ന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ ബിരുദധാരികൾക്ക് ഇനി മുതൽ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവടങ്ങളിൽ പ്രാക്ടീസ് ചെയ്യാം. ഇന്ത്യൻ നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി), വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എജ്യുക്കേഷന്റെ (ഡബ്ല്യുഎഫ്എംഇ) അംഗീകാരം നേടിയതിന് പിന്നാലെയാണ് ബിരുദധാരികൾക്ക് ഈ അവസരം ലഭിച്ചിരിക്കുന്നത്.
ഇന്ത്യൻ നാഷണൽ മെഡിക്കൽ കമ്മീഷന് പത്ത് വർഷത്തേക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. നിലവിലുള്ള 706 മെഡിക്കൽ കോളേജുകളിൽ പഠിക്കുന്നവർക്കും ഇത് ഉപകരിക്കും. ഇത് രാജ്യത്തെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മാത്രമല്ല, ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടും.
ലോകോത്തര തലത്തിൽ അംഗീകരിക്കപ്പെട്ടതോടെ മറ്റ് രാജ്യങ്ങളിലെ വിദ്യാർത്ഥികളെയും ഇന്ത്യൻ വിദ്യാഭ്യാസം ആകർഷിക്കും. ഡബ്ല്യുഎഫ്എംഇ അംഗീകാരം രാജ്യത്തെ മെഡിക്കൽ കോളേജുകളുടെയും പ്രൊഫഷണലുകളുടെയും അന്തർദേശീയ അംഗീകാരവും പ്രശസ്തിയും വർദ്ധിപ്പിക്കുമെന്നും അധികൃതർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ലോകമെമ്പാടുമുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആഗോള സംഘടനയാണ് വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എജ്യുക്കേഷൻ. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുകയും, ഇതുവഴി എല്ലാ മനുഷ്യരാശിക്കും മെച്ചപ്പെട്ട പരിചരണം ഉറപ്പുവരുത്തുകയുമാണ് സംഘടനയുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |