തൃശൂർ: കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുത്ത വിജിലൻസ് ഉദ്യോഗസ്ഥനെ ഇരിപ്പുറപ്പിക്കും മുമ്പേ തട്ടി. തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി ജിംപോളിനെയാണ് തൃശൂർ വിജിലൻസിൽ നിന്ന് സഹകരണ വിജിലൻസിലേക്ക് തട്ടിയത്. ഡി.സി.ആർ.ബി ഡിവൈ.എസ്.പി: കെ.സി. സേതുവിനാണ് പുതിയ ചുമതല.
ഒല്ലൂർ എ.സി.പിയായിരുന്ന പി.എസ്. സുരേഷിനെ ഡി.സി.ആർ.ബിയിലേക്കും സ്ഥലം മാറ്റി. അതേസമയം ഒല്ലൂരിലേക്ക് ആരെയും നിയമിച്ചിട്ടില്ല. പ്രോബേഷൻ പൂർത്തിയാക്കാനുള്ള ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ ഒല്ലൂരിൽ നിയമിക്കുമെന്ന് അറിയുന്നു. പലരും രണ്ടും മൂന്നും കൊല്ലം ഇതേ സ്ഥാനത്ത് തുടരുമ്പോൾ വിജിലൻസ് ഡിവൈ.എസ്.പി സ്ഥാനത്ത് നിന്ന് ഒരു വർഷം മുമ്പ് ചുമതലയേറ്റ ജിംപോളിനെ തട്ടിയതിൽ സേനയ്ക്കുള്ളിൽ തന്നെ മുറുമുറുപ്പ് ഉയരുന്നുണ്ട്.
വിജിലൻസ് വിംഗ് വിശ്രമിക്കാനുള്ള സ്ഥലം എന്ന രീതിയിലാണ് പൊലീസിനുള്ളിലെ അണിയറ സംഭാഷണം. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധിപേരെ പിടികൂടുകയും 25 ഓളം കേസുകളിൽ തുടർനടപടികളും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടന്നിരുന്നു.
കഴിഞ്ഞ 11 മാസത്തിനിടെ പത്ത് പേർ പിടിയിൽ
തൃശൂർ കോർപറേഷനിലെ കെട്ടിട പെർമിറ്റ്, മറ്റ് നികുതികൾ ഉൾപ്പെടെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ച ജിം പോൾ കഴിഞ്ഞ 11 മാസത്തിനിടെ പത്തോളം പേരെയാണ് പിടികൂടിയത്. 25 കേസുകൾ തുടർനടപടിക്കാൾക്കായി കൈമാറി. സർജറിക്ക് കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വനിതയടക്കം രണ്ട് ഡോക്ടർമാർ വിജിലൻസിന്റെ പിടിയിലായതും മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം ഡോക്ടറെ കെണിയിൽ വീഴ്ത്തിയതും ജിം പോളായിരുന്നു.
അസ്ഥിരോഗ വിഭാഗം ഡോ. ഷെറി ഐസക്ക് പാലക്കാട് സ്വദേശിയായ സ്ത്രീയുടെ ശസ്ത്രക്രിയയ്ക്കായി 3000 രൂപ വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള സ്വകാര്യ ക്ലിനിക്കിൽ വാങ്ങുമ്പോഴായിരുന്നു പിടിയിലായത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 15 ലക്ഷം രൂപ കണ്ടെടുത്തിരുന്നു.
എരുപ്പെട്ടിയിൽ വില്ലേജ് അസിസ്റ്റന്റും പെരിങ്ങോട്ടുകരയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറും പിടിയിലായിരുന്നു. ഇവർക്കെതിരെ വകുപ്പുതല നടപടികൾ സ്വകരിച്ച് സസ്‌പെൻഷനിലാണ്. കോർപറേഷൻ ഓഫീസിൽ വിജിലൻസ് സംഘം 'ഓപറേഷൻ നിർമ്മാൺ' എന്ന പേരിലാണ് പരിശോധന നടത്തിയത്. ഇതിൽ വ്യാപകമായ ക്രമക്കേടാണ് കണ്ടെത്തിയത്.
ഉത്തരവ് നീണ്ടതിൽ ദൂരുഹത ?
മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് വിഭാഗത്തിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചെങ്കിലും ഉത്തരവ് ഒരു മാസമായിട്ടും എത്തിയിട്ടില്ല. ഉത്തരവ് നീണ്ടതിന് പിന്നിൽ ഡിവൈ.എസ്.പിയെ മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. തൃശൂർ വിജിലൻസ് യൂണിറ്റിനാണ് അന്വേഷണച്ചുമതലയെന്ന് അറിയിച്ചിരുന്നു. വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നമാണ് അന്വേഷണത്തിലേക്ക് വഴി വച്ചത്.
ഉത്തരവ് ലഭിച്ചാൽ ഉടൻ അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു വിജിലൻസ് സംഘം. ഇതിനിടെയാണ് ഡിവൈ.എസ്.പിക്ക് സ്ഥലം മാറ്റമുണ്ടായത്. അന്വേഷണം വൈകുന്നത് പ്രതികൾക്ക് രക്ഷാമാർഗം ഒരുക്കുമെന്ന് ആക്ഷേപം ഉയർന്നിരുന്നു. കളക്ടർ നേരിട്ടും കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസർ നടത്തിയ പരിശോധനയിലുമാണ് ക്രമക്കേട് കണ്ടെത്തിയത്.
ആദ്യത്തെ ഒരു വർഷത്തെ കണക്ക് പരിശോധിച്ചപ്പോൾ മാത്രം എച്ച്.ഡി.എസ് വിഭാഗത്തിൽ പത്ത് ലക്ഷത്തിലേറെ രൂപയുടെ തിരിമറി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർക്ക് കളക്ടർ റിപ്പോർട്ട് നൽകിയത്. പിന്നീട് നിയമസഭയിലും വിഷയം വന്നതോടെയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |