തിരുവനന്തപുരം: സൈബർ അധിക്ഷേപത്തിനെതിരെ ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ നൽകിയ പരാതിയിൽ കേസെടുത്തു. ലൈംഗികാധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണം ഉണ്ടായതായി മറിയ ഉമ്മൻ നൽകിയ പരാതിയിൽ പറയുന്നു. സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ സിപിഐഎം സംഘങ്ങളാണെന്നാണ് മറിയയുടെ പരാതിയിൽ ആരോപിച്ചിരിക്കുന്നത്.
നേരത്തേ ഉമ്മൻ ചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മനും സൈബർ ആക്രമണത്തിനെതിരെ പരാതി നൽകിയിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്താണ് അച്ചു ഉമ്മൻ പരാതി നൽകിയത്. ഈ പരാതിയിന്മേലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ സെക്രട്ടേറിയറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായിരുന്ന നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പോസ്റ്റിട്ടതിനാണ് കേസ്. പരാതിക്ക് പിന്നാലെ നന്ദകുമാർ ക്ഷമാപണം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |