ന്യൂഡൽഹി: മുൻ ഗുസ്തി ഫെഡറേഷൻ ഒഫ് ഇന്ത്യ മേധാവിയും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് അവസരം കിട്ടിയപ്പോഴെല്ലാം വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം ഡൽഹി റോസ് അവന്യു കോടതിയിൽ നടന്ന വാദ സമയത്ത് ഹാജരാകുന്നതിൽ നിന്ന് ബ്രിജ്ഭൂഷണ് ഇളവു നൽകിയിരുന്നു. കേസ് ഒക്ടോബർ ഏഴിന് വീണ്ടും പരിഗണിക്കും.
താജിക്കിസ്ഥാനിൽ നടന്ന പരിപാടിക്കിടെ ബ്രിജ്ഭൂഷൺ ബലമായി കയറിപ്പിടിച്ചെന്ന വനിതാ ഗുസ്തി താരത്തിന്റെ പരാതി പരാമർശിച്ചാണ് ഡൽഹി പൊലീസ് വാദിച്ചത്. ബ്രിജ്ഭൂഷൺ മുറിയിലേക്ക് വിളിച്ചുവരുത്തി ബലമായി കെട്ടിപ്പിടിച്ചു. പ്രതിഷേധിച്ചപ്പോൾ തന്നെ പിതാവിനെപ്പോലെ കാണണമെന്ന് പറഞ്ഞു. എന്നാൽ എന്താണ് ചെയ്യുന്നതെന്ന് ബ്രിജ്ഭൂഷണിന് പൂർണ ബോധ്യമുണ്ടായിരുന്നു. ഇര പ്രതികരിച്ചോ എന്നതല്ല വിഷയമെന്നും പ്രതി ചെയ്‌ത അന്യായമാണ് പരിഗണിക്കേണ്ടതെന്നും പൊലീസ് വ്യക്തമാക്കി. താജിക്കിസ്ഥാനിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനിടെ വനിതാ താരത്തിന്റെ ഷർട്ട് ഉയർത്തി സ്‌പർശിച്ചതും പരാമർശിച്ചു. ഗുസ്‌തി ഫെഡറേഷൻ ആസ്ഥാനത്ത് നടന്ന മറ്റൊരു സംഭവത്തിന്റെ അടിസ്ഥാനത്തിൽ കേസിന്റെ അധികാരപരിധി ഡൽഹിയാകണമെന്നും പൊലീസ് വാദിച്ചു. സർക്കാർ രൂപീകരിച്ച മേൽനോട്ട സമിതി ബ്രിജ്ഭൂഷണെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. സമിതിയുടെ ഇനിയും പരസ്യപ്പെടുത്താത്ത റിപ്പോർട്ടിന്റെ പകർപ്പ് ഡൽഹി പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതി ചെയ്തതെന്നും പൊലീസ് വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |