പറവൂർ: ബന്ധുവായ സഹപാഠിക്കൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതിനിടെ കോളേജിന് മുന്നിൽവച്ച് സ്വകാര്യ ബസിടിച്ച് വീഴ്ത്തിയ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ആലുവ കീഴ്മാട് ഇരുമ്പനത്ത് വീട്ടിൽ ജോയി - ഷെൽമി ദമ്പതികളുടെ മകൾ ജിസ്മിയാണ് (19) മരിച്ചത്. ബസിന്റെ വീൽ കയറിയിറങ്ങിയ ജിസ്മി തത്ക്ഷണം മരിച്ചു. മാല്യങ്കര എസ്.എൻ.എം കോളേജിന് മുന്നിൽവച്ച് ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം. അയ്യമ്പിള്ളി റാംസ് കോളേജിന്റെ സബ് സെന്ററായ ആർ.ഇ.സി സെന്ററിലെ രണ്ടാംവർഷ ബി.കോം വിദ്യാർത്ഥിയാണ് ജിസ്മി. ഇവർക്ക് പരീക്ഷ എഴുതാനുള്ള കേന്ദ്രം മാല്യങ്കര എസ്.എൻ.എം കോളേജായിരുന്നു. പരീക്ഷ കഴിഞ്ഞശേഷം കോളേജിന്റെ പ്രധാന കവാടത്തിലെ ബസ് സ്റ്റോപ്പിൽ സഹപാഠിയും ബന്ധുവുമായ ഇമ്മാനുവലിന്റെ ബൈക്കിന് പിന്നിൽ യാത്ര ചെയ്യാനൊരുങ്ങുമ്പോൾ കൊടുങ്ങല്ലൂരിൽനിന്ന് എറണാകുളത്തേക്ക് പോകുന്ന സൗപർണിക എന്ന ബസ് അമിതവേഗതയിൽ നിയന്ത്രണംവിട്ട് വന്നിടിക്കുകയായിരുന്നു. തെറിച്ചുവീണ ഇമ്മാനുവലിനെ പരിക്കുകളോടെ മൂത്തകുന്നം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ ചെറായി പള്ളിപ്പുറം സ്വദേശി ആയുഷിനെ പൊലീസ് അറസ്റ്റുചെയ്തു. അണ്ടിപ്പിള്ളിക്കാവ് ഭാരത് ആശുപത്രിയിൽ എത്തിച്ചശേഷം മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് സംസ്കാരം നടത്തും. സഹോദരി: ജോഷ്മി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |