ന്യൂഡൽഹി : 1993 ബാച്ച് ഐ.ആർ.എസ് ഉദ്യോഗസ്ഥനും ഇ.ഡി സ്പെഷ്യൽ ഡയറക്ടറുമായ രാഹുൽ നവിൻ ഇ.ഡി ആക്ടിംഗ് ഡയറക്ടറായി ചുമതലയേറ്റു. വിവാദ ഡയറക്ടർ സഞ്ജയ്‌കുമാർ മിശ്രയ്ക്ക് സുപ്രീംകോടതി അനുവദിച്ച കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. തുടർന്നാണ് രാഹുൽ നവിനെ ആക്ടിംഗ് ഡയറക്ടറായി കേന്ദ്രസർക്കാർ നിയമിച്ചത്. മുഴുവൻ സമയ ഡയറക്ടറെ നിയമിക്കും വരെ തുടരും. ഡൽഹിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തെ ചീഫ് വിജിലൻസ് ഓഫീസർ കൂടിയാണ് രാഹുൽ നവിൻ. ബീഹാർ സ്വദേശിയാണ്.
പ്രതിപക്ഷത്തിന്റെ നിരന്തര വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥനാണ് സഞ്ജയ്കുമാർ മിശ്ര. കേന്ദ്രസർക്കാരിന് പ്രിയങ്കരനായ മിശ്രയെ ഇ.ഡി ഡയറക്ടർ കസേരയിൽ കൂടുതൽ കാലം വാഴിക്കാൻ നിയമഭേദഗതി പോലും കേന്ദ്രം കൊണ്ടുവന്നു. സുപ്രീംകോടതിയുടെ ഇടപെടലുണ്ടായതോടെയാണ് കാലാവധി പൂർത്തിയാക്കും മുൻപ് മിശ്രയ്ക്ക് കസേര വിട്ടൊഴിയേണ്ടി വന്നത്. കോടതി ഉത്തരവ് മറികടന്ന് രണ്ടു തവണയായി ഓരോ വർഷം നീട്ടി നൽകിയ കേന്ദ്രത്തിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ജൂലായ് 11ന് കണ്ടെത്തി. ജൂലായ് 31ന് ചുമതലയൊഴിയണമെന്ന് സുപ്രീംകോടതി ആദ്യം ഉത്തരവിട്ടെങ്കിലും കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് ഇന്നലെ വരെ സർവീസ് തുടരാൻ അനുവദിക്കുകയായിരുന്നു. 2018 നവംബറിലാണ് മിശ്ര ഇ.ഡി ഡയറക്ടറായി ചുമതലയേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |