കൊല്ലം: നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്ന് അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന 100 കിലോ പാൻമസാല പിടികൂടി. മങ്ങാട് അറുനൂറ്റിമംഗലം ഭാഗത്ത് ഇന്നലെ നടത്തിയ പരിശോധനയിലാണ് 300 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. മങ്ങാട് അലാവുദീൻ നടാഫ് (രാജു) വാടകയ്ക്ക് താമസിക്കുന്ന അറുനൂറ്റിമംഗലം നഗർ 21ലെ വീട്ടിലാണ് പാൻമസാല ചാക്കുകളിലായി കെട്ടി സൂക്ഷിച്ചിരുന്നത്.
പുകയില ഉത്പന്നങ്ങളോടൊപ്പം ലഹരിക്കായി ഉപയോഗിക്കുന്ന 10 കിലോ മറ്റു ചേരുവകളും പിടിച്ചെടുത്തു. വരും ദിവസങ്ങളിൽ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ വി.എ. പ്രദീപ് പറഞ്ഞു. പരിശോധനയിൽ എക്‌സൈസ് ഉദ്യോഗസ്ഥരായ ജ്യോതി, സജീവ്, സന്ദീപ് കുമാർ, ലാൽ ട്രീസ എന്നിവർ പങ്കെടുത്തു.
അതേസമയം, കൊച്ചിയിൽ വാടകവീട് കേന്ദ്രീകരിച്ച് ഹെറോയിൻ വില്പന നടത്തിയ കേസിൽ രണ്ട് അന്യസംസ്ഥാനത്തൊഴിലാളികളെ പെരുമ്പാവൂർ പൊലീസ് പിടികൂടി. വില്പനയ്ക്കായി സൂക്ഷിച്ച ഒൻപത് ഗ്രാം ഹെറോയിനുമായി അസാം മാരിഗോൺ സ്വദേശി റബുൾ ഇസ്‌ലാം (37), ദുപാരിത്തുർ സ്വദേശി മക്‌സിദുൾ ഹഖ് (23) എന്നിവരാണ് പിടിയിലായത്. പോഞ്ഞാശേരി ഭാഗത്തുള്ള വാടകവീട്ടിൽ ബാഗിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് ഹെറോയിൻ കണ്ടെത്തിയത്. അസമിൽ നിന്നാണ് ഇത് ലഭിച്ചതെന്നാണ് മൊഴി. തൊഴിലാളി ക്യാമ്പുകളിലാണ് ലഹരി വില്പന നടത്തുന്നത്.
ഇൻസ്‌പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐ ജോസി എം. ജോൺസൻ, എ.എസ്.ഐമാരായ ജോബി മത്തായി, മുജീബ്, സി.പി.ഒ കെ.എ. അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം പെരുമ്പാവൂരിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഏഴായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |