കോഴിക്കോട് : പി.എം.എ.വൈ - ലൈഫ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷനിൽ വീട് നിർമാണത്തിന് അംഗീകാരം ലഭിച്ച 4823 വീടുകളിൽ പൂർത്തിയാക്കിയത് 2479 എണ്ണം. വീടുകൾ കാലാവധിയ്ക്കുള്ളിൽ പൂർത്തിയാവാത്ത സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി കോർപ്പറേഷൻ വാർഡ് തലത്തിൽ ഗുണഭോക്താക്കളുടെ യോഗം വിളിയ്ക്കും. പി.എം.എ.വൈ പദ്ധതിയുടെ കാലാവധി 2024 ഡിസംബർ 31ന് അവസാനിക്കുന്നതിന് മുമ്പ് മുഴുവൻ വീടുകളും പൂർത്തിയാക്കാനാണ് ശ്രമം. 4823 വീടുകൾക്ക് അനുമതി ലഭിച്ചെങ്കിലും കരാറിൽ ഏർപ്പെട്ടത് 4328 പേരാണ്. 4297 പേർ ആദ്യ ഗഡു വാങ്ങിയെങ്കിലും 3322 പേർ മാത്രമാണ് മൂന്നാം ഗഡു വാങ്ങിയത്. 56 ശതമാനം വീടുകളാണ് നിർമാണം പൂർത്തിയാക്കാൻ സാധിച്ചത്.
വാർഡ് തലത്തിൽ യോഗങ്ങൾ വിളിക്കുന്നതിനൊപ്പം ക്ലസ്റ്ററായും യോഗം ചേരും. സാമ്പത്തിക പ്രയാസത്താൽ നിർമാണം നിലച്ചത് ശ്രദ്ധയിൽ പെട്ടാൽ പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചോ സ്പോൺസർഷിപ്പ് വഴിയോ പ്രവൃത്തി പൂർത്തിയാക്കാനാണ് കോർപ്പറേഷന്റെ ലക്ഷ്യം. ഇക്കാര്യത്തിൽ വാർഡ് തല വികസന സമിതിയുടെ ഇടപെടൽ കാര്യക്ഷമമാക്കും.
നിലവിൽ ആറായിരത്തോളം അപേക്ഷകളാണ് കോർപ്പറേഷനിൽ കെട്ടിക്കിടക്കുന്നതെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. 2021 മാർച്ച് 31ന് മുമ്പ് വിവിധ സ്റ്റേജുകളിൽ ഗഡുക്കൾ കൈപ്പറ്റി ഒന്നരവർഷം കഴിഞ്ഞിട്ടും 582 ഗുണഭോക്താക്കൾ തുടർ ഗഡുക്കൾ കൈപറ്റിയിട്ടില്ല. അംഗീകാരം ലഭിച്ചിട്ടും കരാറിൽ ഏർപ്പെടാത്ത ഒമ്പത്, 10, 11 ഡി.പി.ആറുകളിലായി 445 ഗുണഭോക്താക്കളുണ്ട്. മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥലമുള്ള 150ഓളം അപേക്ഷകൾ കോർപ്പറേഷനിൽ ഉണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
മുഴുവൻ ഗുണഭോക്താക്കൾക്കും വീടുകൾ നിർമിക്കാനാവുന്ന സാഹചര്യം ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് ഇന്നലെ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.സി. രാജൻ പറഞ്ഞു. ഗുണഭോക്താക്കളുടെ പട്ടിക കൗൺസിലർമാർക്ക് നൽകിയിട്ടുണ്ട്. സഹായിക്കാൻ ആളില്ലാത്തതാണ് പ്രവൃത്തികൾ പലയിടത്തും നിലയ്ക്കാൻ കാരണം. ഇത് പരിഹരിക്കണം. ഒരു ഗഡു വാങ്ങിച്ച ശേഷം തുടർന്ന് പണം ലഭിക്കാത്ത സാഹചര്യം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയുള്ള ഗുണഭോക്താക്കളുടെ കാര്യത്തിൽ പ്രത്യേക ഇടപെടൽ വേണമെന്ന് കെ.സി. ശോഭിത ആവശ്യപ്പെട്ടു. ഭൂരഹിതരുടെ കാര്യത്തിലുള്ള പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് കവിത അരുണും ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് കാരണം പദ്ധതി നഷ്ടമായ സാഹചര്യമുണ്ടെന്ന് സരിത പറയേരിയും പറഞ്ഞു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |