ഹൈദരാബാദ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്തെറിഞ്ഞ ഉഗ്രൻ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് വീണ്ടും ലോക ഒന്നാമൻ. ഏകദിന ബൗളിംഗ് പുതിയ റാങ്കിംഗിൽ 694 പോയിന്റോടെയാണ് സിറാജ് ഒന്നാംസ്ഥാനത്ത് എത്തിയത്. എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് സിറാജ് ഒന്നാമനായത്. ഓസ്‌ട്രേലിയയുടെ പേസർ ജോഷ് ഹേസൽവുഡ് രണ്ടാം സ്ഥാനത്തും ന്യൂസിലാന്റിന്റെ ഇടംകൈ പേസ് ബൗളർ ട്രെൻഡ് ബോൾട്ട് മൂന്നാം സ്ഥാനത്തുമാണ്. ഇരുവർക്കും മുൻ റാങ്കിംഗിൽ നിന്ന് ഓരോ സ്ഥാനം കുറഞ്ഞു. 678 പോയിന്റാണ് ഹേസൽവുഡിന്. ബോൾട്ടിനാകട്ടെ 677ഉം.
ആദ്യ പത്തിൽ ഇന്ത്യയിൽ നിന്നും ഇടംകൈ സ്‌പിന്നർ കുൽദീപ് യാദവുമുണ്ട്. 638 പോയിന്റുകളാണ് കുൽദീപിനുള്ളത്. മൂന്ന് സ്ഥാനങ്ങൾ താഴേക്കിറങ്ങി ഇപ്പോൾ ഒൻപതാം സ്ഥാനത്താണ് കുൽദീപ്. 555 പോയിന്റുമായി ജസ്‌പ്രീത് ബുമ്ര ഉള്ളത് 27ാം സ്ഥാനത്ത് മാത്രമാണ്.
ഏഷ്യാകപ്പ് ഫൈനലിൽ ഏഴ് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി സിറാജ് ആറ് വിക്കറ്റുകൾ വീഴ്‌ത്തിയിരുന്നു. ഇതിൽതന്നെ ഒരോവറിൽ നാല് വിക്കറ്റ് വീഴ്‌ത്തിയ ഏഷ്യാ കപ്പിലെ ഏറ്റവും മികച്ച രണ്ടാമത് റെക്കോഡ് പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട സിറാജ് ഈ തുകയത്രയും ഗ്രൗണ്ട് സ്‌റ്റാഫിന് നൽകിയതും കൗതുകകരമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |