ആലപ്പുഴ: വേമ്പനാട്ട് കായലിൽ തിരുതയും കാളാഞ്ചിയും ഉൾപ്പെടെയുള്ള പരമ്പരാഗത മത്സ്യങ്ങൾ പലതും അപ്രത്യക്ഷമായതായി. മാലിന്യവും ചെളിയും അടിഞ്ഞ് അനുദിനം നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കായലിലെ ഏറ്റവും രുചികരമായ കുമരകം കരിമീനും മഞ്ഞക്കൂരിയുമൊന്നും നിലവിൽ കിട്ടുന്നില്ല. സൂചിക്കൊഴുവ, വറ്റ, ചെമ്പല്ലി, കാരി, കല്ലേമുട്ടി, പരൽ എന്നിവയും പേരിലൊതുങ്ങി. സംസ്ഥാന സർക്കാരിനുവേണ്ടി കേരള മത്സ്യ സമുദ്രപഠന സർവകലാശാല നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ വേമ്പനാട് കായലിനെ ആശ്രയിച്ച് ജീവിക്കുന്ന 90 ലക്ഷം ജനങ്ങളുടെ ഉപജീവനത്തെ ഇത് സാരമായി ബാധിച്ചതായും പഠനത്തിൽ പറയുന്നു.
പായലും കീടനാശിനിയും നിറഞ്ഞതും എക്കലും പ്ളാസ്റ്റിക് മാലിന്യവും അടിഞ്ഞ്, കായലിന്റെ ആഴം കുറഞ്ഞതുമാണ് കാരണം. തണ്ണീർമുക്കം ബണ്ട് വന്നതോടെ, കടലിൽ നിന്നു കായലിലേക്കോ,തിരിച്ചോ മത്സ്യങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാതായി. പ്രളയത്തിൽ കെട്ടുകളിലും മറ്റും വളർത്തുന്ന വിദേശ മത്സ്യങ്ങൾ കായലിലേക്ക് കടന്നുകയറിയതും തനത് മത്സ്യങ്ങൾക്ക് ഭീഷണിയായി.
കായലിൽ പുഴമീൻ
ഓരുവെള്ളത്തിൽ ജീവിക്കുന്ന കടൽ മത്സ്യങ്ങൾ കായലിൽനിന്ന് അപ്രത്ര്യക്ഷമായ നലയിലാണ്. പുഴ മീനുകളായ വരാൽ, പരൽ, പള്ളത്തി, തൂളി, കാരി, കൂരി തുടങ്ങിയവയാണ് ഇപ്പോൾ കായലുകളിൽ കൂടുതലുള്ളത്. മുമ്പ് നടത്തിയ മൂന്നു പഠനത്തിലും ഈ കുറവ് കണ്ടെത്തിയിരുന്നു. 1980ൽ 150 ഇനങ്ങളുണ്ടായിരുന്ന കായലിൽ ഇപ്പോൾ 90 ഇനം മത്സ്യങ്ങൾ മാത്രമാണുള്ളത്.
ഒന്നാമൻ കരിമീൻ
വാണിജ്യമൂല്യം ഏറ്റവും കൂടുതലുള്ള മത്സ്യം കരിമീനാണ് (6.5 ശതമാനം). രണ്ടാം സ്ഥാനം വരാലിനും (5.6ശതമാനം).
വേമ്പനാട്ട് കായലിൽ ഏറ്റവുമധികം കക്ക ലഭിച്ചിരുന്ന ആര്യാട് നിന്ന് കറുത്ത കക്കയുടെ കുത്തക വടക്കൻ കായലിലേക്ക് മാറിയിട്ടുണ്ട്. 1994 വരെ പ്രതിവർഷം 31,000 ടൺ കക്ക ലഭിച്ചിരുന്നിടത്ത് മറ്റ് മത്സ്യങ്ങൾ കിട്ടാതായതോടെ ഇത് 41,000 ടൺ വരെയായി. ഇത് കക്കയുടെ ലഭ്യതയെ ഭാവിയിൽ ബാധിക്കും.
മത്സ്യത്തൊഴിലാളികളിൽ നിന്നുള്ള വിവരങ്ങളെക്കൂടി ആധാരമാക്കിയായിരുന്നു പഠനം. ഡിയൂറിയ പോലുള്ള രാസവസ്തുക്കളും കീടനാശിനികളും പ്ലാസ്റ്റിക്കും കായലിൽ കലരുന്നത് ഒഴിവാക്കിയാലേ മത്സ്യ സമ്പത്തിന് നിലനില്പുള്ളൂ.
-ഡോ. വി.എൻ.സഞ്ജീവൻ,
കുഫോസ് സെന്റർ ഫോർ അക്വാറ്റിക് റിസോഴ്സസ് മാനേജ്മെന്റ് ആൻഡ് കൺസർവേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |