വെള്ളിത്തിളക്കത്തിൽ നിന്ന് പൊന്നിൻ പകിട്ടണിഞ്ഞ് ഇന്ത്യ. രണ്ടാം ദിനം രണ്ട് സ്വർണവുമായി ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ നിറചിരി.
പുരുഷന്മാരുടെ ഷൂട്ടിംഗ് 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ലോക റെക്കാഡോടെ ഐശ്വരി പ്രതാപ് സിംഗ് തോമർ, രുദ്രാക്ഷ് പാട്ടീൽ, ദിവ്യാംശ് സിംഗ് പൻവാർ എന്നിവർ ഈ ഗെയിംസിൽ രാജ്യത്തിന്റെ ആദ്യ സ്വർണം സ്വന്തമാക്കി. ആദ്യമായി ഗെയിംസിനെത്തിയ വനിതാ ക്രിക്കറ്റ് ടീം രണ്ടാമത്തെ സ്വർണവും കഴുത്തിലണിഞ്ഞു. പ്ലേയിംഗ് ഇലവനിൽ സ്ഥാനം ലഭിച്ചില്ലെങ്കിലും മലയാളിതാരം മിന്നു മണിക്കും മെഡൽപ്പട്ടികയിൽ ഇടം. ഫൈനലിൽ ശ്രീലങ്കയെ 19 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ പൊന്നണിഞ്ഞത്.
ഷൂട്ടിംഗിൽ ഇന്നലെ രണ്ട് വെങ്കലവും ഇന്ത്യക്ക് സ്വന്തം. വ്യക്തിഗത ഇനത്തിൽ ഐശ്വരി പ്രതാപ് സിംഗ്, 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ ടീമിനത്തിൽ ആദർശ് സിംഗ്, അനിഷ്, വിജയവീർ സിദ്ധു എന്നിവർക്കാണ് നേട്ടം. റോവിംഗിലും രണ്ട് വെങ്കലം. പുരുഷന്മാരുടെ ഫോർ ഇനത്തിൽ ജസ്‌വീന്ദർ സിംഗ്, ഭീം സിംഗ്, പുനിത് കുമാർ, ആശിഷ് എന്നിവരും ക്വാർഡ്രാപ്പിൾ സ്കൾസിൽ സത്നാം സിംഗ്, പർമീന്ദർ സിംഗ്, ജാഖർ ഖാൻ, സുഖ്മീത് സിംഗ് എന്നിവരും മെഡലിലേക്ക് പങ്കായമെറിഞ്ഞു.
രണ്ട് സ്വർണം, മൂന്ന് വെള്ളി, ആറു വെങ്കലമുൾപ്പടെ 11 മെഡലുകളുമായി ഇന്ത്യ ആറാം സ്ഥാനത്താണ്. 39 സ്വർണമുൾപ്പടെ 69 മെഡലുകളുമായി ആതിഥേയരായ ചൈനയാണ് ഒന്നാമത്.
മിന്നുമണി ഇനി പൊന്നുമണി
പേജ് -11
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |