കൊടകര : കനത്തമഴയിൽ മറുനാടൻ തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനില വീടിന്റെ മേൽക്കൂര തകർന്ന് പശ്ചിമ ബംഗാൾ സ്വദേശികളായ മൂന്ന് തൊഴിലാളികൾ മരിച്ചു. റാബുൾ ഇസ്ലാം (21), അബ്ദുൾ അലാം (31), റാബുൾ ഇസ്ലാം (18) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം.
താമസിച്ചിരുന്ന 17 തൊഴിലാളികളും ജോലിക്ക് പോകാൻ തയ്യാറെടുക്കവേ മുകളിൽ നിന്നു വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെട്ടു. വീടിന്റെ മുൻവശത്ത് കൂടെ പുറത്തേക്ക് ഓടിയ നാലുപേരിൽ മൂന്നു പേരാണ് മരിച്ചത്. കോൺക്രീറ്റ് സ്ലാബുകൾക്കടിയിൽപെട്ടാണ് മരിച്ചത്.
പിറകിലൂടെ ഓടിയവർക്ക് സുരക്ഷിതമായി പുറത്തുകടക്കാനായി. 120 വർഷം പഴക്കമുള്ളതാണ് വീട്. 40 വർഷം മുമ്പ് മുൻവശത്തെ മേൽക്കൂര കോൺക്രീറ്റാക്കിയിരുന്നു.
വെട്ടുകല്ലിൽ മണ്ണിൽ നിർമ്മിച്ച നൂറ്റാണ്ടിലേറെ പഴക്കമുള്ള ചുമരിലാണ് മേൽക്കൂര കോൺക്രീറ്റാക്കിയത്. ഈ ഭാഗമാണ് വീണത്. കെട്ടിടം വീണ ശബ്ദവും, രക്ഷപ്പെട്ടവരുടെ നിലവിളിയും കേട്ട് ഓടിക്കൂടിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസും, ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം നടത്തി. മതിൽ പൊളിച്ച് ജെ.സി.ബിയെത്തിച്ചാണ് സ്ലാബുകൾ നീക്കി മൂന്നുപേരെയും പുറത്തെടുത്തത്. കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മൂന്നുപേരും മരിച്ചു.
കൊടകരയിലെ തെന്നാടൻ ബാബു എന്ന ലേബർ കോൺട്രാക്ടർ വീട് വാടകയ്‌ക്കെടുത്ത് താമസിപ്പിച്ചിരുന്നവരാണ് ദുരന്തത്തിന് ഇരയായത്. കൊടകര പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അപകടവിവരം അറിഞ്ഞ് കളക്ടർ, ജില്ലാ റൂറൽ പൊലീസ് മേധാവി, എം.എൽ.എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ എന്നിവരും സ്ഥലത്തെത്തി.
റിപ്പോർട്ട് തേടി മന്ത്രി
കെട്ടിടം തകർന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി ലേബർ കമ്മിഷണർക്ക് നിർദ്ദേശം നൽകി. തൊഴിലാളികളുടെ മൃതദേഹം സ്വന്തം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ തൊഴിൽ വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |