കൊച്ചി: കരുവന്നൂർ തട്ടിപ്പുകേസിൽ സാക്ഷിയായ സി.പി.എം നേതാവ് പി.ആർ. അരവിന്ദാക്ഷന്റെ പരാതിയിൽ പൊലീസ് ഇടപെടൽ അവഗണിച്ച് ഊർജ്ജിത അന്വേഷണവുമായി മുന്നോട്ടുപോകാൻ ഇ.ഡി നീക്കം. ഇത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടെന്ന് ഡൽഹി ആസ്ഥാനത്തുനിന്ന് കൊച്ചി യൂണിറ്റിന് നിർദ്ദേശം കിട്ടിയതായി സൂചനയുണ്ട്.
ചോദ്യം ചെയ്യലിനിടെ ഇ.ഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് അരവിന്ദാക്ഷൻ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. നിയമക്കുരുക്കിലാക്കി കരുവന്നൂർ അന്വേഷണത്തെ വഴിമുട്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പൊലീസ് നടപടിയെന്നാണ് ഇ.ഡി സംശയിക്കുന്നത്. ചില സി.പി.എം ഉന്നതരിലേക്ക് അന്വേഷണം നീണ്ടതിനെത്തുടർന്നാണ് പൊലീസ് ഇടപെടലെന്നും ആരോപണമുയർന്നിരുന്നു. എന്നാൽ അന്വേഷണത്തിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകാനാണ് ഇ.ഡി തീരുമാനം.
കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ ഇ.പി ജയരാജൻ, എ.സി. മൊയ്തീൻ തുടങ്ങിയവരുടെ പേരുകൾ പറയാൻ നിർബന്ധിച്ച ഇ.ഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്നാണ് അരവിന്ദാക്ഷന്റെ പരാതി. കേസിൽ അരവിന്ദാക്ഷൻ സാക്ഷി മാത്രമായതിനാൽ അന്വേഷണ നടപടി സാദ്ധ്യമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പ്രാഥമികാന്വേഷണം നടത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് നീക്കം. ഇതിനായി വീണ്ടും നിയമോപദേശം തേടി.
അതേസമയം, പൊലീസ് കേസെടുത്താൽ ഇ.ഡി ഹൈക്കോടതിയെ സമീപി
ച്ചേക്കും. എറണാകുളം മുല്ലശേരി കനാൽ റോഡിലെ ഇ.ഡി ഓഫീസ് 24 ക്യാമറകളുടെ നിരീക്ഷണത്തിലാണെന്നും മർദ്ദിച്ചുവെന്ന അരവിന്ദാക്ഷന്റെ പരാതി അടിസ്ഥാനരഹിതമാണെന്നുമാണ് ഇ.ഡി നിലപാട്. ചോദ്യം ചെയ്യൽ വീഡിയോയിൽ പകർത്തിയിട്ടുമുണ്ട്.
കൊമ്പുകോർക്കൽ
സ്വർണക്കടത്തിന് സമാനം
സ്വർണക്കടത്തുകേസിന് സമാനമായി കരുവന്നൂർ കേസിലും പൊലീസും ഇ.ഡിയും കൊമ്പുകോർക്കുന്ന കാഴ്ചയാണിപ്പോൾ. കേരളവും കേന്ദ്രവുമായുള്ള ഏറ്റുമുട്ടലിനും ഇത് വഴിയൊരുക്കിയേക്കും. സ്വർണക്കടത്തു കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർക്കെതിരെയുള്ള പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. എന്നാൽ ഇ.ഡി ഹൈക്കോടതിയെ സമീപിച്ചതോടെ അന്വേഷണം തടഞ്ഞു. ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകൾ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറാനും നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |