കാസർകോട്: കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ഉച്ചയ്ക്ക് 1.05ന് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുത്തു. കേരളത്തോടൊപ്പം രാജ്യത്തെ മറ്റ് എട്ട് സംസ്ഥാനങ്ങളിലെ വന്ദേഭാരത് സർവീസുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ നടന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റേഷനുകളിലും കേരള റൂട്ടിൽ മാത്രമോടുന്ന രണ്ടാം വന്ദേഭാരതിന് സ്വീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
വന്ദേ ഭാരത് പുതിയ ഭാരതത്തിന്റെ പുതിയ ആവേശത്തിന്റെയും ഉത്സാഹത്തിന്റെയും പ്രതീകമാണെന്ന് ഉദ്ഘാടനം നിർവഹിക്കവേ പ്രധാനമന്ത്രി പറഞ്ഞു. വന്ദേ ഭാരത് രാജ്യം മുഴുവനെയും ബന്ധിപ്പിക്കുന്ന കാലം വിദൂരമല്ല. ജനാധിപത്യം, ജനസംഖ്യാശാസ്ത്രം, വൈവിദ്ധ്യം എന്നിവയിൽ ഭാരതം എത്രത്തോളം ശക്തമാണ് എന്നതിന് ഉദാഹരണമാണ് ജി20യുടെ വിജയം. ഭാരതത്തിന്റെ വൈദഗ്ധ്യത്തെക്കുറിച്ച് ലോകം മുഴുവൻ ചർച്ച ചെയ്യുകയാണ്. റെയിൽവേ സ്റ്റേഷനുകളുടെ ജന്മദിവസം ആഘോഷിക്കാൻ റെയിൽവേ ആരംഭിച്ചതിൽ സന്തോഷം ഉണ്ടെന്നും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് കർമം നിർവഹിച്ച് പറഞ്ഞു.
രണ്ടാം വന്ദേഭാരതിന്റെ മുൻകൂർ ടിക്കറ്റ് റിസർവേഷൻ ഇന്നലെ മുതൽ ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ചയും കാസർകോട്ടുനിന്ന് ബുധനാഴ്ചയുമാണ് റെഗുലർ സർവീസുകൾ ആരംഭിക്കുന്നത്. എട്ടു കോച്ചുകളുമായാണ് കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്‌പ്രസ് സർവീസ് നടത്തുക. കാസർകോട്ട് നിന്നു തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴിയാണ് സർവീസ്. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ട്രെയിൻ സർവീസ് നടത്തും. ഈ ട്രെയിനിന്റെ തിരുവനന്തപുരം -കാസർകോട് സർവീസ് തിങ്കളാഴ്ചകളിൽ ഉണ്ടാകില്ല.
കാവി നിറത്തിലുള്ള ട്രെയിനാണ് രണ്ടാം വന്ദേ ഭാരതായി കേരളത്തിന് അനുവദിച്ചിരിക്കുന്നത്. വന്ദേ ഭാരത് ട്രെയിൻ (നമ്പർ 20631) രാവിലെ 7ന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. ഉച്ചകഴിഞ്ഞ് 3.05ന് തിരുവനന്തപുരത്ത് എത്തും. എട്ടു മണിക്കൂറും അഞ്ച് മിനിട്ടുമാണ് യാത്രാസമയം. ട്രെയിൻ നമ്പർ 20632 തിരുവനന്തപുരം -കാസർകോട് വന്ദേഭാരത് എക്സ്‌പ്രസ് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05ന് പുറപ്പെട്ട് 11.58ന് കാസർകോട്ട് എത്തും. 7 മണിക്കൂർ 55 മിനിട്ടാണ് യാത്രാസമയം.
ഏപ്രിലിലാണ് സംസ്ഥാനത്ത് ആദ്യ വന്ദേഭാരത് സർവീസ് തുടങ്ങിയത്. ഇതോടെ രണ്ടുനിറങ്ങളിലുള്ള വന്ദേഭാരത് സർവീസുകളും സംസ്ഥാനത്തെത്തിയിരിക്കുകയാണ്. രാവിലെയും വൈകിട്ടും സംസ്ഥാനത്തിന്റെ തെക്കുവടക്ക് അറ്റങ്ങളിൽ നിന്ന് വന്ദേഭാരത് സർവീസുകൾ നടത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. രാവിലെ 5.20ന് തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്കും 7ന് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കും സർവീസുണ്ട്. അതുപോലെ വൈകിട്ട് 2.30ന് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കും 4.05ന് തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്കും സർവീസുണ്ട്. സംസ്ഥാനത്തെ യാത്രാപ്രശ്നത്തിന് വലിയ ആശ്വാസമാണിത്. ഒരു വന്ദേഭാരത് കോട്ടയം വഴിയെങ്കിൽ രണ്ടാം ട്രെയിൻ ആലപ്പുഴ വഴിയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |