കഴിമ്പ്രം വിജയൻ പുരസ്‌കാരം നിലമ്പൂർ ആയിഷക്ക് ടി.ജി. രവി സമ്മാനിക്കുന്നു.
തൃപ്രയാർ: സ്ത്രീകൾക്ക് നാടാകാഭിനയം വിലക്കിയിരുന്ന കാലത്ത് അടിയും വെടിയും കല്ലേറും നേരിട്ട് അരങ്ങിൽ ഉറച്ചു നിന്ന നിലമ്പൂർ ആയിഷ പെൺകരുത്തിന്റെ കേരളീയ മാതൃകയാണെന്ന് നടൻ ടി.ജി. രവി അഭിപ്രായപ്പെട്ടു. നാടകത്തിന്റെ സമഗ്ര മേഖലകളിലും സർഗാത്മകതയുടെ തിളക്കംകൊണ്ട് അനുഗ്രഹീതനായ കഴിമ്പ്രം വിജയന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രതിഭാ പുരസ്‌കാരം നിലമ്പൂർ ആയിഷക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. അവാർഡ് ജേതാവിനെ തിരഞ്ഞെടുത്ത ജൂറി കമ്മിറ്റിക്ക് വേണ്ടി അഡ്വ. വി.ഡി. പ്രേംപ്രസാദ് വിശദീകരണം നൽകി. 10,000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമായിരുന്നു പുരസ്‌കാരം. സമ്മേളനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. സാങ്കേതിക സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് ത്യാഗ പൂർണമായ പ്രവർത്തനത്തിലൂടെ ജനങ്ങളെ നാടകത്തിലേക്ക് ഉയർത്തിയ പ്രതിഭാധനനായ കലാകാരനായിരുന്നു കഴിമ്പ്രം വിജയനെന്ന് എം.പി പറഞ്ഞു. കഴിമ്പ്രം തിയേറ്റേഴ്‌സിന്റെ ആദ്യകാല പ്രവർത്തകനും ചലച്ചിത്ര നടനുമായ കൊടുങ്ങലൂർ കൃഷ്ണൻകുട്ടിക്ക് 5000 രൂപയും ഫലകവും അടങ്ങുന്ന സ്‌നേഹ സമ്മാനം നൽകി. ശിൽപ്പം നിർമ്മിച്ച ശിവരാമൻ ചെന്ത്രാപ്പിന്നിയെ പൊന്നാട അണിയിച്ചു. ആർ.ഐ. സക്കറിയ അദ്ധ്യക്ഷനായി. കെ.ആർ. കിഷോർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. ടി.ആർ. ഹാരി, പ്രിയനന്ദനൻ, ചാക്കോ ഡി. അന്തിക്കാട്, വി.സി. ദിലീപ്, മനോമോഹനൻ എന്നിവർ സംസാരിച്ചു. കവിതകളുടെയും ഗാനങ്ങളുടെയും ആലാപനമുണ്ടായി. തുടർന്ന് എപ്പിക് തിയ്യറ്റർ ഡ്രാമ അവതരിപ്പിച്ച പുഴയുടെ ചങ്ങാതി എന്ന ഏകപാത്ര നാടകം അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |