ശബരിമല: കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമലനട അടച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, സന്നിധാനം മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി , മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരി എന്നിവർ പൂജകൾക്ക് മുഖ്യ കാർമ്മികത്വം നൽകി. നട തുറന്ന എല്ലാ ദിവസവും നിർമ്മാല്യ ദർശനം, പതിവ് അഭിഷേകം, മഹാ ഗണപതിഹോമം, നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉദയാസ്തമനപൂജ, ഉഷഃപൂജ, ലക്ഷാർച്ചന, കലശാഭിഷേകം, ഭസ്മാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ, ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നടന്നു. ഇന്നലെ രാത്രി 10ന് അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും ധരിപ്പിച്ച് യോഗനിദ്ര യിലാക്കിയ ശേഷം നടയടച്ചു. തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നടതുറക്കും. 18ന് രാവിലെ സന്നിധാനം, മാളികപ്പുറം ക്ഷേത്രങ്ങളിലേക്ക് അടുത്ത ഒരു വർഷത്തേക്കുളള പുറപ്പെടാമേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. പന്തളം കൊട്ടാരത്തിൽ നിന്ന് നിശ്ചയിക്കുന്ന കുട്ടികളാണ് നറുക്കെടുക്കുന്നത്. പമ്പയിലും സന്നിധാനത്തും മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തിന് മുന്നോടിയായുളള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |