ന്യൂഡൽഹി: എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന പരാതികളിൽ സ്പീക്കർ തീരുമാനമെടുക്കാതെ അടയിരിക്കുന്നതിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഭരണഘടനാ ബെഞ്ച് നിർദ്ദേശിച്ചിട്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അടക്കം 16 ശിവസേന വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന പരാതികളിൽ തീരുമാനമെടുക്കാത്ത സ്പീക്കർ രാഹുൽ നർവേക്കറുടെ നടപടിയിലാണ് വിമർശനം. സ്പീക്കറുടെ നടപടിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി.
ഭരണഘടന അധികാരങ്ങൾ പ്രയോഗിച്ച് പുറപ്പെടുവിക്കുന്ന വിധികൾക്ക് ബഹുമാനവും മാന്യതയും നൽകണം. സ്പീക്കറിൽ നിന്ന് കോടതി അതാണ് പ്രതീക്ഷിക്കുന്നത്. പരാതികൾ ഒരാഴ്ച്ചയ്ക്കുള്ളിൽ സ്പീക്കറുടെ മുന്നിൽ ലിസ്റ്റ് ചെയ്യണം, അന്തിമ തീർപ്പിന് സമയപരിധി നിശ്ചയിക്കണം. നിശ്ചയിച്ച സമയപരിധി അറിയിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് നിർദ്ദേശം നൽകി. രണ്ടാഴ്ച്ചയ്ക്ക് ശേഷം വിഷയം വീണ്ടും പരിഗണിക്കും. കൂറുമാറ്റത്തിന്റെ പേരിൽ അയോഗ്യനാണെന്ന് സ്‌പീക്കർ കണ്ടെത്തിയാൽ ഏക്‌നാഥ് ഷിൻഡെയ്ക്ക് മുഖ്യമന്ത്രിയായി തുടരാൻ കഴിയാത്ത സാഹചര്യമുണ്ടാകും.
എന്തു നടപടി സ്വീകരിച്ചു
ന്യായമായ സമയപരിധിക്കുളളിൽ അയോഗ്യത പരാതികളിൽ തീരുമാനമെടുക്കണമെന്ന നിർദ്ദേശത്തിൽ സ്പീക്കർ എന്തു നടപടി സ്വീകരിച്ചുവെന്ന് സുപ്രീംകോടതി
മേയ് 11ന് നൽകിയ നിർദ്ദേശത്തിൽ ഒന്നും സംഭവിച്ചില്ല
ഉത്തരവിനെ മഹാരാഷ്ട്ര നിയമസഭാ സ്‌പീക്കർ മാനിക്കണം
അയോഗ്യത പരാതികളിൽ തീരുമാനമെടുക്കണം
ട്രൈബ്യൂണൽ എന്ന നിലയിലാണ് സ്പീക്കർ പ്രവർത്തിക്കേണ്ടത്
നടപടികൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കോടതിയുടെ മുന്നറിയിപ്പ്
പരാതിപ്പെട്ടത് ഉദ്ധവ് പക്ഷം
അയോഗ്യതാ പരാതികളിൽ ഉടൻ തീരുമാനമെടുക്കാൻ സ്‌പീക്കർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തെ എം.എൽ.എ സുനിൽ പ്രഭുവാണ് സുപ്രീംകോടതിയെ സമീപിച്ചത്. പരാതികളിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ മേയ് 11ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദ്ദേശിച്ചിട്ടും സ്‌പീക്കർ അനുസരിക്കുന്നില്ലെന്ന് ഹർജിയിൽ ആരോപിച്ചു. മൂന്നു തവണ സ്‌പീക്കർക്ക് നേരിട്ട് നിവേദനം കൊടുത്തു. 2022 ജൂൺ 23നാണ് ആദ്യം പരാതി നൽകിയത്. നടപടിക്രമങ്ങൾ പ്രഹസനമായി മാറിയെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബിൽ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |