റിയാദ്: നഗരങ്ങളുടെ കാഴ്ച ഭംഗി വർദ്ധിപ്പിക്കാനും ആരോഗ്യകരമായ നഗരാന്തരീക്ഷം രൂപപ്പെടുത്താനുമായി മാറ്റങ്ങൾ നിർദേശിച്ച് സൗദി മുൻസിപ്പൽ ഗ്രാമകാര്യ-ഭവന മന്ത്രാലയം. റോഡിന് അഭിമുഖമായി വരുന്ന കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടരുതെന്നാണ് അറിയിപ്പ്.
കൂടാതെ കെട്ടിടത്തിന്റെ ഭിത്തികളിൽ ടി വി ആന്റിനകളും പരസ്യ ബോർഡുകളും സ്ഥാപിക്കരുതെന്നും ആവശ്യപ്പെടുന്നുണ്ട്. ഇത്തരം പ്രവണത തുടർന്ന് നഗരത്തിന്റെ സൗന്ദര്യം നശിപ്പിക്കരുതെന്നാണ് വകുപ്പ് അറിയിക്കുന്നത്. മേൽപ്പറഞ്ഞവ സ്ഥാപിച്ചിട്ടുള്ള കെട്ടിട ഉടമകൾ അടുത്ത വർഷം ഫെബ്രുവരി 18-നകം അവ നീക്കം ചെയ്യണം, തുടർന്ന് കെട്ടിടപാലന സർട്ടിഫിക്കറ്റ് നേടണമെന്നും മന്ത്രാലയം നിർദേശിച്ചു.
അതേസമയം വ്യക്തി വിവരങ്ങൾ സമ്മതമില്ലാതെ പുറത്തുവിടുന്നത് ഇനി മുതൽ സൗദി ക്രിമിനൽ കുറ്റമായി പരിഗണിക്കും . വ്യക്തികളുടെ ഫോൺ നമ്പറുകൾ, ചികിത്സാ രേഖകൾ, ബാങ്കിംഗ് വിവരങ്ങൾ, അവരുൾപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള വിവരങ്ങൾ ഡാറ്റാ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരും.
2021 സെപ്റ്റംബറിൽ മന്ത്രിസഭ അംഗീകാരം നൽകിയ നിയമമാണ് ഇപ്പോൾ രാജ്യത്ത് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ. ഫോട്ടോകൾ, ഫോൺ നമ്പറുകൾ എന്നിവ കൈമാറുക, ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന രോഗിയുടെ വിവരങ്ങൾ മരുന്നുകമ്പനികൾക്ക് അടക്കം കൈമാറുക, സർക്കാർ സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ കൈമാറുക എന്നിവയെല്ലാം നിയമലംഘനങ്ങളായി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |