ആലുവ: വീട്ടിൽ ചാരായം വാറ്റിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ആലുവ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ ജോയ് ആന്റണിയെ സസ്പെൻഡ് ചെയ്തു. ഇയാളെ എറണാകുളം റൂറൽ എസ്.പി വിവേക് കുമാറാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
റൂറൽ പൊലീസ് നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടർന്നാണ് നടപടി. കഴിഞ്ഞദിവസം പറവൂർ എക്‌സൈസ് സംഘം യു.സി കോളേജിന് സമീപത്തെ ജോയ് ആന്റണിയുടെ വീടിനോട് ചേർന്ന ചാർത്തിൽ നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ വാറ്റും 35 ലിറ്റർ കോടയുമാണ് പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ജോയ് ആന്റണിയെ ഇതുവരെയും കണ്ടെത്തിയിട്ടില്ല.
അതേസമയം പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച് ജോലിക്ക് ഹാജരാകുന്നില്ല എന്ന് ഉറപ്പുവരുത്താൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും എഡിജിപി കർശന നിർദേശം നൽകിയിരുന്നു. തങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥർ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ അതിന്റെ ഉത്തരവാദിത്വം എസ്എച്ച്ഒ അടക്കമുള്ള മേലധികാരികൾക്കായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. പെരുമാറ്റ ദൂഷ്യമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി കൗൺസിലിംഗും മറ്റും നൽകേണ്ടതിന്റെ ഉത്തരവാദിത്വം ജില്ലാ പൊലീസ് മേധാവിമാർക്കും ബന്ധപ്പെട്ട യൂണിറ്റ് മേധാവിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർക്കുമാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |