുകയോ ലഭിക്കാതായതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. കഴിഞ്ഞമാസം പതിനാറിന് പ്രവർത്തനരഹിതമായ കമ്പനിയുടെ ആപ്ലിക്കേഷൻ ഇതുവരെ നേരെയായിട്ടില്ല.
തട്ടിപ്പിന്
നിർമിത ബുദ്ധിയും
തുടക്കത്തിൽ നിക്ഷേപകർ നേരിട്ട് ഓഹരി വ്യാപാരം നടത്തുന്ന രീതിയായിരുന്നു. ആദ്യമായി ചേരുന്നയാൾ ഇടപാടുകാരനായിട്ടുള്ള ഒരാൾ നൽകുന്ന റഫറൽ കോഡുകൾ ഉപയോഗിച്ചാണ് അക്കൗണ്ട് തുടങ്ങുക. ട്രേഡ് ചെയ്ത് തുടങ്ങിയാൽ നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കമ്പനി നേരിട്ട് ലാഭം കൈമാറുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. കൃത്യമായ ഇടവേളകളിൽ പണം പിൻവലിക്കാനും അനുവദിക്കുമായിരുന്നു. പിന്നീട് നിർമിതബുദ്ധി ഉപയോഗിച്ച് വ്യാപാരം നടത്താൻ കമ്പനി ഓപ്ഷൻ നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ട്രേഡിങ് നടത്തി എല്ലാ ദിവസവും വരുമാനം അക്കൗണ്ടിൽ എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതോടെ ഇടപാടുകൾ എളുപ്പമാവുകയും കൂടുതൽ ആളുകൾ വ്യാപാരത്തിലേക്ക് എത്തുകയും ചെയ്തു. കമ്പനി നേരിട്ട് വിവരങ്ങൾ കൈമാറാതെ ഏജന്റുകൾ വഴിയായിരുന്നു നിക്ഷേപകർക്ക് വിവരങ്ങൾ കൈമാറിയത്. ക്രൗൺ ഇന്റർനാഷണൽ ക്ലബ് എന്ന പേരിലുള്ള കൂട്ടായ്മ വഴിയാണ് ഇവിടെയുള്ളവർ കൂടുതലും നിക്ഷേപകരായത്.
കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെറ്റാവേഴ്സ് ട്രേഡിങ് ഫോറിൻ എക്സ്ചേഞ്ച് ആളുകളെ ആകർഷിക്കാനായി തിരഞ്ഞെടുത്ത മാർഗങ്ങളും എല്ലാവർക്കും പരിചയമുള്ളതാണ്. നിക്ഷേപത്തിന് ഉയർന്ന വരുമാനം നൽകുക, വിശ്വാസ്യത വർദ്ധിപ്പിക്കാൻ അന്താരാഷ്ട്ര നിലവാരമുള്ള സർട്ടിഫിക്കറ്റുകൾ ഉണ്ടെന്ന് പറയുക, സമൂഹത്തിലെ ഉന്നതരെ പങ്കാളികളാക്കി അവരുടെ ചിത്രങ്ങൾ പ്രമോഷന് വേണ്ടി ഉപയോഗിക്കുക തുടങ്ങിയവയൊക്കെ തട്ടിപ്പ് നടത്താൻ സ്ഥിരം ഉപയോഗിക്കുന്ന മാർഗങ്ങളാണ്. വിവിധ തരത്തിലുള്ള തട്ടിപ്പുകളെ പറ്റി പൊതുസമൂഹം ചർച്ച ചെയ്യുന്ന കാലഘട്ടത്തിൽ ഇത്തരം വാഗ്ദാനങ്ങളുമായി സമീപിക്കുന്നവരെ സംശയത്തോടെ നോക്കുക തന്നെ വേണം. കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട പൊലീസുകാരുടെ അപക്വമായ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് അവരിലുള്ള വിശ്വാസം നഷ്‌ടമാക്കുമെന്ന് വിചാരിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |