ന്യൂഡൽഹി: വനിതാസംവരണ ബിൽ പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യദിനത്തിൽ തന്നെ ആദ്യ നടപടിയായി അവതരിപ്പിച്ച് മോദി സർക്കാർ കഴിഞ്ഞദിവസം ചരിത്രമെഴുതിയിരുന്നു. ബില്ലിന്മേൽ ഇന്ന് ലോക്‌സഭയിൽ ചർച്ച നടക്കും. പ്രതിപക്ഷത്തുനിന്ന് സോണിയാ ഗാന്ധിയും ഭരണപക്ഷത്തുനിന്ന് സ്‌മൃതി ഇറാനിയും ആദ്യചർച്ചയിൽ പങ്കെടുക്കും.
ലോക്‌സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണമാണ് ബിൽ മുന്നോട്ടുവയ്ക്കുന്നത്. ലോക്‌സഭ ഇന്നുതന്നെ ബിൽ പാസാക്കി രാജ്യസഭയ്ക്ക് വിട്ടേക്കും. രാജ്യത്തെ പകുതി നിയമസഭകളുടെ അംഗീകാരവും ലഭിക്കുന്നതോടെ നിയമം നിലവിൽ വരും. ജനസംഖ്യാടിസ്ഥാനത്തിൽ 2026ലെ മണ്ഡലം പുനർനിർണയത്തിനുശേഷമേ നിയമം നടപ്പിലാകൂ. അതിനാൽ വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം 2029ലെ പൊതുതിരഞ്ഞെടുപ്പിലാവും നടപ്പിലാവുക.
'തനിക്ക് ദൈവം തന്ന നിയോഗം' എന്നു വിശേഷിപ്പിച്ചാണ് ബിൽ അവതരണം പ്രധാനമന്ത്രി നരേന്ദ്രമോദി സഭയെ അറിയിച്ചത്. പിന്നാലെ, നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ 'നാരി ശക്തി വന്ദൻ അധിനിയമം' അവതരിപ്പിച്ചു. 128ാം ഭരണഘടനാ ഭേദഗതിയാണ് ബില്ലിലൂടെ കൊണ്ടുവരുന്നത്.
അതേസമയം, വനിതാ സംവരണ ബില്ലിൽ പിന്നോക്ക എസ് സി, എസ് ടി വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് ബി എസ് പി നേതാവ് മായാവതി ആവശ്യപ്പെട്ടു. ബില്ലിനെ പിന്തുണയ്ക്കുന്നു. 33ന് പകരം 50 ശതമാനം സംവരണം നിയമസഭകളിലും ലോക്‌സഭയിലും ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കണമെന്നും മായാവതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |