മസ്കറ്റ്: ഇന്ത്യയിലേക്കുള്ള സർവീസുകൾ പൂർണമായും നിർത്തിവയ്ക്കുമെന്ന് ഒമാന്റെ പ്രമുഖ എയർവെയ്സ് കമ്പനി. ഒക്ടോബർ മാസം മുതലുള്ള സർവീസുകൾ നിർത്തിവക്കുമെന്നാണ് സലാം എയർ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് എന്നീ വിമാനത്താവളത്തിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. ടിക്കറ്റ് റിസർവ് ചെയ്ത യാത്രികർക്ക് ഇതിനോടകം തന്നെ സർവീസ് റദ്ദാക്കിയതായി സന്ദേശം ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നതിനുള്ള പരിമിതികൾ ചൂണ്ടിക്കാട്ടിയാണ് സലാം എയറിന്റെ നടപടി. അടുത്ത മാസം മുതലുള്ള ഓൺലൈൻ ബുക്കിംഗ് സൗകര്യവും പിൻവലിച്ചിട്ടുണ്ട്. മസ്ക്റ്റിൽ നിന്ന് തിരുവനന്തപുരം, ലക്നൗ, ജയ്പൂർ സർവീസ്, സലാലയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സർവീസ് എന്നിങ്ങനെ മിതമായ നിരക്കിലുള്ള യാത്രയ്ക്കായി മലയാളികൾ അടക്കമുള്ള പ്രവാസികൾ സലാം എയറിനെയാണ് ആശ്രയിച്ചിരുന്നത്. സലാം എയർ സർവീസുകൾ റദ്ദാക്കിയതിനാൽ കൂടുതൽ നിരക്ക് ഈടാക്കുന്ന മറ്റ് വിമാന കമ്പനികളെ ആശ്രയിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് പ്രവാസികൾ ഇപ്പോൾ.
നിശ്ചിത സമയത്തേക്ക് മാത്രമാണോ ഇന്ത്യയിലേക്കുള്ള സർവീസുകൾ പിൻവലിച്ചിരിക്കുന്നത് എന്ന കാര്യത്തിലും വ്യക്തതയില്ല. അതേസമയം ടിക്കറ്റ് റിസർവ് ചെയ്ത എല്ലാ യാത്രികർക്കും റീ ഫണ്ട് തുക അനുവദിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. ഇതിനായി സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടുള്ള ഏജൻസികളെയോ ആണ് ബന്ധപ്പെടേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |