ന്യൂഡൽഹി: ബിജെപിയുമായുള്ള തർക്കത്തിൽ സമവായം കാണാൻ മുതിർന്ന എഐഎഡിഎംകെ നേതാക്കൾ രാജ്യതലസ്ഥാനത്ത്. സീറ്റ് വിഭജനം അടക്കമുള്ള വിഷയത്തിൽ അമിത് ഷാ, ജെപി നദ്ദ എന്നിവരുമായി എഐഎഡിഎംകെ നേതാക്കൾ കൂടിക്കാഴ്ച്ച നടത്തും എന്നാണ് വിവരം. സി എൻ അണ്ണാദുരൈയെ കുറിച്ച് ബിജെപി സംസ്ഥാനനേതൃത്വം നടത്തിയ പരമാർശങ്ങളുടെ പേരിലാണ് സഖ്യത്തിൽ വിള്ളൽ ഉടലെടുത്തത്.
സംസ്ഥാനത്ത് 15 സീറ്റുകൾ ഉറപ്പിക്കാനാണ് ബിജെപിയുടെ നീക്കം. എന്നാൽ അഞ്ച് സീറ്റുകൾ മാത്രം വിട്ടുനൽകുമെന്നാണ് എഐഎഡിഎംകെയുടെ നിലപാട്. മുൻ മുഖ്യമന്ത്രിയും ദ്രാവിഡ നേതാവുമായിരുന്ന സി.എൻ. അണ്ണാദുരൈയെ കുറിച്ച് ബിജെപി തമിഴ്നാട് ഘടകം അദ്ധ്യക്ഷൻ കെ. അണ്ണാമലെ നടത്തിയ വിവാദ പരാമർശവും എഐഎഡിഎംകെ, ബിജെപി കേന്ദ്രനേതൃത്വത്തിന് മുന്നിൽ ഉന്നയിക്കുമെന്നാണ് വിവരം.
സനാതന ധർമ്മ പരാമർശത്തിൽ തമിഴ്നാട് ഹിന്ദു മത സ്ഥാപന വകുപ്പ് മന്ത്രി പി.കെ. ശേഖറിനെതിരെയുള്ള പ്രതിഷേധത്തിനിടെ അണ്ണാമലെ നടത്തിയ വിവാദ പരാമർശമാണ് ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കിയത് .1956ൽ മധുരയിൽ പൊതുസമ്മേളനത്തിൽ ഹിന്ദു വിശ്വാസത്തിനെതിരെ അണ്ണാദുരെ സംസാരിച്ചുവെന്നും സ്വാതന്ത്ര്യ സമര സേനാനി പശുപൊൻ മുത്തുമാരലിംഗ തേവർ അത് ശക്തമായി എതിർത്തുവെന്നുമായിരുന്നു അണ്ണാമലെ പറഞ്ഞത്. ഇതോടെ, മുൻ മന്ത്രിമാരടക്കം എഐഎഡിഎംകെ നേതാക്കൾ ശക്തമായി രംഗത്തെത്തി. ബിജെപിയുമായി നിലവിൽ സഖ്യമില്ലെന്നും തിരഞ്ഞെടുപ്പ് സമയത്ത് അക്കാര്യം ആലോചിക്കുമെന്നും മുതിർന്ന എഐഎഡിഎംകെ നേതാവ് ഡി. ജയകുമാർ പിന്നാലെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |