തൃശൂർ: അയ്യന്തോൾ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലും ഇ.ഡി അന്വേഷണം ആരംഭിക്കും. കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇ.ഡി അന്വേഷണം തുടരുകയാണ്.
തട്ടിപ്പിന് ഇരയായ ചിറ്റിലപ്പിള്ളി സ്വദേശി കുട്ടിക്കൃഷ്ണനെയും ഭാര്യ ശാരദയെയും വിളിച്ചുവരുത്തി ഉടൻ മൊഴിയെടുക്കും. അതേസമയം, ഇടനിലക്കാരനായ മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായാണ് വിവരം. കഴിഞ്ഞ ജനുവരിയിൽ പരാതി നൽകിയിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ല. തുടർന്നാണ് മുഖ്യപ്രതി മലപ്പുറം ആലങ്കോട് സ്വദേശി അബൂബക്കർ ഗൾഫിലേക്ക് രക്ഷപ്പെട്ടത്.
40 ലക്ഷം രൂപ വായ്പയ്ക്കായാണ്അബൂബക്കർ മുഖാന്തരം പരാതിക്കാർ അപേക്ഷിച്ചത്. എന്നാൽ, ഇവർ അറിയാതെ 93 ലക്ഷം രൂപയാണ് പാസാക്കിയത്. ഇവരുടെ വിലാസം പോലും ശരിയായി രേഖപ്പെടുത്താതെയാണ് വായ്പ അനുവദിച്ചത്. ജപ്തി നോട്ടീസ് തെറ്റായ വിലാസത്തിലേക്കാണ് പോയിക്കൊണ്ടിരുന്നത്. പലിശയടക്കം ഒന്നേമുക്കാൽ കോടിയോളം റിട്ട. ഉദ്യോഗസ്ഥരായ പരാതിക്കാർക്ക് ബാദ്ധ്യതയുണ്ടായതായി പറയുന്നു. വെസ്റ്റ് പൊലീസിന് പരാതി നൽകിയതിന് പുറമേ മുഖ്യമന്ത്രിക്കും സഹകരണമന്ത്രിക്കും ഏതാനും മാസം മുൻപ് പരാതി നൽകി. എന്നിട്ടും നടപടിയെടുത്തില്ല. ബാങ്ക് സെക്രട്ടറിക്കെതിരെയും പൊലീസ് കേസെടുത്തെങ്കിലും നടപടി ഉണ്ടായില്ല. ഇവരെ വിളിച്ചുവരുത്തി വെറുതെ വിടുകയായിരുന്നു. കരുവന്നൂർ ബാങ്കിലെ കള്ളപ്പണക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത വെളപ്പായ സതീശന് അയ്യന്തോൾ സഹകരണ ബാങ്കിൽ ഇടപാടുണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു.
ജീവനക്കാരന്റെ തിരോധാനത്തിലും ദുരൂഹത
അതിനിടെ, അയ്യന്തോൾ ബാങ്കിലെ ജീവനക്കാരന്റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. വാടാനപ്പിള്ളിയിൽ സി.പി.എം. അംഗമായി പ്രവർത്തിച്ചിരുന്നയാളെയാണ് കുറച്ച് നാൾ മുൻപ് കാണാതായത്. പാർട്ടി ഇയാളെക്കുറിച്ച് അന്വേഷിച്ചില്ലെന്നും പറയുന്നു. ഇയാൾ റെന്റ് എ കാർ നടത്തിയിരുന്നു. പന്ത്രണ്ടോളം കാറുകളും വാടകയ്ക്ക് കൊടുത്തിരുന്നു. പലിശയ്ക്ക് പണം കൊടുക്കുകയും ഗോൾഡ് കോയിൻ വാങ്ങിക്കൂട്ടുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് സാമ്പത്തികബാദ്ധ്യതയുണ്ടായി. ഈ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി നോട്ടീസും പ്രചരിക്കുന്നുണ്ട്.
മാടായിക്കോണത്തെ ട്രാൻസ്‌ഫോർമറിന് സമീപം, കത്തിക്കരിഞ്ഞ നിലയിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് പാർട്ടിയിൽ പരാതിപ്പെട്ടതായി പറയുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവവും ചർച്ചയാകുന്നുണ്ട്. 25 വർഷം മുൻപായിരുന്നു സംഭവം. ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തെങ്കിലും കേസ് തെളിയിക്കാനാകാതെ എഴുതിത്തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |