തിരുവനന്തപുരം: ആദായനികുതി സെറ്റിൽമെന്റ് ബോർഡ് സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് പിടിച്ചെടുത്ത് പുറത്തുവിട്ട ഡയറിയിൽ തന്റെ ചുരുക്കപ്പേര് ഉണ്ടാകാനിടയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡയറിയിൽ പി.വി, ആർ.സി തുടങ്ങിയ ചുരുക്കപ്പേരുകൾ പിണറായി വിജയൻ, രമേശ് ചെന്നിത്തല എന്നിവരുടേതാണെന്ന അനുമാനം കമ്പനി സി.എഫ്.ഒയെ ഉദ്ധരിച്ച് ബോർഡ് വിവരിക്കുന്നുണ്ടല്ലോയെന്ന് വാർത്താലേഖകർ ചോദിച്ചപ്പോൾ, തനിക്ക് ആ സി.എഫ്.ഒയെ അറിയില്ലെന്നായിരുന്നു മറുപടി. താൻ ഇതേവരെ ആ സി.എഫ്.ഒയെയോ സി.ഇ.ഒയേയോ കണ്ടിട്ടില്ല.
പി.വി എന്നത് ആരൊക്കെയാകാം. എത്ര പി.വിമാരുണ്ട് നാട്ടിൽ. അങ്ങനെയൊരു പേര് പുറത്തുവിട്ട് അത് താനാണെന്ന് ബി.ജെ.പി സർക്കാരിന്റെ ഉദ്യോഗസ്ഥർ അനുമാനിച്ചാൽ താനെന്ത് പറയാനാണ്. ആ പി.വി താനല്ല. തിരഞ്ഞെടുപ്പ് ഫണ്ട് എവിടെ നിന്നെങ്കിലും വാങ്ങിയെന്ന് താൻ പറഞ്ഞിട്ടില്ല. അവരും പറഞ്ഞിട്ടില്ല.
മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട് സെറ്റിൽമെന്റ് ബോർഡിന്റെ വെളിപ്പെടുത്തലിൽ ആ ഏജൻസിയുടെ വാക്കുകൾ വിശ്വസിച്ച് മാത്രമാണ് മാദ്ധ്യമങ്ങൾ പ്രതികരിക്കുന്നത്. പ്രൊഫഷണൽ ഏജൻസിയാണ് അതെങ്കിൽ ഇന്നയാളുടെ ബന്ധു എന്ന് റിപ്പോർട്ടിൽ പറയുന്നത് എന്തിനാണ്. അതിന് കൃത്യമായ ഉദ്ദേശ്യമുണ്ട്. ആ ആളിനെയല്ല, കൃത്യമായി തന്റെ സ്ഥാനത്തെയാണ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയകാര്യങ്ങളൊക്കെ മനസ്സിലാക്കാൻ കെല്പുള്ള നിങ്ങൾക്ക് (മാദ്ധ്യമങ്ങൾ) അത് മനസ്സിലാവുന്നതാണ്. പക്ഷേ നിങ്ങൾ അതുചെയ്യുന്നില്ല.
'തകർന്നു പോകുന്നയാളല്ല'
ഇങ്ങനെയൊരു റിപ്പോർട്ട് പുറത്തുവിടുമ്പോൾ ബന്ധപ്പെട്ട ആളുകളോടു കൂടി അന്വേഷിക്കേണ്ടതല്ലേ. പണം കൊടുത്തതും സ്വീകരിച്ചതുമായ കമ്പനികളുടെയെല്ലാം പക്കൽ കണക്കുകളുണ്ടാകുമല്ലോ. നിയമപ്രകാരമുള്ളതെല്ലാം പരിശോധിക്കാതെ ആദായനികുതി ബോർഡിന്റെ പ്രസ്താവനയെ മാത്രമെടുത്ത് ഉപയോഗിക്കുകയാണ്.
ബന്ധപ്പെട്ട ഏജൻസിക്കെതിരെ വീണാ വിജയൻ നിയമനടപടി സ്വീകരിക്കുമോയെന്ന് ചോദിച്ചപ്പോൾ, നിയമനടപടി സ്വീകരിക്കാൻ പറ്റുമോയെന്ന് അവർ ആലോചിക്കട്ടെയെന്നായിരുന്നു മറുപടി. നിങ്ങളുടെ വിഷമം മനസ്സിലാവും.
ഉയർത്തിക്കൊണ്ടുവരുന്ന വിഷയത്തിന് നാടിന്റെ പിന്തുണയില്ലാതാകുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക വിഷമമാണത്. എങ്ങനെ പിണറായി വിജയനെ ഇടിച്ചു താഴ്ത്താമെന്ന് നോക്ക്. പലതവണ നോക്കിയതല്ലേ. അതിന്റെ ഭാഗമായി കുടുംബാംഗങ്ങളെ പിടികൂടുന്നു. അതുകൊണ്ടൊന്നും തകർന്നുപോകുന്നയാളല്ല പിണറായി വിജയൻ. നിങ്ങൾ ശ്രമിക്കൂ.
പല സോഫ്റ്റ്‌വെയർ സ്ഥാപനങ്ങൾക്കും സാങ്കേതികസഹായം നൽകുന്ന കമ്പനിയാണിത്. നേരത്തേ ഇത്തരത്തിൽ ബന്ധപ്പെട്ട ഒരു കമ്പനിക്ക് തീവ്രവാദബന്ധമുണ്ടെന്ന ആരോപണം ചില കേന്ദ്രങ്ങൾ തന്റെ മുന്നിലുയർത്തി. പ്രശസ്തമായ സ്ഥാപനമായിരുന്നു. എന്നാൽ ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവരുടേതായതിനാൽ തീവ്രവാദമുദ്ര ചാർത്തി. അത്തരം പ്രചാരണങ്ങളുമായി പോകേണ്ട എന്ന് താനവരോട് പറഞ്ഞു. ഇത്തരം കാര്യങ്ങൾ ചിലരിടപെട്ട് എപ്പോഴും നടത്തുന്നത് സ്വാഭാവികമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |